city-gold-ad-for-blogger
Aster MIMS 10/10/2023

Temples | ഭക്തിയിലുപരി തെക്കേ ഇന്ത്യയില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട, എല്ലാത്തിലും മികച്ചു നില്‍ക്കുന്ന ചില ക്ഷേത്രങ്ങളെ പരിചയപ്പെടാം

Madurai Meenakshi Amman Temple, South India temples, Dravidian architecture, Indian temples, Hindu temples, Meenakshi Amman, Madurai tourism
Photo Credit: Facebook / Meenakshi Amman Temple
ഇത്തരത്തില്‍ വാസ്തുവിദ്യയും നിര്‍മ്മാണ വൈദഗ്ദ്യവും ഒക്കെ ഇടകലര്‍ന്ന നൂറുകണക്കിന് ക്ഷേത്രങ്ങളാണ് കാശ്മീര് മുതല്‍ കന്യാകുമാരി വരെ കാണാന്‍ സാധിക്കുന്നത്. 

ന്യൂഡെല്‍ഹി: (KasargodVartha) വിശ്വാസികള്‍ മാത്രമല്ല, അവിശ്വാസികളും ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്താറുണ്ട്. വിഗ്രഹങ്ങളുടെ ചൈതന്യവും വാസ്തുവിദ്യയും നിര്‍മ്മാണ വൈദഗ്ദ്യവുമൊക്കെ കാണാനാണ് ഇവര്‍ ക്ഷേത്രങ്ങളില്‍ എത്തുന്നത്. വിശ്വാസികളാകട്ടെ തങ്ങളുടെ ഇഷ്ട ദൈവങ്ങളെ കാണാനും അനുഗ്രഹം വാങ്ങാനും സങ്കടങ്ങള്‍ പറയാനുമൊക്കെയാകും എത്തുക. 


ഇനി ഒരിക്കലും തിരിച്ചുവരാത്ത കഴിഞ്ഞ കാലത്തിന്റെ കഥ പറയുന്ന മനോഹരമായ ശാന്തസുന്ദരമായ ഇടങ്ങളാണ് ഭാരതത്തിലെ ക്ഷേത്രങ്ങള്‍. ഇത്തരത്തില്‍ വാസ്തുവിദ്യയും നിര്‍മ്മാണ വൈദഗ്ദ്യവും ഒക്കെ ഇടകലര്‍ന്ന നൂറുകണക്കിന് ക്ഷേത്രങ്ങളാണ് കാശ്മീര് മുതല്‍ കന്യാകുമാരി വരെ കാണാന്‍ സാധിക്കുന്നത്. ഒരു കാലത്ത് ആരാധനയുടെ കേന്ദ്ര സ്ഥാനങ്ങളായിരുന്ന മിക്ക ക്ഷേത്രങ്ങളും ഇന്ന് തീര്‍ഥാടന കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു. അത്തരത്തില്‍ തെക്കേ ഇന്ത്യയില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട, എല്ലാത്തിലും മികച്ചു നില്‍ക്കുന്ന കുറച്ച് ക്ഷേത്രങ്ങളെ കുറിച്ച് പരിചയപ്പെടാം.

മധുരൈ മീനാക്ഷി ക്ഷേത്രം


തെക്കേ ഇന്ത്യയിലെ ക്ഷേത്രങ്ങളെക്കുറിച്ച് വിവരിക്കുമ്പോള്‍ തുടങ്ങേണ്ടത് തമിഴ് നാട്ടിലെ മധുരൈ മീനാക്ഷി ക്ഷേത്രത്തില്‍ നിന്നുമാണ്. തെക്കേ ഇന്ത്യയിലെ ഒരു ക്ഷേത്രം മാത്രം കാണാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ഒരു സംശയവിമില്ലാതെ മധുരൈ മീനാക്ഷി ക്ഷേത്രം തിരഞ്ഞെടുക്കാം. കാരണം അത്രയേറെ പ്രത്യേകതകളുള്ള ക്ഷേത്രമാണ് ഇത്. 


