Freedom Fighters | ആയുധത്തേക്കാള്‍ പലപ്പോഴും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ നയിച്ചത് ആശയങ്ങള്‍; അത്തരത്തില്‍ ജനങ്ങളെ ഇളക്കി മറിച്ച നേതാക്കളുടെ ചില ആഹ്വാനങ്ങള്‍ ഇതാ!
ന്യൂഡെല്‍ഹി: (KasargodVartha) രാജ്യം 77 ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ വേളയില്‍ അന്ന് നേതാക്കള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ അണിനിരക്കാന്‍ ജനങ്ങളെ ആഹാനം ചെയ്ത വാക്കുകള്‍ തീര്‍ചയായും അറിഞ്ഞിരിക്കേണ്ടതാണ്. രണ്ടു നൂറ്റാണ്ടോളം നീണ്ട ബ്രിട്ടീഷ് ഭരണത്തിന് അറുതി വരുത്തിയ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം ചരിത്രത്തിലെ ഏടുകളില്‍ ഒന്നാണ്.
ഒരു സാധാരണ പോരാട്ടമായിരുന്നില്ല ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം. ആയുധത്തെക്കാള്‍ പലപ്പോഴും ആശയങ്ങളാണ് അതിനെ നയിച്ചത്. നാടിന്റെ അഭിമാനം കാത്തുരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായ നേതാക്കന്‍മാരുടെ വാക്കുകള്‍ സമരമുഖത്തേക്ക് ജനകോടികളെ ആകര്‍ഷിച്ചു. ഇതിന്റെ ഫലമായി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യവും ലഭിച്ചു.
നമ്മുടെ സ്വാതന്ത്ര്യസമരസേനാനികളുടെ കൂട്ടായ ശ്രമത്തിന്റെ ഫലമാണ് 1947ല്‍ നമുക്ക് സ്വാതന്ത്ര്യം നേടാന്‍ സാധിച്ചത്. നമ്മള്‍ ഇന്ന് അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം പലരും ജീവന്‍ വെടിഞ്ഞതിന്റെ ഫലമായി ലഭിച്ചതാണ്. ബ്രിട്ടിഷ് ആധിപത്യത്തില്‍ നിന്നും മോചനം നേടുന്നതിനുവേണ്ടി ഇന്ത്യയില്‍ പല ഭാഗത്തായി വിവിധ സമരങ്ങള്‍ നടന്നു. ഈ സമര സംരംഭങ്ങളെ മൊത്തത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരം എന്നു പറയാന്‍ സാധിക്കും.
ഇന്ത്യയില്‍ കച്ചവടം ലക്ഷ്യമിട്ടാണ് ബ്രിട്ടീഷുകാര്‍ എത്തിയത്. എന്നാല്‍ പിന്നീട് ഇന്ത്യയുടെ ഭരണം കൈക്കലാക്കല്‍ ആയി അവരുടെ പ്രധാന ലക്ഷ്യം. അനുകൂല സാഹചര്യങ്ങള്‍ ചൂഷണം ചെയ്ത് അവര്‍ ഭരണം പിടിച്ചെടുത്തു. ഇതിനെതിരെ 19ആം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ ചെറിയ തോതിലുള്ള സമരങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു.
ബ്രിട്ടീഷുകാരുടെ ആധിപത്യത്തിന് തുടക്കം കുറിച്ച 1757 ലെ പ്ലാസി യുദ്ധം മുതല്‍ ആരംഭിച്ച് 1857ലെ ശിപായി ലഹളയും 1947 ലെ ഐതിഹാസികമായ സ്വാതന്ത്ര്യ പ്രഖ്യാപനവും എല്ലാം ഓരോ ഭാരതീയന്റെയും രാജ്യത്തോട് ചേര്‍ത്തു നിര്‍ത്തുന്ന ഓര്‍മകളാണ്. മറ്റൊരു സ്വാതന്ത്ര്യ ദിനം കൂടി അടുത്തെത്തി നില്‍ക്കുമ്പോള്‍ സ്വാതന്ത്ര്യ ദിനത്തെക്കുറിച്ചും അതിന്റെ പ്രത്യേകതകളെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കേണ്ടതാണ്.
ഏകദേശം 200 വര്‍ഷത്തെ ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് 1947 ആഗസ്റ്റ് 15 ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഒട്ടനവധി ജീവനുകള്‍ ബലി നല്‍കേണ്ടി വന്നു. മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യ സമര പ്രവര്‍ത്തനങ്ങള്‍ക്ക് നേരിടേണ്ടി വന്ന വെല്ലുവിളികള്‍ ചെറുതൊന്നുമായിരുന്നില്ല. നിരവധി പ്രസ്ഥാനങ്ങളും നേതാക്കളും, അവരുടെ മൂര്‍ചയേറിയ വാക്കുകളുമെല്ലാം പോരാട്ടത്തിന് ഊര്‍ജം പകര്‍ന്നു. അത്തരം ചില ആഹ്വാനങ്ങളെ നമുക്ക് പരിചയപ്പെടാം.
1. ചന്ദ്രശേഖര്‍ ആസാദ്.
ഇനിയും നിങ്ങളുടെ രക്തം തിളയ്ക്കുന്നില്ലെങ്കില്‍ നിങ്ങളുടെ ഞരമ്പുകളില്‍ ഓടുന്നത് വെറും വെള്ളമായിരിക്കും. മാതൃഭൂമിയുടെ സേവനത്തിനു വേണ്ടിയല്ലെങ്കില്‍ പിന്നെന്തിനാണീ യുവത്വം.
2. ബാലഗംഗാധര തിലകന്‍
സ്വരാജ്യം എന്റെ ജന്മാവകാശമാണ്. ഞാന്‍ അത് നേടുകതന്നെ ചെയ്യും
3. ഭഗത് സിങ്
ബോംബുകളും തോക്കുകളുംകൊണ്ട് വിപ്ലവം നടത്താനാവില്ല. വിപ്ലവത്തിന്റെ വാള്‍ മൂര്‍ച്ച കൂട്ടേണ്ടത് ആശയങ്ങളുടെ ഉരകല്ലിലാണ്
4. സുഭാഷ് ചന്ദ്രബോസ്
ഒരു വ്യക്തി മരിച്ചേക്കാം. എന്നാല്‍ ആശയം മരണശേഷവും നിലനില്‍ക്കുകയും ആയിരങ്ങള്‍ക്ക് ജീവന്‍ നല്‍കുകയും ചെയ്യും
5. അഷ്ഫാക്കുള്ളാ ഖാന്‍
ആശയത്തിനുവേണ്ടി ഇല്ലാതാവുക. എന്തിനുവേണ്ടിയാണോ ഞാന്‍ ഇല്ലാതാവാന്‍ പോകുന്നത്, അതിനുവേണ്ടി എന്റെ മക്കളും പോരാടണമെന്നതാണ് എന്റെ സ്വപ്‌നം.