ലക്‌നൗ വ്യോമ സേനാ താവളത്തിന് സമീപത്തുനിന്ന് യുദ്ധ വിമാനത്തിന്റെ ടയര്‍ മോഷണം പോയതായി പരാതി
ലക്‌നൗ: (www.kasargodvartha.com 03.12.2021) വ്യോമ സേനാ താവളത്തിന് സമീപത്തുനിന്ന് യുദ്ധ വിമാനമായ മിറാജിന്റെ ടയര്‍ മോഷണം പോയതായി പരാതി. ലക്‌നൗവിലെ ബക്ഷി കാ തലാബ് വ്യോമ സേനാ താവളത്തില്‍ നിന്ന് ജോധ്പൂരിലെ വ്യോമ സേനാ താവളത്തിലേക്ക് കൊണ്ടുപോവുകയായിരുന്ന ടയറാണ് മോഷണം പോയത്.
നവംബര്‍ 27 ന് രാത്രി ഷഹീദ് പഥിന് സമീപത്തുവച്ചായിരുന്നു സംഭവം നടന്നത്. സൈന്യത്തിന്റെ സാധനങ്ങള്‍ കൊണ്ടുപോവുകയായിരുന്ന കണ്‍സൈന്‍മെന്റിലാണ് മോഷണം നടന്നതെന്നാണ് പരാതി.
സൈനിക ആവശ്യങ്ങള്‍ക്കുള്ള വസ്തുക്കള്‍ ട്രെകില്‍ കൊണ്ടുപോവുകയായിരുന്നുവെന്ന് ട്രെക് ഡ്രൈവര്‍ ഹേം സിംഗ് റാവത് പറയുന്നു. ബക്ഷി കാ തലാബില്‍ നിന്നുള്ളതായിരുന്നു ട്രെകെന്നും ഇയാള്‍ പൊലീസിനോട് വ്യക്തമാക്കി.
ഷഹീദ് പഥിന് സമീപത്തുവച്ച് ഗതാഗതക്കുരുക്ക് ഉണ്ടായ സമയത്ത് സ്‌കോര്‍പിയോ വാഹനത്തിലെത്തിയ ഏതാനും പേര്‍ ട്രെകില്‍ കയറി മോഷണം നടത്തിയെന്നാണ് ഡ്രൈവറുടെ മൊഴി. ടയറുകള്‍ കെട്ടിവച്ചിരുന്ന കെട്ട് അറുത്തായിരുന്നു മോഷണമെന്നും വിവരം അറിഞ്ഞ് വന്നപ്പോഴേക്കും കള്ളന്മാര്‍ കടന്നുകളഞ്ഞിരുന്നുവെന്നും ഇതോടെയാണ് പൊലീസ് സഹായം തേടിയതെന്ന് ട്രെക് ഡ്രൈവര്‍ പറഞ്ഞു.
രാത്രി 12.30 മുതല്‍ 1 മണി വരെ ഗതാഗതക്കുരുക്കിലായിരുന്നുവെന്നാണ് ട്രെക് ഡ്രൈവറുടെ മൊഴി. ഈ സമയത്ത് വളരെ പതുക്കെയാണ് വാഹനങ്ങള്‍ മുന്നോട്ട് പോയിരുന്നത്. സംഭവത്തില്‍ എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികളെ ഉടനെ പിടികൂടുമെന്ന് ഡിസിപി അമിത് കുമാര്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. മിറാജ് 2000 യുദ്ധ വിമാനത്തിന്റെ അഞ്ച് ടയറുകളാണ് ട്രെക് മാര്‍ഗം ജോധ്പൂരിലേക്ക് അയച്ചത്. ഇതില്‍ ഒരുടയറാണ് മോഷണം പോയത്.
Keywords: News, National, India, Top-Headlines, Theft, Police, Complaint, Vehicle, Mirage fighter jet's tyre stolen from a moving truck in Uttar Pradesh