തമിഴ്‌നാട്ടിലെ മധുരയില്‍ വൈഗൈ നദിക്ക് തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം അഥവാ മധുര മീനാക്ഷി ക്ഷേത്രം. ഏകദേശം 15 ഏക്കര്‍ സ്ഥലത്തിനുള്ളിലായി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. 
പരാശക്തിയായ പാര്‍വതീദേവിയെ 'മീനാക്ഷിയായും', തന്‍പതി പരമാത്മായ ഭഗവാന്‍ ശിവശങ്കരനെ 'സുന്ദരേശനായും' ഇവിടെ ആരാധിച്ചുവരുന്നു. 


മധുര ക്ഷേത്രസമുച്ചയത്തില്‍ 14 ഗോപുരങ്ങളും 4500 തൂണുകളും ഉണ്ട്. ഇവയില്‍ ഏറ്റവും വലുത് തെക്കേ ഗോപുരമാണ്. ഉയരം 51.9 മീ.(170 അടി). മീനാക്ഷി ക്ഷേത്രത്തില്‍ ആകെ 33000-ഓളം ശില്പങ്ങള്‍ ഉള്ളതായി കണക്കാക്കുന്നു. ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട നിര്‍മ്മിതി തന്നെയാണ് ഇത്. ദ്രാവിഡ വാസ്തുവിദ്യയുടെ മകുടോദാഹരണമാണ് മധുരയിലെ ക്ഷേത്രഗോപുരങ്ങള്‍. കൂടാതെ നാലുദിക്കിനേയും ദര്‍ശിക്കുന്ന നാലുകവാടങ്ങളോടുകൂടിയ തമിഴ്‌നാട്ടിലെ വളരെ കുറച്ചു ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം.


പ്രാചീന തമിഴ് കൃതികളില്‍ ക്ഷേത്രത്തേക്കുറിച്ച് പ്രതിപാദിക്കുന്നുണ്ടെങ്കിലും നാം ഇന്നു കാണുന്ന ക്ഷേത്രം 1623-നും 1655-നും ഇടയില്‍ നിര്‍മിച്ചതാണെന്ന് കരുതപ്പെടുന്നു. ദിനംപ്രതി 15000 ത്തോളം സന്ദര്‍ശകരാണ് ഇവിടെ എത്തുന്നത്. വെള്ളിയാഴ്ചകളില്‍ ഈ സംഖ്യ 25000-ത്തോളം എത്താറുണ്ട്. 


ക്ഷേത്രത്തിന്റെ വാര്‍ഷിക വരുമാനം ആറുകോടി രൂപയാണ്. ഏപ്രില്‍-മെയ് മാസങ്ങളില്‍ നടത്തുന്ന 'തിരു കല്യാണമാണ്' ഇവിടുത്തെ പ്രധാന ഉത്സവം. നാമ മന്ത്രങ്ങളുടെ അകമ്പടിയോടേ സുന്ദരേശ്വര വിഗ്രഹം വഹിച്ചുക്കൊണ്ടുള്ള പ്രദക്ഷിണമാണ് ഏറെ സുന്ദരം. വെള്ളിയാഴ്ച ദിവസങ്ങള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാത്രി ഒന്‍പത് മണിക്കാണ് ഈ ചടങ്ങ് അരങ്ങേറുന്നത്.


തഞ്ചാവൂര്‍ ക്ഷേത്രം


തമിഴ്‌നാട് തമിഴ് സംസ്‌കാരത്തിന്റെ വേരുകള്‍ ഉറച്ചിരിക്കുന്ന ഒരിടം എന്ന നിലയില്‍ പ്രസിദ്ധമാണ് തഞ്ചാവൂര്‍. പതിനൊന്നാം നൂറ്റാണ്ടിലും അതിനടുത്ത കാലങ്ങളിലുമായാണ് ഇവിടെ കൂടുതലും ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ് ബൃഹദീശ്വര ക്ഷേത്രം. ശിവനെ ശിവലിംഗരൂപത്തില്‍ ആരാധിക്കുന്ന തഞ്ചാവൂര്‍ ക്ഷേത്രത്തിന് പെരുവുടയാര്‍ കോവില്‍ എന്നും വിളിപ്പേരുണ്ട്. ആദ്യകവാടമായ മറാത്ത എന്‍ട്രന്‍സിലെ മറാത്താ സാമ്രാജ്യത്തിന്റെ സ്വാധീനം ക്ഷേത്രത്തിന്റെപേരു മാറിയതിലുമുണ്ട്. മറാത്താ സാമ്രാജ്യങ്ങളുടെ ശക്തികാലത്താണത്രേ ബൃഹദീശ്വര ക്ഷേത്രം എന്ന പേരുവീണത്.

