നടി മൗനി റോയി വിവാഹിതയായി; വരന്‍ മലയാളിയായ സൂരജ് നമ്പ്യാര്‍
പനാജി: (www.kasargodvartha.com 27.01.2022) സിനിമ-സീരിയല്‍ താരം മൗനി റോയി വിവാഹിതയായി. മലയാളിയായ സൂരജ് നമ്പ്യാരാണ് വരന്‍. ഗോവയിലെ പഞ്ചനക്ഷത്ര ഹോടെലായിരുന്നു വിവാഹവേദി. പരമ്പരാഗത കേരളശൈലിയുള്ള വിവാഹ ചടങ്ങുകളാണ് ആദ്യം നടന്നത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് മൗനിയും സൂരജും വിവാഹിതരാകുന്നത്.
ദുബൈയില്‍ താമസമാക്കിയ സൂരജ് ഇന്‍വെസ്റ്റ്മെന്റ് ബാങ്കര്‍ ആണ്. 2019 മുതല്‍ ഇരുവരും പ്രണയത്തിലാണെന്നാണ് റിപോര്‍ടുകള്‍. മോഡെലായി കരിയര്‍ തുടങ്ങിയ മൗനി നാഗകന്യക എന്ന സീരിയലിലൂടെയാണ് ടെലിവിഷന്‍ രംഗത്ത് താരമായത്. 'ദേവോം കാ ദേവ് മഹാദേവ്' എന്ന സീരിയില്‍ സതിയുടെ വേഷത്തിലും ശ്രദ്ധിക്കപ്പെട്ടു.
അക്ഷയ് കുമാര്‍ നായകനായ ഗോള്‍ഡ് സിനിമയിലൂടെ മൗനി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. ഇത് കൂടാതെ മെയ്ഡ് ഇന്‍ ചൈന, റോമിയോ അക്ബര്‍ വാള്‍ടര്‍ എന്നീ സിനിമകളിലും അഭിനയിച്ചു.