Modi Govt | പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം 3 കോടി പുതിയ വീടുകൾ; മൂന്നാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ ആദ്യ തീരുമാനം
തിങ്കളാഴ്ച രാവിലെ ചുമതലയേറ്റടയുടൻ കിസാൻ സമ്മാൻ നിധിയുടെ പതിനേഴാം ഗഡു അനുവദിച്ചു കൊണ്ടുള്ള ഫയലിലാണ് മോദി ആദ്യമായി ഒപ്പുവെച്ചത്
ന്യൂഡെൽഹി: (KasargodVartha) സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസം പിന്നിടുമ്പോൾ തന്നെ ജനപ്രിയ തീരുമാനങ്ങളുമായി മൂന്നാം മോദി സർക്കാർ. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ മൂന്ന് കോടി വീടുകൾ നിർമ്മിക്കുന്നതിന് ആദ്യ മന്ത്രിസഭാ യോഗത്തിൽ അംഗീകാരം നൽകി. തിങ്കളാഴ്ച നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ പല സുപ്രധാന വിഷയങ്ങളും ചർച്ച ചെയ്തു.
പ്രധാനമന്ത്രി ആവാസ് യോജന 2015 ജൂൺ 25 നാണ് ആരംഭിച്ചത്. യോഗ്യരായ ഗ്രാമീണ, നഗര കുടുംബങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളുള്ള വീടുകൾ നിർമ്മിക്കുന്നതിന് സഹായം നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ അർഹരായ പാവപ്പെട്ട കുടുംബങ്ങൾക്കായി മൊത്തം 4.21 കോടി വീടുകൾ പൂർത്തിയാക്കിയിട്ടുണ്ട്.
തൻ്റെ മൂന്നാം ടേമിൻ്റെ തുടക്കത്തിൽ രാജ്യത്തെ ഭക്ഷണ ദാതാക്കളായ കർഷകർക്ക് വലിയ സമ്മാനമാണ് പ്രധാനമന്ത്രി മോദി നൽകിയത്. തിങ്കളാഴ്ച രാവിലെ ചുമതലയേറ്റടയുടൻ കിസാൻ സമ്മാൻ നിധിയുടെ പതിനേഴാം ഗഡു അനുവദിച്ചു കൊണ്ടുള്ള ഫയലിലാണ് മോദി ആദ്യമായി ഒപ്പുവെച്ചത്. ഈ ഗഡു പ്രകാരം കർഷകർക്കായി കേന്ദ്രസർക്കാർ 20,000 കോടി രൂപ അനുവദിച്ചു.
71 മന്ത്രിമാർക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പ്രധാനമന്ത്രി ഉൾപ്പെടെ 72 മന്ത്രിമാരിൽ 30 പേർ ക്യാബിനറ്റ് മന്ത്രിമാരും അഞ്ച് സ്വതന്ത്ര ചുമതലയുള്ളവരും 36 സഹമന്ത്രിമാരുമാണ്.