Minister | കാണാതായ മലയാളിയെ കണ്ടെത്താന്‍ മത്സ്യത്തൊഴിലാളികളുടെ 8 അംഗ സംഘം തിരച്ചിലുമായി ഗംഗാവലി പുഴയില്‍; നേതൃത്വം നല്‍കുന്നത് 'ഈശ്വര്‍ മാല്‍പെ'; അപകട സ്ഥലത്തേക്ക് അര്‍ജുന്റെ കുടുംബവും എത്തും
ഷിരൂര്‍: (KasargodVartha) കര്‍ണാടകയില്‍ (Karnataka) മണ്ണിടിച്ചിലില്‍പെട്ട് (Landslides) കാണാതായ (Missing) കോഴിക്കോട് സ്വദേശി അര്‍ജുനെ (Arjun) കണ്ടെത്താന്‍ മത്സ്യത്തൊഴിലാളികളുടെ (Fishermen) എട്ടംഗ സംഘം ഗംഗാവലി പുഴയില്‍ തിരച്ചില്‍ നടത്തുന്നു. 'ഈശ്വര്‍ മാല്‍പെ' (Ishwar Malpe) ആണ് ദൗത്യം ഏറ്റെടുത്തത്.
സമാന സാഹചര്യങ്ങളില്‍ നേരത്തെയും പ്രവര്‍ത്തിച്ചിട്ടുള്ള സംഘമാണിത്. അടിയൊഴുക്കുള്ള പുഴയില്‍ ഇറങ്ങി പരിചയമുള്ളവരാണ് സംഘത്തിലുള്ളവര്‍. നിരവധി പേരെ ഇവര്‍ രക്ഷപ്പെടുത്തിയിട്ടുമുണ്ട്, നിരവധി മൃതദേഹങ്ങള്‍ പുഴയില്‍നിന്ന് എടുത്തിട്ടുമുണ്ട്.
ഉഡുപ്പി ജില്ലയിലാണ് മാല്‍പെ. എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി അര്‍ജുനായി തിരച്ചില്‍ നടത്തുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. പൊന്റൂണ്‍ ബ്രിഡ്ജുകള്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍, ചില സാങ്കേതിക തടസ്സങ്ങളുണ്ടായി. തുടര്‍ന്ന് കലക്ടര്‍ രാജസ്താനിലെ സംഘവുമായി ബന്ധപ്പെടുകയും സഹായം തേടുകയും ചെയ്തു. രാത്രിയോടെ സാങ്കേതിക സംഘവും തിരിച്ചിലിനായി ഷിരൂരില്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
പ്രതികൂല കാലാവസ്ഥയില്‍ തിരച്ചില്‍ നടത്താന്‍ രാജ്യത്തെ ഏതെങ്കിലും സ്ഥലത്തെ നേവല്‍ സംഘത്തിന് കഴിയുമെങ്കില്‍ അവരെയും കൊണ്ടുവരണം. യോഗ തീരുമാനങ്ങള്‍ നടപ്പിലാകണം. അക്കാര്യം ശനിയാഴ്ചത്തെ ഉന്നതതല യോഗത്തില്‍ അറിയിച്ചതായും മന്ത്രി വ്യക്തമാക്കി. ശനിയാഴ്ച ചേര്‍ന്ന അവലോകന യോഗത്തിനുശേഷം ഷിരൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അര്‍ജുനെ കണ്ടെത്താന്‍ സാധ്യമാകുന്ന എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തണമെന്ന് കര്‍ണാടക സര്‍കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. സംയുക്ത യോഗത്തിലെടുത്ത തീരുമാനങ്ങളില്‍നിന്ന് പിന്നോട്ടുപോകുന്ന സ്ഥിതി ഉണ്ടാകരുതെന്ന നിലപാട് കേരളം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നദിയിലെ അടിയൊഴുക്ക് കഴിഞ്ഞദിവസം 5.5 നോട്‌സ് (മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗം) ആയിരുന്നു. രണ്ടു മുതല്‍ മൂന്ന് നോട്‌സ് വരെ ഒഴുക്കില്‍ പുഴയിലിറങ്ങി പരിശോധിക്കാന്‍ നാവിക സേന സംഘം സന്നദ്ധരാണ്. 3.5 നോട്‌സ് (മണിക്കൂറില്‍ 6.4 കിലോമീറ്റര്‍ വേഗം) ആണെങ്കിലും പരിശോധനയ്ക്ക് തയാറായേക്കും. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ പുഴയിലിറങ്ങുന്നത് അപകടമാണ്. ജില്ലാ ഭരണകൂടം പുഴ പരിചയമുള്ള പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ സഹായം തേടിയത് ഈ സാഹചര്യത്തിലാണ്.
അര്‍ജുന്റെ കുടുംബത്തിന് ഷിരൂരിലേക്ക് എത്താനുള്ള നടപടി സ്വീകരിച്ചെന്നും മുഹമ്മദ് റിയാസ് അറിയിച്ചു. കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പാസ് അനുവദിക്കാന്‍ ജില്ലാ കലക്ടറുമായി നടത്തിയ ചര്‍ചയില്‍ തീരുമാനമായെന്നും കുടുംബത്തിന്റെ മാനസികാവസ്ഥ പരിഗണിച്ചാണ് തീരുമാനമെന്നും മന്ത്രി വ്യക്കമാക്കി. മന്ത്രി എകെ ശശീന്ദ്രനും ഷിരൂരിലെത്തിയിട്ടുണ്ട്.