ജസ്വന്ത് സിംഗ്: വിടവാങ്ങിയത് ഭരണതന്ത്രഞ്ജതയിൽ കഴിവ് തെളിയിച്ച പട്ടാള ചിട്ടയുള്ള നേതാവ്
Sep 27, 2020, 13:06 IST
ന്യൂഡൽഹി: (www.kasargodvartha.com 27.09.2020) ഭരണതന്ത്രഞ്ജതയിൽ കഴിവ് തെളിയിച്ച പട്ടാള ചിട്ടയുള്ള നേതാവായിരുന്നു ഞായറാഴ്ച രാവിലെ അന്തരിച്ച മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് (82). ഡെൽഹി സൈനികാശുപത്രിയിൽ രാവിലെ 6.55ന് ആയിരുന്നു അന്ത്യം. വാജ്പേയ് മന്ത്രിസഭയിൽ വിദേശകാര്യ, പ്രതിരോധ, ധനമന്ത്രി ആയി തിളങ്ങിയ അദ്ദേഹം അഞ്ചുതവണ രാജ്യസഭാംഗവും നാലുതവണ ലോക്സഭാംഗവുമായിരുന്നു.
ഇക്കഴിഞ്ഞ ജൂൺ 25നാണ് ജസ്വന്ത് സിങ്ങിനെ രക്തത്തിലെ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ശരീരത്തിലെ അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുകയായിരുന്നു. തലയ്ക്ക് ക്ഷതം സംഭവിച്ചിരുന്നു. ഹൃദയാഘാതം സംഭവിച്ചാണു മരണമെന്ന് ആശുപത്രി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്.
രാജസ്‌ഥാനിലെ ബാർ മറിൽ ജനിച്ച ജസ്വന്ത് സിങ് 1980 മുതൽ നേതൃനിരയിലുണ്ട്. ഒൻപതു വർഷം രാജ്യസഭാംഗമായിരുന്നതിനു ശേഷമാണ് 1989ൽ ലോക്‌സഭയിലെത്തിയത്. സൈനികനായി സേവനം അനുഷ്ഠിച്ചിരുന്നു. വാജ്പേയ് മന്ത്രി സഭയിലെ കരുത്തനായ മന്ത്രിയായിരുന്നു. ധനകാര്യം, പ്രതിരോധം, വിദേശകാര്യം തുടങ്ങിയവയിൽ ശക്തമായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു.
വിദേശ നയതന്ത്രവും പ്രതിരോധ സുരക്ഷയുമായിരുന്നു ജസ്വന്തിന്റെ ഇഷ്‌ടമേഖലകൾ. കാർഗിൽ യുദ്ധം അതിർത്തിയിലുടനീളം പടരാതിരിക്കാനും പാർലമെന്റിനു നേർക്കുണ്ടായ ഭീകരാക്രമണം യുദ്ധത്തിൽ കലാശിക്കുന്നതു തടയാനും ജസ്വന്ത് നിർണായക പങ്കുവഹിച്ചു. പാർലമെന്റ് ആക്രമണത്തിനു തിരിച്ചടിയായി സൈനികാക്രമണത്തിനായി കേന്ദ്രമന്ത്രിസഭയുടെ രാഷ്‌ട്രീയകാര്യ സമിതിയിൽ എൽ കെ അഡ്വാനിയും ജോർജ് ഫെർണാണ്ടസും വാദിച്ചപ്പോൾ സംയമനത്തിനായി വാജ്‌പേയിക്കൊപ്പം ജസ്വന്ത് ശക്‌തമായി നിലയുറപ്പിച്ചതു നിർണായകമായി.
ജസ്വന്ത് എഴുതിയ ‘ജിന്ന: ഇന്ത്യ, വിഭജനം, സ്വാതന്ത്യം എന്ന പുസ്‌തകം വിവാദം ഇളക്കിവിട്ട പശ്‌ചാത്തലത്തിൽ 2009 ഓഗസ്‌റ്റ് 19ന്, അദ്ദേഹത്തെ ബിജെപി പ്രാഥമികാംഗത്വത്തിൽ നിന്നു പുറത്താക്കിയിരുന്നു. ജസ്വന്തിന്റെ പുസ്‌തകത്തിൽ പാക്കിസ്‌ഥാൻ സ്‌ഥാപക നേതാവായ മുഹമ്മദ് അലി ജിന്നയെ പ്രകീർത്തിച്ചതും സർദാർ പട്ടേലിനെ വിമർശിച്ചതുമാണ് കടുത്ത നടപടിക്കു കാരണമായത്.
2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കളായ അഡ്വാനിക്കും മുരളീമനോഹർ ജോഷിക്കും സീറ്റ് നൽകിയിട്ടും വാജ്‌പേയി സർക്കാരിൽ മൂന്നാമനായിരുന്ന തനിക്കു സീറ്റ് നിഷേധിക്കപ്പെട്ടതു ജസ്വന്ത് സിങ്ങിനെ പ്രകോപിപ്പിച്ചിരുന്നു. വിമതനായി മൽസരിച്ചു പാർട്ടിയിൽനിന്നു പുറത്താകാൻ സാഹചര്യമൊരുങ്ങിയത് അങ്ങനെയാണ്. രാജസ്‌ഥാനിലെ ബാർമേർ മണ്ഡലത്തിൽ സ്വതന്ത്രനായി മൽസരിച്ചുവെങ്കിലും പരാജയപ്പെട്ടു.
പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ട ജസ്വന്തിനെ വീണ്ടും തിരിച്ചെത്തിക്കുന്നതു സംബന്ധിച്ച ചർച്ചകൾക്കിടെ 2014 ഓഗസ്റ്റ് എട്ടിനാണ് ഇദ്ദേഹത്തെ വീട്ടിൽ വീണു ബോധരഹിതനായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലയ്ക്കേറ്റ ക്ഷതം അദ്ദേഹത്തെ കോമയിലേക്ക് തള്ളിയിടുകയായിരുന്നു.
Keywords: National, News, Death, Minister, MP, BJP, Leader, Treatment, Hospital, Top-Headlines, Jaswant Singh: A retired military leader who proved his mettle in diplomacy.
< !- START disable copy paste -->