Election Campaign | ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണം ആവേശകരമായ ജനപങ്കാളിത്തത്തോടെ അവസാനിച്ചു
● കശ്മീരിലെ 24 മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക
● ബിജെപി, കോണ്‍ഗ്രസ് എന്നിവരുടെ മുഖ്യ മത്സരം ജമ്മുവില്‍ ശ്രദ്ധേയമാണ്
ജമ്മു: (KasargodVartha) 2024-ലെ ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണം ആവേശകരമായ ജനപങ്കാളിത്തത്തോടെ അവസാനിച്ചു. പത്ത് വര്‍ഷത്തിനിടയില്‍ നടക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പിന്റെ പ്രചാരണമാണ് അവസാനിച്ചിരിക്കുന്നത്. ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കിയ ശേഷമുള്ള ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ആയതിനാല്‍ പ്രചാരണത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. മൂന്നര പതിറ്റാണ്ടിനിടെ ആദ്യമായി കാശ്മീര്‍ നിര്‍ഭയമായ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സാക്ഷ്യം വഹിച്ചു.
സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുള്ളതിനാല്‍ ആസൂത്രിതമായ പ്രചാരണം നടന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആദ്യഘട്ടത്തില്‍ കശ്മീരിലെ 16 മണ്ഡലങ്ങളും ജമ്മുവിലെ എട്ട് മണ്ഡലങ്ങളും വോട്ടെടുപ്പിന് തയാറെടുത്തിരിക്കയാണ്. ജമ്മു കശ്മീരില്‍ മൂന്ന് ഘട്ടമായിട്ടാണ് വോട്ടെടുപ്പ്. ആദ്യഘട്ടം സെപ്റ്റംബര്‍ 18-നും രണ്ടാഘട്ടം സെപ്റ്റംബര്‍ 25-നും മൂന്നാം ഘട്ടം ഒക്ടോബര്‍ ഒന്നിനും നടക്കും.
ജമ്മു കശ്മീര്‍ വിഭജിച്ച് ലഡാക്ക് കേന്ദ്രഭരണപ്രദേശമാക്കിയ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണിത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെയാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നഷ്ടമായത്. അതിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജനഹിതം എങ്ങനെയാകും എന്നാണ് രാഷ്ട്രീയ നിരീക്ഷരും ഉറ്റുനോക്കുന്നത്. സ്വയംഭരണാധികാരമോ പ്രത്യേക അവകാശങ്ങളോ ഇല്ലാത്ത ഒരു സര്‍ക്കാര്‍ ജമ്മു കശ്മീരില്‍ അധികാരത്തിലെത്താന്‍ പോകുന്നു എന്നത് കൊണ്ട് തന്നെ എല്ലാവര്‍ക്കും ഒരുപോലെ നിര്‍ണായകമാണ് കശ്മീര്‍ തിരഞ്ഞെടുപ്പ്.
ജമ്മുവില്‍ മുഖ്യധാരാ ദേശീയ പാര്‍ട്ടികളായ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരം. ജമ്മു കശ്മീരിലെ 90 അസംബ്ലി മണ്ഡലങ്ങളില്‍ 24 എണ്ണത്തില്‍ സെപ്റ്റംബര്‍ 18 നാണ് വോട്ടെടുപ്പ് നടക്കുക. ഇതില്‍ 16 സീറ്റുകള്‍ കശ്മീര്‍ മേഖലയിലും എട്ട് എണ്ണം ജമ്മുവിലുമാണ്. കശ്മീരില്‍ ബിജെപി മത്സരിക്കുന്ന 19 സീറ്റുകളില്‍ എട്ടെണ്ണത്തിലും ആദ്യഘട്ടത്തില്‍ മത്സരം നടക്കും.
ജമ്മു മേഖലയിലാണ് ബിജെപി ഇത്തവണ ഏറെ പ്രതീക്ഷ വെക്കുന്നത്. ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ട ശേഷമുള്ള തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനും ജീവന്മരണ പോരാട്ടമാണ്.
കശ്മീര്‍ മേഖലയില്‍ പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സുമാണ് പ്രബല ശക്തികള്‍. ഇതിന് പുറമെ പീപ്പിള്‍സ് കോണ്‍ഫറന്‍സ് പിടിക്കുന്ന വോട്ടുകളും നിര്‍ണായകമാകും. രണ്ട് മാസം മുമ്പ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള അഞ്ച് സീറ്റില്‍ നാഷണല്‍ കോണ്‍ഫറന്‍സ് രണ്ട് സീറ്റിലും ബിജെപി രണ്ട് സീറ്റിലുമാണ് ജയിച്ചത്. ബരാമുള്ളയില്‍ ഉമര്‍ അബ്ദുള്ള തോല്‍ക്കുകയുണ്ടായി.
