Controversy | ഞെട്ടിക്കുന്ന ക്രൂരത! ക്ലാസ് റൂമിൽ മുസ്ലിം വിദ്യാർഥിയെ ഹിന്ദു സഹപാഠികളെ കൊണ്ട് തല്ലിപ്പിച്ച് അധ്യാപിക; വീഡിയോ വൈറൽ; രൂക്ഷ പ്രതികരണം; കുട്ടികളുടെ മനസ് പോലും വിവേചനം കൊണ്ട് വിഷലിപ്തമാക്കുന്നുവെന്ന് രാഹുൽ ഗാന്ധി
Aug 26, 2023, 11:22 IST
ലക്നൗ: (www.kasaragodvartha.com) ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ഒരു സ്കൂളിലെ ക്ലാസ് റൂമിൽവച്ച് മുസ്ലിം വിദ്യാർഥിയെ ഹിന്ദു സഹപാഠികളെക്കൊണ്ട് തല്ലാൻ അധ്യാപിക ശ്രമിക്കുന്നതും ചില കുട്ടികൾ ഇരയായ കുട്ടിയെ മുഖത്ത് അടിക്കുന്നതുമായ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. മൻസൂർപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഖുബ്ബപൂർ ഗ്രാമത്തിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അധ്യാപിക ത്രിപ്ത ത്യാഗിക്കും അവരുടെ ഉടമസ്ഥതയിലുള്ള നേഹ പബ്ലിക് സ്‌കൂളിനും എതിരെ നടപടിയെടുക്കുന്നതിനായി പൊലീസും വിദ്യാഭ്യാസ അധികാരികളും അന്വേഷണം നടത്തുകയാണ്. സ്‌കൂളിൽ ഒരു വിദ്യാർത്ഥി ഗുണന പട്ടിക മനഃപാഠമാക്കാത്തതിന് ക്ലാസിലെ മറ്റ് വിദ്യാർഥികളെ കൊണ്ട് മർദിച്ച സംഭവമാണ് പുറത്തുവന്നതെന്ന് പൊലീസ് സൂപ്രണ്ട് സത്യനാരായണ പ്രജാപത് പറഞ്ഞു. ഇതോടൊപ്പം അധ്യാപിക നടത്തിയ ആക്ഷേപകരമായ പരാമർശങ്ങളും അന്വേഷിക്കുകയാണ്.
കുട്ടി വേദനകൊണ്ടും അപമാനം കൊണ്ടും കരയുന്നതും വീഡിയോയിൽ വ്യക്തമാണ്. കൂടുതൽ ശക്‌തമായി അടിക്കാൻ സഹപാഠികളോട് അധ്യാപിക നിർദേശിക്കുന്നുമുണ്ട്. നിങ്ങൾ എന്തിനാണ് അവനെ ഇത്ര നിസാരമായി അടിക്കുന്നത്? അവനെ ശക്തമായി അടിക്കുക എന്ന് അധ്യാപിക പറയുന്നതും വീഡിയോയിൽ കാണാം. ‘അവന്റെ അരക്കെട്ടിൽ അടിക്കാൻ തുടങ്ങൂ... അവന്റെ മുഖം ചുവന്നു തുടുത്തു‘, കുട്ടി കരയുമ്പോൾ, ത്യാഗി പറയുന്നു.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. നിരപരാധികളായ കുട്ടികളുടെ മനസിൽ വിവേചനം വിഷലിപ്തമാക്കുകയും സ്‌കൂൾ പോലുള്ള വിശുദ്ധ സ്ഥലത്തെ വിദ്വേഷത്തിന്റെ വിപണിയാക്കുകയും ചെയ്യുന്നു. കുട്ടികളാണ് ഇന്ത്യയുടെ ഭാവി. അവർക്ക് വെറുപ്പില്ല, നമ്മൾ എല്ലാവരും ചേർന്ന് സ്നേഹം പഠിപ്പിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
വിദ്വേഷമാണ് പുരോഗതിയുടെ ഏറ്റവും വലിയ ശത്രുവെന്ന് പ്രിയങ്കാ ഗാന്ധിയും പ്രതികരിച്ചു. ‘ഈ വിദ്വേഷത്തിനെതിരെ നമ്മൾ ഒന്നിച്ച് സംസാരിക്കണം - നമ്മുടെ രാജ്യത്തിന്, പുരോഗതിക്ക്, വരും തലമുറകൾക്കായി’, അവർ കൂട്ടിച്ചേർത്തു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും അന്വേഷിക്കുന്നതായും ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ അധ്യക്ഷ പ്രിയങ്ക കനുങ്കോ പറഞ്ഞു.
Keywords: News, National, Lucknow, Rahul Gandhi, Muzaffarnagar, UP, Muzaffarnagar assault: Rahul Gandhi reacts.