ആയിരത്തിലധികം വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം യുനസ്‌കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിലും ഇടം പിടിച്ചിട്ടുണ്ട് എന്നറിയുമ്പോഴാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത മനസ്സിലാവുക. ചോള രാജാക്കന്‍മാരുടെ ശക്തിയുടെയും കഴിവിന്റെയും അടയാളം എന്നും വിശേഷിപ്പിക്കുവാന്‍ സാധിക്കുന്ന ഒരു നിര്‍മ്മിതി കൂടിയാണിത്. പൂര്‍ണ്ണമായും കരിങ്കല്ലിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.


സരംഗപാണി ക്ഷേത്രം


തമിഴ്‌നാടിന്റെ ക്ഷേത്രനഗരം എന്നറിയപ്പെടുന്ന സ്ഥലമാണ് കുംഭകോണം. തഞ്ചാവൂര്‍ ജില്ലയില്‍ കാവേരി നദിക്കും അര്‍സലര്‍ നദിയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ പട്ടണം പുരാതനവും ആധുനികവുമായ ക്ഷേത്രങ്ങള്‍ കൊണ്ട് സമ്പന്നമാണ്.


എവിടെ തിരിഞ്ഞാലും ക്ഷേത്രങ്ങളുടെ ഉയര്‍ന്നു നില്‍ക്കുന്ന ഗോപുരങ്ങളുള്ള നാട് കുംഭകോണം. കെട്ടിലും മട്ടിലും എല്ലാം വ്യത്യസ്തത നിറഞ്ഞ നിരന്നു നില്‍ക്കുന്ന ഇരുന്നൂറോളം ക്ഷേത്രങ്ങള്‍ ഈ നഗരത്തിനകത്തു തന്നെ കാണാം...പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതിന്റെ അവശിഷ്ടങ്ങള്‍ വേറെയും. ക്ഷേത്രനഗരം എന്നറിയപ്പെടുന്ന കുംഭകോണം ഒരു നാടിന്റെ ചരിത്രം തേടി എത്തുന്നവരുടെ പ്രിയപ്പെട്ട ഇടമാണ്. 

ഇന്ത്യയിലെ തന്നെ പ്രശസ്തമായ ഒട്ടേറെ ക്ഷേത്രങ്ങള്‍ ഈ കുഞ്ഞു നഗരത്തിനുള്ളിലുണ്ട്. ആദി കുംഭേശ്വരര്‍ ക്ഷേത്രം, നാഗേശ്ര സ്വാമി ക്ഷേത്രം, കാശി വിശ്വനാഥര്‍ ക്ഷേത്രം, സാരംഗപാണി ക്ഷേത്രം, ദേനുപുരീശ്വരര്‍ ക്ഷേത്രം,ഒപ്പിലിയാപ്പന്‍ കോവില്‍, സ്വാമിമലൈ മുരുഗന്‍ ക്ഷേത്രം, ഐരാവതേശ്വരര്‍ ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാനപ്പെട്ട ക്ഷേത്രങ്ങള്‍. 

ഇവിടുത്തെ ഏറ്റവും പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് സാരംഗപാണി ക്ഷേത്രം. കുതിര വലിക്കുന്ന രഥത്തിന്റെ മാതൃകയില്‍ ശ്രീകോവില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം പ്രസിദ്ധമായ വിഷ്ണു ക്ഷേത്രങ്ങളിലൊന്നുകൂടിയാണ്. വിഷ്ണുവിന്റെ 108 ദിവ്യദേശങ്ങളിലൊന്നായ ഈ ക്ഷേത്രം കാവേരി നദിയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. 


