പ്രവര്‍ത്തന മികവിന് അവാര്‍ഡ്; കാസര്‍കോട് ഗവ. കോളജ് തിളങ്ങുന്നു
Nov 24, 2012, 18:24 IST
അവാര്‍ഡുകള്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയില്‍ നിന്ന് ബന്ധപ്പെട്ടവര്‍ ഏറ്റുവാങ്ങി. പ്രോഗാം ഓഫീസര്‍ പ്രൊഫ. രത്‌നാകര മല്ലമൂല, വളണ്ടിയര്‍ പി. മഹിമ, മികച്ച യൂണിറ്റിനുള്ള അവാര്‍ഡ് പ്രിന്‍സിപ്പാളിന് വേണ്ടി പ്രൊഫ. കെ. മുഹമ്മദലി എന്നിവര്‍ ഏറ്റുവാങ്ങി.
കോളജിലെ എന്‍.എസ്.എസ്. യൂണിറ്റ്, എന്‍മകജെ ഗ്രാമ പഞ്ചായത്തിന്റെയും മഞ്ചേശ്വരം ബ്ലോക് പഞ്ചായത്തിന്റയും സഹകരണത്തോടെ എന്‍ഡോസള്‍ഫാന്‍ ബാധിതനായ ഈശ്വര നായ്ക്കിന് വീട് നിര്‍മിച്ച് നല്‍കിയത് ശ്രദ്ധേയമായിരുന്നു. പാട്ടഌള, ഗോളിത്തടുക്ക, ബണ്‍പുത്തട്ക്ക, പള്ളത്തടുക്ക എന്നിവിടങ്ങളിലേക്കുള്ള റോഡ് നിര്‍മാണം, കുതുക്കോളി ബസ് സ്റ്റാന്‍ഡ് നിര്‍മാണം, കോളജ് ക്യാമ്പസിനുള്ളില്‍ പച്ചക്കറിത്തോട്ടം, വ്യക്തിത്വ വികസന ക്ലാസുകള്‍, വിവിധ ക്യാമ്പുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് കോളജിനെ ദേശീയ അവാര്‍ഡ് തേടിയെത്തിയത്.
അവാര്‍ഡ് ജേതാക്കള്‍ക്ക് കല്ലങ്കൈ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് സ്വീകരണം നല്‍കി. എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുര്‍ റസാഖ്, കോളജ് പ്രിന്‍സിപ്പല്‍ രാജലക്ഷ്മി, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എന്‍.എസ്.എസ്. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വി.എസ്. അനില്‍കുമാര്‍, എന്‍.എസ്.എസ്. മുന്‍ സ്‌റ്റേറ്റ് അവാര്‍ഡ് പ്രോഗ്രാം ഓഫീസര്‍ പ്രൊഫ. എ. ശ്രീനാഥ, മുന്‍ സ്റ്റേറ്റ് ലെയിസണ്‍ ഓഫീസര്‍ സി. അനിത ശങ്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.