സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ
● ഡോ. വേണു രാജാമണി, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ സമിതിയിൽ
● വിൻസെന്റ് നെല്ലിക്കുന്നേൽ, സോയിമോൻ മാത്യു, കെ കെ ശ്രീജിത്ത് എന്നിവരും അംഗങ്ങൾ
● ഡോ. കെ കെ എൻ കുറുപ്പ് അധ്യക്ഷനായിരുന്ന സമിതിയുടെ കാലാവധി പൂർത്തിയായി
● പുതിയ കൗൺസിലിന്റെ കാലാവധി രണ്ട് വർഷമായിരിക്കും
കൊച്ചി: (KasargodVartha) ഇന്ത്യയിലെ രണ്ടാമത്തെ ഡിജിറ്റൽ മീഡിയ ഗ്രീവൻസ് ബോഡിയായ ഐഡിപിസിജിസി (ഇന്ത്യൻ ഡിജിറ്റൽ പബ്ലിഷേഴ്സ് കണ്ടന്റ് ഗ്രീവൻസ് കൗൺസിൽ) പുനഃസംഘടിപ്പിച്ചു. സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് ആണ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിലിന്റെ പുതിയ ചെയർമാൻ. സുപ്രീംകോടതി മുൻ ജസ്റ്റിസും ഹൈകോടതി മുൻ ചീഫ് ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമീഷൻ ആക്ടിംഗ് ചെയർമാനും കേരള ലോകായുക്തയുമായിരുന്നു ജസ്റ്റിസ് സിറിയക് ജോസഫ്.
പുതിയ സമിതിയിലെ അംഗങ്ങൾ
രാഷ്ട്രപതിയുടെ മുൻ പ്രസ് സെക്രട്ടറിയും നെതർലൻഡ്സിലെ മുൻ അംബാസഡറുമായിരുന്ന ഡോ. വേണു രാജാമണി ഐഎഫ്എസ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും പ്രമുഖ സാഹിത്യകാരനുമായ ഡോ. ജോർജ് ഓണക്കൂർ, ഡൽഹിയിലെ മുതിർന്ന മാധ്യമ പ്രവർത്തകനും 'ദീപിക' എഡിറ്ററുമായ ജോർജ് കള്ളിവയലിൽ എന്നിവരാണ് പുതിയ സമിതിയിലെ മറ്റ് അംഗങ്ങൾ. പുതുക്കിയ ഗ്രീവൻസ് കൗൺസിൽ അംഗങ്ങളുടെ പട്ടിക കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന് കൈമാറിയതായി കോം ഇന്ത്യ പ്രസിഡന്റ് വിൻസെന്റ് നെല്ലിക്കുന്നേൽ അറിയിച്ചു.
ഏഴംഗ ഗ്രീവൻസ് കൗൺസിൽ
ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ മീഡിയ മാനേജ്മെന്റ് അസോസിയേഷനായ കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ - ഇന്ത്യ (കോം ഇന്ത്യ)യുടെ ഗ്രീവൻസ് ബോഡിയാണ് ഐഡിപിസിജിസി. ഏഴംഗ ഗ്രീവൻസ് കൗൺസിലിൽ കേരള മീഡിയ അക്കാദമി ഭരണസമിതി അംഗവും കോം ഇന്ത്യ പ്രസിഡണ്ട് വിൻസെന്റ് നെല്ലിക്കുന്നേൽ, ജനറൽ സെക്രട്ടറി സോയിമോൻ മാത്യു, ട്രഷറർ കെ കെ ശ്രീജിത്ത് എന്നിവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
പുതിയ കൗൺസിൽ തിരഞ്ഞെടുപ്പ്
കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ കെ എൻ കുറുപ്പ് അധ്യക്ഷനായിരുന്ന കൗൺസിലിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് പുതിയ കൗൺസിലിനെ തെരഞ്ഞെടുത്തത്. ജൂലൈ ഏഴിന് കൊച്ചിയിൽ ചേർന്ന കോം ഇന്ത്യ ജനറൽ കൗൺസിൽ പുതിയ അംഗങ്ങളുടെ പേരുകൾ നിർദേശിക്കുകയും 18-ന് ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി ഇതിന് അംഗീകാരം നൽകുകയുമായിരുന്നു. രണ്ട് വർഷമാണ് പുതിയ കൗൺസിലിന്റെ കാലാവധി. 2021-ൽ രൂപീകരിച്ച ഡോ. കെ കെ എൻ കുറുപ്പ് അധ്യക്ഷനായിരുന്ന ആദ്യ ഗ്രീവൻസ് കൗൺസിൽ സമിതി രണ്ട് കാലാവധികൾ പൂർത്തിയാക്കിയാണ് ചുമതല ഒഴിയുന്നത്.
ഐടി നിയമപ്രകാരമുള്ള രൂപീകരണം
2021-ലെ ഐടി നിയമത്തിലെ മാനദണ്ഡങ്ങൾ പ്രകാരം കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ ഉത്തരവുപ്രകാരമാണ് കോം ഇന്ത്യ, ഇന്ത്യൻ ഡിജിറ്റൽ പബ്ലിഷേഴ്സ് കണ്ടന്റ് ഗ്രീവൻസ് കൗൺസിലിന് രൂപം നൽകിയത്. കേന്ദ്ര സർക്കാർ പുതിയ ഐടി ആക്ട് പാസാക്കുകയും 'ഇന്റർമീഡിയറി ഗൈഡ്‌ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്' പ്രകാരം ഗ്രീവൻസ് കൗൺസിലുകൾ രൂപീകരിക്കാൻ രാജ്യത്തെ മാധ്യമങ്ങൾക്ക് നിർദേശം നൽകുകയും ചെയ്തതിനുശേഷം രാജ്യത്ത് രണ്ടാമതും കേരളത്തിൽ ആദ്യവുമായി രൂപംകൊണ്ട ഗ്രീവൻസ് കൗൺസിൽ കോം ഇന്ത്യയുടെ ഐഡിപിസിജിസി ആണ്. അന്ന് രാജ്യത്തുതന്നെ ഏറ്റവും മാതൃകാപരമായി രൂപം നൽകിയ ഗ്രീവൻസ് കൗൺസിൽ കോം ഇന്ത്യയുടേതാണെന്ന പ്രശംസയും ലഭിച്ചിരുന്നു. കേരളത്തിൽ പരമ്പരാഗത പത്ര മാധ്യമങ്ങളുടെയും വാർത്താ ചാനലുകളുടെയും ഗ്രീവൻസ് കൗൺസിലുകൾക്ക് അംഗീകാരം ലഭിക്കുന്നതിനും ഒരു വർഷം മുൻപ് അംഗീകാരം ലഭിച്ചത് കോം ഇന്ത്യക്കാണെന്നത് ശ്രദ്ധേയമായിരുന്നു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. പുതിയ രാഷ്ട്രീയ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Justice Cyriac Joseph appointed as the new Chairman of COM India's IDPCGC.
#COMIndia #IDPCGC #JusticeCyriacJoseph #DigitalMedia #KeralaNews #MalayalamNews #AparnaNews