പണ്ടുകാലം മുതലെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതും ആളുകള്‍ എത്തിച്ചേര്‍ന്നിരുന്നതുമായ ക്ഷേത്രങ്ങളില്‍ ഒന്നായി പലയിടങ്ങളിലും ഇതിനെ പറയുന്നുണ്ട്. ആല്‍വാര്‍മാര്‍ തങ്ങളുടെ കൃതികളില്‍ ഈ ക്ഷേത്രത്തെക്കുറിച്ച് ധാരാളം പറഞ്ഞിട്ടുമുണ്ട്. വളരെ പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നായ ഇത് ആ കാലം മുതല്‍ തന്നെ പ്രസിദ്ധമായ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നുകൂടിയായിരുന്നു. പുരാണങ്ങളിലും ഈ ക്ഷേത്രത്തെക്കുറിച്ച് ധാരാളം കഥകള്‍ പറയുന്നുണ്ട്

കാഞ്ചീപുരം 

പാലാര്‍ നദിയുടെ പോഷകനദിയായ വേഗാവതി നദീതീരത്ത് സ്ഥിതിചെയ്യുന്ന ഈ നഗരം എ. ഡി നാലാം നൂറ്റാണ്ടുമുതല്‍ ഒന്‍പതാം നൂറ്റാണ്ടുവരെ പല്ലവരുടെ തലസ്ഥാന നഗരമായിരുന്നു. കാഞ്ചീപുരം പട്ടിന് പ്രശസ്തമാണ് ഈ നഗരം. തെക്കേ ഇന്ത്യയിലെ അതിപ്രസിദ്ധ ശക്തിപീഠ ക്ഷേത്രമായ കാഞ്ചി കാമാക്ഷി ദേവി ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു. ദിവ്യദേശങ്ങള്‍ എന്നറിയപ്പെടുന്ന മഹാവിഷ്ണു പ്രതിഷ്ഠയായുള്ള 108 ക്ഷേത്രങ്ങളില്‍ പതിനാലെണ്ണം ഈ നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കാഞ്ചീപുരം പട്ടിനും പ്രശസ്തമാണ് ഈ നഗരം.


രാമേശ്വരം 

തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയില്‍ രാമേശ്വരം ദ്വീപിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിവക്ഷേത്രമാണ് രാമനാഥസ്വാമി ക്ഷേത്രം. ശ്രീരാമന്‍ ഇവിടെ വച്ച് രാമ-രാവണയുദ്ധത്തില്‍ താന്‍ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ പാപങ്ങളുടെ പരിഹാരത്തിനു വേണ്ടി ശിവനോട് പ്രാര്‍ത്ഥിച്ചു എന്നു വിശ്വസിക്കപ്പെടുന്നു. അതിനാല്‍ രാമേശ്വരം എന്ന പേരുവന്നു. 

ഈ ക്ഷേത്രം ഇന്ത്യയിലെ നാല് മഹത്തായ ഹൈന്ദവക്ഷേത്രങ്ങളില്‍ (ചാരോ ധാം) ഒന്നായി കണക്കാക്കുന്നു. കൂടാതെ ദ്വാദശ ജ്യോതിര്‍ലിംഗങ്ങളില്‍ തെക്കേയറ്റത്തുള്ള ക്ഷേത്രവുമാണ് ഇത്. വിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്‍ പ്രതിഷ്ഠ നടത്തിയ ശിവക്ഷേത്രമായതിനാല്‍, ശൈവരും വൈഷ്ണവരും ഒരുപോലെ ഈ ക്ഷേത്രത്തെ കണ്ടുവരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇടനാഴിയുടെ പേരില്‍ പ്രസിദ്ധമാണ് ഈ ക്ഷേത്രം. ശൈവസിദ്ധന്മാരായ അറുപത്തിമൂവര്‍ പാടിപ്പുകഴ്ത്തിയ 274 മഹാക്ഷേത്രങ്ങളിലൊന്നാണിത്.

