city-gold-ad-for-blogger
Aster MIMS 10/10/2023

കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തം; മരിച്ചവരില്‍ മലയാളി സൈനികനും; നടുക്കം മാറാതെ തൃശൂരിലെ പൊന്നൂക്കര

ചെന്നൈ: (www.kasargodvartha.com 09.12.2021) സംയുക്ത സേനാ മേധാവി ബിപിന്‍ റാവത് ഉള്‍പെടെ 13 പേരുടെ മരണത്തിന് കാരണമാക്കിയ കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും ഉള്‍പെടുന്നു. അസി. വാറന്റ് ഓഫീസെര്‍ എ പ്രദീപ് ആണ് മരിച്ചത്. അറക്കല്‍ രാധാകൃഷ്ണന്റെ മകനായ പ്രദീപ് തൃശൂര്‍ പൊന്നൂക്കര സ്വദേശിയാണ്. 

ജനറല്‍ ബിപിന്‍ റാവത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്റെ ഫ്‌ലൈറ്റ് ഗണെര്‍ ആയിരുന്നു വാറന്റ് ഓഫീസെര്‍ പ്രദീപ്. 2004 ല്‍ വ്യോമസേനയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം പിന്നീട് എയര്‍ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും ഇന്‍ഡ്യയിലുടനീളം സേവനം അനുഷ്ഠിക്കുകയും ചെയ്തു. 

2018 ലെ കേരളത്തിലെ പ്രളയ സമയത്ത് കോയമ്പത്തൂര്‍ വ്യോമസേന താവളത്തില്‍ നിന്നും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ട ഹെലികോപ്റ്റര്‍ സംഘത്തില്‍ എയര്‍ ക്രൂ ആയി സ്വമേധയാ ഡ്യൂടി ഏറ്റെടുത്ത് സുത്യര്‍ഹമായ സേവനമാണ് ഇദ്ദേഹം കാഴ്ചവച്ചത്. ഒട്ടേറെ ജീവനുകള്‍ രക്ഷപെടുത്തുവാന്‍ സാധിച്ച, പ്രദീപ് ഉള്‍പെട്ട ആ ദൗത്യ സംഘത്തിന് ഇന്‍ഡ്യന്‍ പ്രസിഡന്റിന്റെയും സംസ്ഥാന സര്‍കാരിന്റെയും പ്രത്യേക  പ്രശംസ നേടാനായിരുന്നു. 

ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകള്‍ക്കെതിരായ ഓപറേഷന്‍സ്, ഉത്തരാഖണ്ഡിലും കേരളത്തിലെയും പ്രളയ സമയത്തെ റെസ്‌ക്യൂ മിഷനുകള്‍ തുടങ്ങിയ അനേകം മിഷനുകളില്‍ പങ്കെടുത്തിട്ടുണ്ട്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മകന്റെ ജന്മദിനവും പിതാവിന്റെ ചികിത്സ ആവശ്യങ്ങള്‍ക്കുമായി പ്രദീപ് നാട്ടില്‍ എത്തിയിരുന്നു. തിരിച്ചെത്തി ജോലിയില്‍ പ്രവേശിച്ചതിന്റെ നാലാം ദിവസമാണ് ഈ അപകടം സംഭവിക്കുന്നത്. ഭാര്യയും അഞ്ചും രണ്ടും വയസുകളുള്ള മക്കളും അടങ്ങുന്നതാണ് പ്രദീപ് അറക്കലിന്റെ കുടുംബം. ഇവര്‍ കോയമ്പതൂരിലെ ക്വാര്‍ടേഴ്‌സിലാണ് താമസം.

കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തം; മരിച്ചവരില്‍ മലയാളി സൈനികനും; നടുക്കം മാറാതെ തൃശൂരിലെ പൊന്നൂക്കര


അപകട വിവരം അറിഞ്ഞതിനെ തുടര്‍ന്ന് സഹോദരനും ബന്ധുവും ഊട്ടിയിലേക്ക് പുറപ്പെട്ടു. അസുഖ ബാധിതനായ അച്ഛനെ ഇതുവരെ മരണ വിവരം അറിയിച്ചിട്ടില്ല. വിവരം മാതാവിനെ അറിയിച്ചിട്ടുണ്ട്.

