Rescue | അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചിട്ടില്ല; തൃശ്ശൂരില്‍നിന്ന് ഉപകരണം എത്തിച്ച് ശ്രമം തുടരാന്‍ തീരുമാനം; മുഴുവന്‍ ചെലവുകളും വഹിക്കാന്‍ കര്‍ണാടക തയാറെന്നും സതീഷ് കൃഷ്ണ സെയില്‍
രക്ഷാദൗത്യം അവസാനിപ്പിക്കാന്‍ തങ്ങള്‍ക്ക് ഒരു ഉദ്ദേശ്യവുമില്ലെന്നും എം എല്‍ എ
തിരച്ചില്‍ നിര്‍ത്തുന്നതായുള്ള റിപോടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു
പിന്നാലെ ജനപ്രതിനിധികളുടെ അടക്കം ഇടയില്‍ നിന്നും ഉണ്ടായത് രൂക്ഷവിമര്‍ശനം
അങ്കോല: (KasargodVartha) കര്‍ണാടകയിലെ (Karnataka) ഷിരൂരില്‍ (Shiroor) മണ്ണിടിച്ചിലില്‍ (Landslide) കാണാതായ (Missing) കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള (Arjun) തിരച്ചില്‍ അവസാനിപ്പിക്കാന്‍ കര്‍ണാടക സര്‍കാരിന് യാതൊരു ഉദ്ദേശ്യവുമില്ലെന്ന് വ്യക്തമാക്കി കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍. മാതൃഭൂമി ന്യൂസ് സൂപ്പര്‍ പ്രൈം ടൈമില്‍ സംസാരിക്കവെയാണ് സതീഷ് കൃഷ്ണ സെയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
നിലവില്‍ തൃശ്ശൂരില്‍നിന്ന് ഒരു ഉപകരണം എത്തിച്ച് ശ്രമം തുരാനാണ് തീരുമാനം. ഈ ഉപകരണം എത്തിക്കുന്നതിനുവേണ്ട മുഴുവന്‍ ചെലവുകളും വഹിക്കാന്‍ കര്‍ണാടക തയാറാണെന്നും അദ്ദേഹം അറിയിച്ചു. കേരള കാര്‍ഷിക സര്‍വകലാശാലയുടെ കയ്യിലുള്ള ഉപകരണം എത്തിക്കുന്നതുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ കലക്ടര്‍ക്ക് ഞായറാഴ്ച രാവിലെ 11 മണിക്ക് സന്ദേശം അയച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കലക്ടര്‍ക്ക് അയച്ച സന്ദേശവും അദ്ദേഹം തെളിവായി പുറത്തുവിട്ടു. ഉപകരണം എത്തിക്കാനാവശ്യമായ പണം ഉടന്‍ തന്നെ അടയ്ക്കാന്‍ തയാറാണെന്ന് കലക്ടറെ അറിയിച്ചിട്ടുണ്ട്. രക്ഷാദൗത്യം അവസാനിപ്പിക്കാന്‍ തങ്ങള്‍ക്ക് ഒരു ഉദ്ദേശ്യവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇതേ ഉപകരണം സ്ഥലത്തെത്തിക്കുന്നതുമായി ബന്ധപ്പെട്ട കാര്യം തൃശ്ശൂര്‍ ജില്ലാ കലക്ടറുമായി താന്‍ സംസാരിച്ചിരുന്നുവെന്ന് വ്യക്തമാക്കി എകെഎം അശ്‌റഫ് എംഎല്‍എയും രംഗത്തെത്തി. മന്ത്രി മുഹമ്മദ് റിയാസുമായി വിഷയം എം വിജിന്‍ എംഎല്‍എയും സംസാരിച്ചിരുന്നു. എന്നാല്‍, യന്ത്രം സ്ഥലത്തെത്തിക്കുന്നതിന് മുമ്പ് ഷിരൂരില്‍ അത് ഉപയോഗിക്കാന്‍ കഴിയുമോ എന്ന സാധ്യത പരിശോധിക്കണമെന്നായിരുന്നു കാര്‍വാര്‍ എംഎല്‍എയും സ്ഥലത്തെ ജില്ലാ കലക്ടറും ആവശ്യപ്പെട്ടതെന്നും അശ്‌റഫ് വ്യക്തമാക്കി.
ഈ യന്ത്രം എത്തുന്നതോടെ നദിക്കടിയിലെ മണ്ണ് നീക്കംചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. യന്ത്രം ഉപയോഗിച്ച് ഇപ്പോള്‍ സംശയിക്കുന്ന നാല് ലൊകേഷനുകളിലേയും മണ്ണ് നീക്കം ചെയ്ത് പരിശോധിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും എകെഎം അശ്‌റഫ് എംഎല്‍എ പറഞ്ഞു.
നേരത്തെ, 13 ദിവസമായിട്ടും ഒരു തെളിവും കണ്ടെത്താത്തതിനെ തുടര്‍ന്ന് രക്ഷാദൗത്യം താത്ക്കാലികമായി അവസാനിപ്പിച്ചേക്കുമെന്ന റിപോര്‍ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ കേരളത്തിലെ ജനപ്രതിനിധികളടക്കം രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തിരച്ചില്‍ നിര്‍ത്തിയത് കേരളവുമായി കൂടിയാലോചിക്കാതെയെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സതീഷ് കൃഷ്ണ സെയില്‍ നേരിട്ട് തന്നെ വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയത്.