Mulayam Singh Yadav | വിടവാങ്ങുന്നത് തൊണ്ണൂറുകള്‍ക്ക് മുന്‍പ് ഇന്‍ഡ്യന്‍ രാഷ്ട്രീയ ചക്രം തിരിച്ച നേതാവ്; 'വര്‍ഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് മുലായം സിങ് യാദവ് എന്നും ഉയര്‍ത്തിപ്പിടിച്ചത്'; അനുശോചനവുമായി മുഖ്യമന്ത്രി
ലക്നൗ: (www.kasargodvartha.com) ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ടിയുടെ (എസ്പി) സ്ഥാപകനുമായ മുലായം സിങ് യാദവ് (82) അന്തരിച്ചു. തൊണ്ണൂറുകള്‍ക്ക് മുന്‍പ് ഇന്‍ഡ്യന്‍ രാഷ്ട്രീയ ചക്രം തിരിച്ച നേതാവാണ് വിടവാങ്ങുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹരിയാനയിലെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ശ്വാസതടസത്തെ തുടര്‍ന്ന് മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുലായം സിംഗ് യാദവിനെ പിന്നീട് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. 1939 നവംബര്‍ 22 ന് ജനിച്ച യാദവ് ഉത്തര്‍പ്രദേശിലെ ഏറ്റവും പ്രമുഖ നേതാക്കളിലൊരാളാണ്. 10 തവണ എംഎല്‍എയായും ഏഴ് തവണ ലോക്സഭാ എംപിയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
രാജ്യത്തിന്റെ പ്രതിരോധ മന്ത്രി സ്ഥാനം വഹിച്ച മുലായം സിംഗ് മൂന്ന് തവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്നു. 1989ല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയാണ് മുലായം സിങ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരത്തിലേറിയത്. അതിന് ശേഷം കോണ്‍ഗ്രസിന് യുപില്‍ അധികാരത്തിലെത്താനായില്ല. മുലായം വിടവാങ്ങിയതോടെ ഇന്‍ഡ്യയിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയ ധാരയുടെ നിലവിലെ മുഖ്യകണ്ണിയെയാണ് നഷ്ടമായത്.
മുലയം സിംഗ് യാദവിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. വര്‍ഗ്ഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് അദ്ദേഹം എന്നും ഉയര്‍ത്തിപ്പിടിച്ചത്. ദേശീയ തലത്തില്‍ ഇടതുപക്ഷ-മതനിരപേക്ഷ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മ രൂപീകരിക്കുന്നതില്‍ അദ്ദേഹം നേതൃത്വപരമായ പങ്ക് വഹിച്ചു.
മൂന്നര പതിറ്റാണ്ട് യു പി നിയമസഭാംഗമായും മൂന്നു തവണ ലോക്‌സഭാംഗമായും തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹത്തിന്റെ ശക്തമായ ജനകീയാടിത്തറയുടെ തെളിവാണ്. മൂന്നു തവണ യു പി മുഖ്യമന്ത്രിയായും യു പി എ മന്ത്രിസഭയില്‍ കേന്ദ്ര പ്രതിരോധ മന്ത്രിയായും പ്രവര്‍ത്തിച്ചു. എന്നും ജനങ്ങളോടും ഇടതുപക്ഷമുള്‍പ്പെടുന്ന വിശാല മതനിരപേക്ഷപ്രസ്ഥാനങ്ങളോടും ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിച്ചു.
ദേശീയതലത്തില്‍ ഇടതുപക്ഷ-മതനിരപേക്ഷപ്രസ്ഥാനങ്ങളുടെ ഐക്യം വീണ്ടും ശക്തമാകുന്ന ഈ ഘട്ടത്തിലെ അദ്ദേഹത്തിന്റെ വിയോഗം മതനിരപേക്ഷ ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിന് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Keywords: News, National, Uttar Pradesh, Obituary, Death, Politics, Treatment, Mulayam Singh Yadav, Samajwadi Party founder, passes away.