ചിദംബരം ക്ഷേത്രം 


ഹൈന്ദവ തീര്‍ഥാടന കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണ് ചിദംബരം ക്ഷേത്രം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികളെത്തുന്ന ഈ ക്ഷേത്രം ഒട്ടേറെ കാര്യങ്ങള്‍ക്കു പ്രസിദ്ധമാണ്. പഞ്ചഭൂത ക്ഷേത്രങ്ങളില്‍ ആകാശത്തിനു സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തില്‍ നടരാജ രൂപത്തിലുള്ള ശിവനെയാണ് ആരാധിക്കുന്നത്. പതഞ്ജലി മഹര്‍ഷി ചിട്ടപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. തമിഴ്‌നാട്ടിലെ മറ്റു ക്ഷേത്രങ്ങളില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നതും ഇതുതന്നെയാണ്. ഭരതമുനിയുടെ നാട്യശാസ്ത്രത്തില്‍ പറഞ്ഞിട്ടുള്ള 108 നാട്യഭാവങ്ങളെയും ഇവിടെ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരത്തില്‍ കൊത്തിവെച്ചിട്ടുണ്ട്.

തിരുവണ്ണാമലൈ ക്ഷേത്രം 


തമിഴ് നാട് സംസ്ഥാനത്ത് തിരുവണ്ണാമലൈ നഗരത്തിലെ അണ്ണാമലൈ കുന്നുകളുടെ താഴ് വരയില്‍ സ്ഥിതി ചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് അരുണാചലേശ്വര ക്ഷേത്രം എന്നുകൂടി അറിയപ്പെടുന്ന അണ്ണാമലൈയാര്‍ ക്ഷേത്രം. തമിഴ്‌നാട് സംസ്ഥാനത്തെ ഏറ്റവും ആദരണീയമായി കരുതപ്പെടുന്ന പ്രദേശങ്ങളിലൊന്നാണിത്. 

'അപ്രാപ്യമായ മല' എന്നാണ് അണ്ണാമലൈ എന്ന പദത്തിനര്‍ത്ഥം. പ്രത്യേകിച്ച് അഗ്‌നിയുമായി ബന്ധപ്പെട്ട പഞ്ചഭൂത ക്ഷേത്രങ്ങളിലൊന്നാണിത്. ശിവന്‍ അണ്ണാമലൈയാര്‍ അഥവാ അരുണാചലേശ്വര്‍ എന്ന പേരില്‍ ആരാധിക്കപ്പെടുന്ന ഇവിടുത്തെ പ്രതിഷ്ഠ അഗ്‌നി ലിംഗം എന്ന പേരിലാണ് അറിയപ്പെടുന്നത്. പാര്‍വതിയെ ഇവിടെ ഉണ്ണാമലൈ അമ്മന്‍ എന്നു വിശേഷിപ്പിക്കുന്നു. ഏഴാം നൂറ്റാണ്ടില്‍ തമിഴ് ശൈവര്‍ കൊത്തുപണികള്‍ ചെയ്‌തെടുത്തതാണ് ഇവിടുത്തെ പ്രതിഷ്ഠയെന്ന് വിശ്വസിക്കപ്പെടുന്നു. 

നവംബറിനും ഡിസംബറിനും ഇടയില്‍ വരുന്ന പൂര്‍ണ്ണിമ ദിവസം കാര്‍ത്തിക ദീപം ഇവിടെ ഉത്സവമായി ആചരിക്കുന്നു. ഇത് വലിയ ഒരു ദീപമായി കുന്നിന്‍ മുകളില്‍ വെളിച്ചം പരത്തുന്നു.  ഇത് കാണാനായി ഏകദേശം മൂന്നു ദശലക്ഷത്തോളം തീര്‍ഥാടകര്‍ സാക്ഷ്യം വഹിക്കാറുണ്ട്. ഓരോ പൂര്‍ണ്ണചന്ദ്രനു ശേഷമുള്ള ദിവസവും ഗിരിവലം എന്നറിയപ്പെടുന്ന ഒരു ആരാധനയില്‍ ഓരോ വര്‍ഷവും ഒരു ദശലക്ഷത്തോളം തീര്‍ത്ഥാടകരാണ് പങ്കെടുക്കുന്നത്. പൗര്‍ണ്ണമി നാളില്‍ ഇവിടെ എത്തുന്നവരുടെ ആഗ്രഹങ്ങള്‍ സാധിക്കും എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം ശിവനാണ് സമര്‍പ്പിച്ചിരിക്കുന്നത്.

