'വിനോദയാത്രയ്ക്കിടെ ബന്ധുക്കള്‍ക്കൊപ്പം നൃത്തം ചെയ്തതിന് യുവതിയെ കുത്തിക്കൊന്നു'; ഭര്‍ത്താവ് അറസ്റ്റില്‍
ബെംഗ്ളൂറു: (www.kasargodvartha.com 26.09.2021) വിനോദയാത്രയ്ക്കിടെ ബന്ധുക്കള്‍ക്കൊപ്പം നൃത്തം ചെയ്തതിന് യുവതിയെ കുത്തിക്കൊന്നെന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഭാര്യ രൂപ ജി എച്(32)നെ മൃഗീയമായി കുത്തിക്കൊന്ന കേസിലാണ് കന്തരാജു(40)വിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ബെംഗ്ളൂറിലെ അന്നപൂര്‍ണേശ്വരി നഗറില്‍ ബുധനാഴ്ച്ച വൈകുന്നേരമായിരുന്നു പരിസരവാസികളെ നടുക്കിയ സംഭവം.
സംഭവത്തില്‍ രൂപയുടെ സഹോദരിയായ ലത എച് ജി അന്നപൂര്‍ണേശ്വരിനഗര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കന്തരാജുവിനെ അറസ്റ്റ് ചെയ്തത്. രൂപയുടെ മൃതദേഹം കണ്ടെടുക്കുമ്പോള്‍ കഴുത്തില്‍ ആഴത്തിലുള്ള നിരവധി മുറിവുകളുണ്ടായിരുന്നുവെന്ന് സഹോദരി പൊലീസിനോട് പറഞ്ഞു.
ദമ്പതികള്‍ താമസിക്കുന്ന അന്നപൂര്‍ണേശ്വരിനഗറിലെ വീട്ടിലാണ് രക്തത്തില്‍ കുളിച്ച നിലയില്‍ രൂപയുടെ മൃതദേഹം കണ്ടെത്തിയത്. അറസ്റ്റിലായ ഭര്‍ത്താവ് കന്തരാജുവില്‍ നിന്നും സ്‌ക്രൂഡ്രൈവര്‍, കത്തി, രണ്ട് മൊബൈല്‍ ഫോണ്‍, ബൈക് എന്നിവയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംശയത്തെ തുടര്‍ന്നാണ് കന്തരാജു ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Keywords: News, National, Top-Headlines, husband, Killed, Crime, wife, Woman, complaint, Police, Man killed woman for dancing with relatives on family outing, arrested