Aadhaar details | ആധാര്‍ സൗജന്യമായി പുതുക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം; പെട്ടെന്നാകട്ടെ
ഓരോ ഇന്‍ഡ്യന്‍ പൗരന്റെയും പ്രധാന തിരിച്ചറിയല്‍ രേഖകളില്‍ ഒന്നാണ് ആധാര്‍ കാര്‍ഡ്
യുഐഡിഎഐ പോര്‍ടല്‍ വഴിയും ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രം സന്ദര്‍ശിച്ചും ആധാര്‍ പുതുക്കാം
ന്യൂഡെല്‍ഹി: (KasargodVartha) ആധാര്‍ ഇനിയും പുതുക്കിയില്ലേ, എങ്കില്‍ വേഗമാകട്ടെ, സൗജന്യമായി പുതുക്കാന്‍ ഇനി വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രമേ ഉള്ളൂ. ഓരോ ഇന്‍ഡ്യന്‍ പൗരന്റെയും പ്രധാന തിരിച്ചറിയല്‍ രേഖകളില്‍ ഒന്നാണ് ആധാര്‍ കാര്‍ഡ്. അതുകൊണ്ടുതന്നെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ക്ക് കൃത്യത ഉണ്ടായിരിക്കണം. യുണീക് ഐഡന്റിഫികേഷന്‍ അതോറിറ്റി ഓഫ് ഇന്‍ഡ്യ പറയുന്നതനുസരിച്ച് പത്ത് വര്‍ഷത്തിലേറെ കാലപ്പഴക്കം ചെന്ന ആധാര്‍ പുതുക്കുന്നത് നല്ലതാണെന്നാണ്.
യുഐഡിഎഐ പോര്‍ടല്‍ വഴിയും ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രം സന്ദര്‍ശിച്ചും ആധാര്‍ പുതുക്കാം. പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി, ലിംഗഭേദം, ജനനത്തീയതി തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ക്ക് പുറമെ, ആളുകള്‍ക്ക് അവരുടെ നിലവിലുള്ള കാര്‍ഡുമായി പുതിയ വിരലടയാളം, ഐറിസ് തുടങ്ങിയ ബയോമെട്രിക്സ് വിവരങ്ങള്‍ ലിങ്ക് ചെയ്യാനും കഴിയും.
ശ്രദ്ധിക്കേണ്ട കാര്യം:
ഓണ്‍ലൈന്‍ ആയി പുതുക്കുമ്പോള്‍ മാത്രമേ സൗജന്യം ഉണ്ടാകൂ. ജൂണ്‍ 15 വരെയാണ് ആധാര്‍ സൗജന്യമായി പുതുക്കാന്‍ കഴിയുക. മാര്‍ച് 14 വരെ ആയിരുന്നു നേരത്തെ നല്‍കിയിരുന്ന സമയ പരിധി. പിന്നീട് സൗജന്യ ഓണ്‍ലൈന്‍ ഡോക്യുമെന്റ് അപ് ലോഡ് സൗകര്യം യുഐഡിഎഐ 2024 ജൂണ്‍ 14 വരെ നീട്ടിയതാണ്.
അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ആധാര്‍ കേന്ദ്രങ്ങള്‍ വഴിയും സേവനം ലഭ്യമാകുന്നതിന് 50 രൂപയാണ് ഫീസ് നല്‍കേണ്ടത്.
ഓണ്‍ലൈന്‍ വഴി പുതുക്കാന്‍
https://myaadhaar(dot)uidai(dot)gov(dot)in/ ലോഗിന്‍ ചെയ്യുക
'ഡോക്യുമെന്റ് അപ്‌ഡേറ്റ്' ഓപ്ഷന്‍ ക്ലിക് ചെയ്യുക. നിങ്ങളുടെ നിലവിലുള്ള വിശദാംശങ്ങള്‍ കാണാന്‍ കഴിയും
വിശദാംശങ്ങള്‍ പരിശോധിച്ച് അടുത്ത ഹൈപര്‍ ലിങ്കില്‍ ക്ലിക് ചെയ്യുക.
ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് ഡോക്യുമെന്റുകളുടെ തെളിവ് എന്നിവ തിരഞ്ഞെടുക്കുക.
സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ അപ് ലോഡ് ചെയ്യുക