തൃശൂര്‍ വടക്കുംനാഥ ക്ഷേത്രം 

കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളുടെ പട്ടിക എടുത്താല്‍ അതില്‍ കടന്നു വരുന്ന മറ്റൊരു ക്ഷേത്രമാണ് തൃശൂര്‍ വടക്കുംനാഥ ക്ഷേത്രം. ദക്ഷിണ കൈലാസം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ ക്ഷേത്രത്തിന് കേരളത്തിന്റെ ചരിത്രവുമായി നിരവധി ബന്ധങ്ങളുണ്ട്. പരശുരാമന്‍ സ്ഥാപിച്ച 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന ക്ഷേത്രം കൂടിയാണിത്. 20 ഏക്കറിലധികം വരുന്ന മതിലകത്തിനുള്ളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും വലിയ നാലമ്പലവും ഇവിടെത്തന്നെയാണുള്ളത്.


ശിവന്‍ (വടക്കുംനാഥന്‍), പാര്‍വ്വതി, ശ്രീരാമന്‍ (വിഷ്ണു), ശങ്കരനാരായണന്‍, മഹാഗണപതി എന്നിവരാണ് ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠകള്‍. ശ്രീ വടക്കുന്നാഥന്‍ ക്ഷേത്രത്തിനു തൃശ്ശൂരുമായി വളരെ അധികം ചരിത്ര പ്രധാനമായ ബന്ധമാണുള്ളത്. ശക്തന്‍ തമ്പുരാന്റെ കാലഘട്ടത്തിലാണ് ഈ ക്ഷേത്രം ഇന്നത്തെ രീതിയില്‍ പുനര്‍നിര്‍മ്മിക്കപ്പെട്ടത്. കേരളത്തിലെ ഏറ്റവും വലിയ മതില്‍ക്കെട്ട് ഉള്ള വടക്കുന്നാഥക്ഷേത്രം 20 ഏക്കര്‍ വിസ്താരമേറിയതാണ്. 

നാലുദിക്കുകളിലുമായി നാലു മഹാഗോപുരങ്ങള്‍ ഇവിടെ പണിതീര്‍ത്തിട്ടുണ്ട്. വടക്കുംനാഥന്റെ മഹാപ്രദക്ഷിണ വഴിയാണ് സ്വരാജ് റൗണ്ട് എന്നറിയപ്പെടുന്നത്. അതിനാല്‍ തൃശ്ശൂര്‍ നഗരത്തില്‍ വരുന്ന ഒരാള്‍ക്കും വടക്കുന്നാഥ ക്ഷേത്രത്തിന് മുന്നിലൂടെയല്ലാതെ കടന്നുപോകാന്‍ കഴിയില്ല.

ക്ഷേത്രത്തില്‍ ഉപദേവതകളായി ശ്രീകൃഷ്ണന്‍, അയ്യപ്പന്‍, നരസിംഹം, ഹനുമാന്‍ (സങ്കല്പം), വേട്ടേയ്ക്കരന്‍, നന്ദികേശ്വരന്‍, പരശുരാമന്‍, സിംഹോദരന്‍, ആദിശങ്കരാചാര്യര്‍, ഋഷഭന്‍, നാഗദൈവങ്ങള്‍ എന്നിവരും കുടികൊള്ളുന്നു. കൂടാതെ, മതില്‍ക്കെട്ടിന് പുറത്ത് പ്രത്യേകം ക്ഷേത്രങ്ങളില്‍ സുബ്രഹ്‌മണ്യസ്വാമിയും ഗണപതി ഭഗവാനും പ്രതിഷ്ഠകളായുണ്ട്.