പ്രദീപിന്റെ പിതാവ് ഓക്‌സിജെന്റെ സഹായത്തോടെയാണ് ജീവിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പൊന്നൂക്കരയിലെ ജനങ്ങളൊക്കെ നടുക്കത്തിലാണ്. നാട്ടില്‍ വന്നുകഴിഞ്ഞാല്‍ ഏല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുന്ന ആളായിരുന്നു. ആ വിഷമം എല്ലാവര്‍ക്കുമുണ്ട്. വിവരം അറിഞ്ഞ സമയം മുതല്‍ വീടിന്റെ പരിസരത്ത് വന്ന് നില്‍ക്കുകയാണ് എന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

അഞ്ചരയ്ക്ക് വിവരമറിഞ്ഞൂവെന്ന് ബന്ധു അറിയിച്ചു. രണ്ടാഴ്ച മുന്‍പ് പ്രദീപ് നാട്ടില്‍ വന്നുപോയതാണ്. അച്ഛന്‍ ഐസിയുവിലായിരുന്നു. പ്രദീപ് ആശുപത്രിയില്‍ തന്നെ ആയിരുന്നു. അച്ഛന്‍ ഡിസ്ചാര്‍ജ് ആയിക്കഴിഞ്ഞ് കഴിഞ്ഞ ആഴ്ച പ്രദീപ് തിരികെ പോയി. ഭാര്യയും രണ്ട് മക്കളും അവിടെയാണ്. മൂത്ത മകന്‍ അവിടെ പഠിക്കുകയാണ്. മകള്‍ക്ക് രണ്ട് വയസേ ആയിട്ടുള്ളൂ എന്നും ബന്ധു പ്രതികരിച്ചു.

ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ പ്രധാനപ്പെട്ട സൈനിക ഉദ്യോഗസ്ഥന്റെ ജീവനെടുത്ത ദുരന്തമുണ്ടായത്. ഹെലികോപ്റ്റര്‍ ഊട്ടിക്ക് അടുത്ത് കൂനൂരില്‍ തകര്‍ന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം.17 ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ജനറല്‍ ബിപിന്‍ റാവതിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവതും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടന്‍മാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്.

ഡെല്‍ഹിയില്‍ നിന്ന് രാവിലെ ഒന്‍പത് മണിക്ക് ജനറല്‍ ബിപിന്‍ റാവതും സംഘവും പുറപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് രാജ്യം ആ ദുരന്ത വാര്‍ത്ത കേട്ടത്. സംയുക്ത സൈനിക മേധാവിയും ഭാര്യയും ഉദ്യോഗസ്ഥ സംഘവും ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ പെട്ടെന്നും ജനറല്‍ ബിപിന്‍ റവതിന്റെ ആരോഗ്യനില ഗുരുതരമാണെന്നുമായിരുന്നു വ്യോമസേന ആദ്യ ഔദ്യോഗിക വിവരം പുറത്ത് വിട്ടത്. സുളൂര്‍ വ്യോമസേന കേന്ദ്രത്തില്‍ നിന്നും വെലിംഗ്ടണ് ഡിഫന്‍സ് കോളജിലേക്ക് ആയിരുന്നു സംയുക്ത സൈനിക മേധാവിയുടെ യാത്ര. 

ഈ സമയം പ്രധാനമന്ത്രിയെ കണ്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അപകടത്തിന്റെ വിശദാംശങ്ങള്‍ ധരിപ്പിച്ചു. തുടര്‍ന്ന് അടിയന്തര മന്ത്രിസഭ യോഗം ചേര്‍ന്നു. പ്രതിരോധ മന്ത്രാലയത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നതിന് പിന്നാലെ വ്യോമസേന മേധാവിയെ പ്രതിരോധ മന്ത്രി സംഭവസ്ഥലത്തേക്കയച്ചു. പിന്നാലെ പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് സംയുക്ത സൈനിക മേധാവിയുടെ വസതിയിലെത്തി വിവരങ്ങള്‍ മകളെ അറിയിച്ചു. അതിന് ശേഷമാണ് ബിപിന്‍ റാവതിന്റെ വിയോഗ വാര്‍ത്ത സ്ഥിരീകരിച്ചത്.

അന്വേഷണം സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ കര-വ്യോമ സേനകള്‍ പ്രതിരോധമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. മോശം കാലാവസ്ഥ അപകടകാരണമായെന്ന പ്രാഥമിക വിലയിരുത്തലാണുള്ളത്.

Keywords: News, National, India, Chennai, Accident, Death, Top-Headlines, Malayali died in Coonoor army helicopter crash

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL