Deepika Padukone | ഗര്‍ഭം ഉള്ളത് തന്നെ, കെട്ടിവച്ചതല്ല; നെഗറ്റീവ് കമന്റുകള്‍ക്ക് പിന്നാലെ നിറവയറുമായുള്ള ഫോടോ ഷൂടുമായി ബോളിവുഡ് താരം ദീപിക പദുക്കോണ്‍
*സ്വന്തം ബ്യൂടി ബ്രാന്‍ഡായ 82ഇ-യുടെ പ്രൊമോഷന്റെ ഭാഗമായുള്ളതാണ് ഫോടോ ഷൂട്
* മഞ്ഞ നിറത്തിലുള്ള എ-ലൈന്‍ ഔട് ഫിറ്റില്‍ അതിസുന്ദരിയായാണ് പ്രത്യക്ഷപ്പെട്ടത്
മുംബൈ: (KasargodVartha) അടുത്തിടെയാണ് ബോളിവുഡ് താരം ദീപിക പദുക്കോണ്‍ അമ്മയാകാനൊരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. വിവാഹം കഴിഞ്ഞ് അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദീപിക - രണ്‍വീര്‍ സിങ്ങ് താരദമ്പതികള്‍ക്ക് കുഞ്ഞുപിറക്കാന്‍ പോകുന്നത്. സെപ്റ്റംബറില്‍ കുഞ്ഞ് പിറക്കുമെന്നാണ് ഇരുവരും ആരാധകരെ അറിയിച്ചിരിക്കുന്നത്. ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ഇരുവരും ഇപ്പോള്‍. അതിനിടെ നിറവയറുമായുള്ള ദീപിക പദുക്കോണിന്റെ ഫോടോ ഷൂട് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കയാണ്.
മഞ്ഞ നിറത്തിലുള്ള എ-ലൈന്‍ ഔട് ഫിറ്റില്‍ അതിസുന്ദരിയായാണ് ദീപിക പ്രത്യക്ഷപ്പെട്ടത്. സ്ലീവ് ലെസായ ഈ ഔട് ഫിറ്റില്‍ പോകറ്റുകളും പിടിപ്പിച്ചിട്ടുണ്ട്. ഗര്‍ഭകാലത്തിന്റെ എല്ലാ തിളക്കവും താരത്തിന്റെ മുഖത്ത് പ്രകടമാണ്. ലൂസ് ബണ്‍ ഹെയര്‍സ്‌റ്റൈലും മുത്തുകള്‍ കൊണ്ടുള്ള കമ്മലും കൂടുതല്‍ സ്‌റ്റൈലിഷ് ലുക് നല്‍കി. സ്വന്തം ബ്യൂടി ബ്രാന്‍ഡായ 82ഇ-യുടെ പ്രൊമോഷന്റെ ഭാഗമായുള്ള ഈ ഫോടോഷൂട് ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
ബോളിവുഡ് നടിമാരില്‍ ഏറ്റവും താരമൂല്യമുള്ള നടിമാരില്‍ ഒരാളായ ദീപിക കാന്‍ ചലച്ചിത്രോത്സവത്തില്‍ ജൂറി അംഗമായും ഖത്വര്‍ ലോകകപ്പിന്റെ സമാപന ചടങ്ങില്‍ ട്രോഫി അവതരിപ്പിച്ചും 95-ാം ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ അവതാരകയായുമൊക്കെ തിളങ്ങിയിട്ടുണ്ട്.
അടുത്തിടെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട് ചെയ്യാനെത്തിയപ്പോള്‍ എടുത്ത ദീപികയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വെള്ള നിറത്തിലുള്ള ലൂസ് ഷര്‍ട് ധരിച്ചാണ് ദീപിക പോളിങ് ബൂതിലെത്തിയത്.
ഈ ചിത്രങ്ങള്‍ക്ക് പിന്നാലെ ഏറെ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ദീപിക യഥാര്‍ഥത്തില്‍ ഗര്‍ഭിണിയാണോയെന്നും വയര്‍ കെട്ടിവെച്ച് വന്നതാണോയെന്നുമുള്ള കമന്റുകള്‍ ചിത്രങ്ങള്‍ക്ക് താഴെ നിറഞ്ഞു. വാടക ഗര്‍ഭപാത്രം വഴിയായിരിക്കാം നടി അമ്മയാകുന്നതെന്നും ഇക്കാര്യം മറച്ചുവെയ്ക്കാന്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞ് കബളിപ്പിക്കുകയാണെന്നും വരെ ആളുകള്‍ പ്രതികരിച്ചിരുന്നു. വിമര്‍ശനങ്ങള്‍ കടുത്തതോടെ ദീപികയെ പിന്തുണച്ച് ബോളിവുഡ് താരം ആലിയ ഭട്ട് ഉള്‍പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.
ഇപ്പോള്‍ ആ വിമര്‍ശനങ്ങള്‍ക്കൊക്കെയുള്ള മറുപടിയാണ് പുതിയ ഫോടോഷൂട് ചിത്രങ്ങളിലൂടെ ദീപിക നല്‍കിയിരിക്കുന്നത്.