 

കുംഭമാസത്തിലെ ശിവരാത്രിയും ധനുമാസത്തിലെ തിരുവാതിരയും ഒഴിച്ചുനിര്‍ത്തിയാല്‍ ക്ഷേത്രത്തില്‍ ആണ്ടുവിശേഷദിവസങ്ങളില്ല. എന്നാല്‍, മേടമാസത്തിലെ പൂരം നാളില്‍ നടത്തപ്പെടുന്ന വിശ്വപ്രസിദ്ധമായ തൃശ്ശൂര്‍ പൂരം നടത്തപ്പെടുന്നത് വടക്കുംനാഥക്ഷേത്രത്തില്‍ വച്ചാണ്.


ബേലൂര്‍ 

കര്‍ണ്ണാടകയിലെ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ക്ഷേത്രങ്ങളിലൊന്നാണ് ബേലൂര്‍ ചെന്നകേശവ ക്ഷേത്രം. ബേലൂരിലെ കേശവ, കേസവ, വിജയനാരായണ ക്ഷേത്രം എന്നും അറിയപ്പെടുന്ന ചെന്നകേശവ ക്ഷേത്രം കര്‍ണാടകയിലെ ഹസ്സന്‍ ജില്ലയില്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഒരു ഹിന്ദു ക്ഷേത്രമാണ്. 

ചോളരാജാക്കന്‍മാരെ അടിയറവ് പറയിപ്പിച്ച ഹൊയ്‌സാല രാജവംശം തങ്ങളുടെ വിജയത്തിന്റെ ഓര്‍മ്മയില്‍ നിര്‍മ്മിച്ച ക്ഷേത്രമാണ് ഇത്. വിഷ്ണുവിന് സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം 103 വര്‍ഷങ്ങള്‍ കൊണ്ടാണത്രെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

ഹൊയ്‌സാല സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന വേളാപുരി എന്നുകൂടി അറിയപ്പെട്ടിരുന്ന ബേലൂരില്‍ യഗാച്ചി നദിയുടെ തീരത്ത് 1117-ല്‍ രാജാവായ വിഷ്ണുവര്‍ദ്ധനയുടെ ഭരണകാലത്ത് പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രം. 


തിരുപ്പതി ക്ഷേത്രം


ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധക്ഷേത്രമാണ് തിരുമല തിരുപ്പതി ശ്രീ വെങ്കടേശ്വരക്ഷേത്രം. ഹൈന്ദവരുടെ അതിപ്രധാനമായ ഒരു തീര്‍ഥാടന കേന്ദ്രം കൂടിയാണ് ഈ ക്ഷേത്രം. ആനന്ദനിലയം, കലിയുഗ വൈകുണ്ഠം തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ക്ഷേത്രം കൂടിയാണിത്. 

പരമാത്മാ (പരബ്രഹ്‌മന്‍) മഹാവിഷ്ണുവിനെ 'വെങ്കടേശ്വരന്‍' എന്ന പേരില്‍ ലക്ഷ്മിദേവി, ഭൂമീദേവീ സമേതനായി ഇവിടെ ആരാധിക്കുന്നു. ലക്ഷ്മിനാരായണ സങ്കല്പത്തിലുള്ള ക്ഷേത്രമാണിത്. ഐശ്വര്യത്തിന്റെ ഭഗവതിയായ മഹാലക്ഷ്മിക്ക് വെങ്കിടേശ്വരന് തുല്യ പ്രാധാന്യമുള്ള ക്ഷേത്രം കൂടിയാണിത്. ഭഗവതി 'പദ്മാവതി' എന്ന പേരില്‍ അറിയപ്പെടുന്നു.


ഇന്ത്യയിലെ ഏറ്റവും സമ്പന്നവും ഏറ്റവും അധികം തീര്‍ഥാടകരെത്തുന്നതുമായ ക്ഷേത്രങ്ങളിലൊന്നാണ് തിരുപ്പതി ക്ഷേത്രം. ആന്ധ്രാപ്രദേശില്‍ വെങ്കിട്ടേശ്വരന് സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിലെത്തണമെങ്കില്‍ നാലായിരത്തോളം പടികള്‍ കയറി വേണം എത്തുവാന്‍.

#MaduraiMeenakshiTemple #SouthIndiaTemples #IndianTemples #HinduTemple #Travel #India

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia