Criticism | വയനാട് നേരിടുന്നത് അനധികൃത കയ്യേറ്റവും ഖനനവും അനുവദിച്ചതിന്റെ ദുരന്തം; മുന്നറിയിപ്പ് അവഗണിച്ചു; സംസ്ഥാന സര്‍കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്
സംസ്ഥാന സര്‍കാരിന്റെ പിടിപ്പുകേടാണ് ദുരന്തത്തിന് പിന്നില്‍
ഇകോസെന്‍സിറ്റീവ് സോണുകള്‍ക്കായി കേരള സര്‍കാര്‍ പദ്ധതി തയാറാക്കണമെന്നും ആവശ്യം
ന്യൂഡെല്‍ഹി: (KasargodVartha) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പിന്നാലെ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സംസ്ഥാന സര്‍കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവ്. അനധികൃത കയ്യേറ്റവും ഖനനവും അനുവദിച്ചതിന്റെ ദുരന്തമാണു വയനാട് നേരിടുന്നതെന്ന് പറഞ്ഞ കേന്ദ്രമന്ത്രി നല്‍കിയ മുന്നറിയിപ്പുകളെല്ലാം അവഗണിച്ചുവെന്നും കുറ്റപ്പെടുത്തി.
പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി വാര്‍ത്താ ഏജന്‍സി എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്രമന്ത്രിയുടെ വിമര്‍ശനം. സംസ്ഥാന സര്‍കാരിന്റെ പിടിപ്പുകേടാണ് ദുരന്തത്തിന് പിന്നിലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. പ്രാദേശിക അധികൃതരുടെ സഹായത്തോടെ ഇവിടെ അനധികൃത കയ്യേറ്റവും ഖനനവും നടക്കുന്നുണ്ട്. ഇകോസെന്‍സിറ്റീവ് സോണുകള്‍ക്കായി കേരള സര്‍കാര്‍ ഒരു പദ്ധതി തയാറാക്കണം. സംസ്ഥാനത്തിന്റെ റിപോര്‍ട് സഞ്ജയ് കുമാറിന് നല്‍കണം. ദീര്‍ഘനാളുകളായി ഈ കമിറ്റിയെ സംസ്ഥാന സര്‍കാര്‍ ഒഴിവാക്കുകയായിരുന്നുവെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
ഭൂപേന്ദ്ര യാദവിന്റെ വാക്കുകള്‍:
സര്‍കാര്‍ സംവിധാനങ്ങള്‍ ഇത്തരം പ്രവൃത്തികള്‍ക്കു നിയമവിരുദ്ധ സംരക്ഷണം നല്‍കി. വളരെ സെന്‍സിറ്റീവായ പ്രദേശത്തിന് ആ പ്രാധാന്യം നല്‍കിയില്ല. നല്‍കിയ മുന്നറിയിപ്പുകളെല്ലാം അവഗണിച്ചു. ഭാവിയിലെങ്കിലും ഈ രീതിയിലുള്ള ഖനനവും മണ്ണെടുപ്പുമടക്കം ഇല്ലാതാകേണ്ടതുണ്ട്. പ്രാദേശിക രാഷ്ട്രീയക്കാരുടെ ഒത്താശയോടെയാണ് ഇവിടെ നിയമവിരുദ്ധമായി മനുഷ്യവാസം നടത്തുന്നത്.
ഈ മേഖലയില്‍ അവര്‍ കയ്യേറ്റങ്ങള്‍ അനുവദിച്ചു. ഇതു വളരെ സെന്‍സിറ്റീവായ മേഖലയാണ്. മുന്‍ ഡയറക്ടര്‍ ജെനറല്‍ ഓഫ് ഫോറസ്റ്റ് സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തെ കേന്ദ്രം പഠിക്കാന്‍ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ സംസ്ഥാന സര്‍കാരുമായി സംസാരിച്ചിട്ടുണ്ട്.
ദുരന്തത്തിന് പിന്നില്‍ സംസ്ഥാന സര്‍കാരിന്റെ പിടിപ്പുകേടാണെന്നാണ് ഞങ്ങള്‍ക്കു തോന്നുന്നത്. പ്രാദേശിക അധികൃതരുടെ സഹായത്തോടെ ഇവിടെ അനധികൃത കയ്യേറ്റവും ഖനനവും നടക്കുന്നുണ്ട്. ഇകോസെന്‍സിറ്റീവ് സോണുകള്‍ക്കായി കേരള സര്‍കാര്‍ ഒരു പദ്ധതി തയാറാക്കണം. സംസ്ഥാനത്തിന്റെ റിപോര്‍ട് സഞ്ജയ് കുമാറിന് നല്‍കണം. ദീര്‍ഘനാളുകളായി ഈ കമിറ്റിയെ സംസ്ഥാന സര്‍കാര്‍ ഒഴിവാക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഉരുള്‍പൊട്ടല്‍ സംബന്ധിച്ച് കേരള സര്‍കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി കേന്ദ്രമന്ത്രി അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞിരുന്നു. ഏഴു ദിവസം മുന്‍പേ മുന്നറിയിപ്പ് നല്‍കിയിട്ടും ഉരുള്‍പൊട്ടല്‍ മേഖലയില്‍ നിന്നും ജനങ്ങളെ എന്തുകൊണ്ട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയില്ലെന്ന് ചോദിച്ച അദ്ദേഹം മുന്നറിയിപ്പ് ലഭിച്ചതിനു ശേഷം കേരളം എന്തു ചെയ്തുവെന്നും ചോദിച്ചിരുന്നു.
തന്റെ നേരിട്ടുള്ള നിര്‍ദേശ പ്രകാരം ഒമ്പതംഗ എന്‍ഡിആര്‍എഫ് സംഘത്തെ കേരളത്തിലേക്ക് 23ന് തന്നെ അയച്ചിരുന്നതായും വിമാന മാര്‍ഗമാണ് സംഘം കേരളത്തിലെത്തിയതെന്നും ഷാ രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്രസര്‍കാരിന്റെ ജാഗ്രതാ നിര്‍ദേശത്തില്‍ ചോദ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അമിത് ഷാ രാജ്യസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഇതിനെതിരെ കോണ്‍ഗ്രസ് അവകാശ ലംഘന നോടീസും നല്‍കിയിരുന്നു. സഭയെ അഭ്യന്തര മന്ത്രി തെറ്റിദ്ധരിപ്പിച്ചെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. കേന്ദ്രം നല്‍കിയ മുന്നറിയിപ്പുകള്‍ കേരളം അവഗണിച്ചെന്ന് അമിത് ഷാ ആരോപിച്ചിരുന്നു.