സ്വാതന്ത്രസ്ഥാനാര്‍ത്ഥികള്‍, നിരവധി ചെറുപാര്‍ട്ടികള്‍, ജമാഅത്തെ ഇസ്ലാമിയുടെ തിരഞ്ഞെടുപ്പിലേക്കുള്ള തിരിച്ചുവരവ്, എഞ്ചിനീയര്‍ റാഷിദിന് ജാമ്യം ലഭിച്ചത്, അവസാന നിമിഷം നടന്ന റാഷിദിന്റെ പാര്‍ട്ടിയും ജമാഅത്തെ ഇസ്ലാമിയും തമ്മിലുള്ള 'തന്ത്രപരമായ സഖ്യം' തുടങ്ങിയ നിരവധി സംഭവങ്ങള്‍ തിരഞ്ഞെടുപ്പിന് മുന്‍പായി കശ്മീരില്‍ നടന്നിട്ടുണ്ട്.
കശ്മീരിലെ 47 നിയമസഭാ മണ്ഡലങ്ങളിലായി 19 സ്ഥാനാര്‍ത്ഥികളെ മാത്രമാണ് ബിജെപി ഇത്തവണ മത്സരിപ്പിക്കുന്നത്. സ്വതന്ത്രരും എഞ്ചിനീയര്‍ റാഷിദിന്റെ അവാമി ഇത്തേഹാദ് പാര്‍ട്ടിയും (എഐപി), അപ്നി പാര്‍ട്ടിയും പോലുള്ള ചെറുപാര്‍ട്ടികളും ബിജെപിയുടെ തന്നെ നിഴല്‍ സംവിധാനങ്ങള്‍ ആണെന്നാണ് എന്‍സിപിയും പിഡിപിയും അടക്കമുള്ളവരുടെ ആരോപണം.
കോണ്‍ഗ്രസ്-എന്‍സി സീറ്റ് വിഭജനത്തിന് കീഴില്‍, കോണ്‍ഗ്രസ് ജമ്മുവില്‍ 29 സീറ്റുകളിലും കശ്മീരില്‍ ഒമ്പത് സീറ്റുകളിലുമാണ് മത്സരിക്കുന്നത്. എന്‍സി 17 ജമ്മുവിലും 39 കശ്മീരിലും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിംഗ് രേഖപ്പെടുത്തിയ മേഖലയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ശക്തമായ പ്രചാരണമാണ് നടന്നത്. ബിജെപി വിരുദ്ധ രാഷ്ട്രീയം, മുഫ്തി മുഹമ്മദ് സയീദിന്റെ ജനപക്ഷ ഭരണം എന്നിവയില്‍ അധിഷ്ടിതമാണ് മെഹബൂബ മുഫ്തിയുടെ പിഡിപിയുടെ പ്രചാരണം.
ബിജെപി വിരുദ്ധ പ്രചാരണം നടത്തിയ ശേഷം 2014 ല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയുമായി കൈകോര്‍ത്തതിലെ പിഡിപിയുടെ വഞ്ചനയെ ചുറ്റിപ്പറ്റിയാണ് എന്‍സിയുടെ പ്രചാരണം. ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരാനും ജമ്മു കശ്മീരിന് സംസ്ഥാന പദവി നല്‍കാനും ശ്രമിക്കുമെന്ന് ഇരു പാര്‍ട്ടികളും വാഗ്ദാനം ചെയ്യുന്നു.
സംസ്ഥാന പദവി തിരികെ നല്‍കുമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും, കോണ്‍ഗ്രസ് ജമ്മു കശ്മീരിന് നഷ്ടപ്പെട്ട പ്രത്യേക പദവിയെക്കുറിച്ച് പ്രത്യേകം വാഗ്ദാനങ്ങള്‍ ഒന്നും തന്നെ നല്‍കിയില്ല. ബിജെപിയെ സംബന്ധിച്ച് 'കുടുംബ രാഷ്ട്രീയം' ആണ് അവരുടെ മുഖ്യ പ്രചാരണായുധം.
#KashmirElections2024 #JammuPolls #KashmirPolitics #Article370 #BJPCongress #ElectionCampaign