യുകെയില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെ ഭയപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധര്‍
ന്യൂഡെല്‍ഹി: (www.kasargodvartha.com 02.01.2021) യുകെയില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെ ഭയപ്പെടേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച വെബിനാറില്‍ ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു. ഡെല്‍ഹി എയിംസ് ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് ഈ വിഷയത്തെ അധികരിച്ച് സംസാരിച്ചത്. രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ടെന്നും മെഡിക്കല്‍ സംഘം വിലയിരുത്തി.
ഇന്ത്യയില്‍ ഇതുവരെ 25 പേരിലാണ് യുകെ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരെല്ലാം തന്നെ മാനദണ്ഡങ്ങളനുസരിച്ച് ഐസൊലേഷനിലാണുള്ളത്. തീര്‍ച്ചയായും ഈ വൈറസിന്റെ വ്യാപനം തടയേണ്ടതുണ്ട്, അതേസമയം വലിയ തോതിലുള്ള ആശങ്ക ഇതെച്ചൊല്ലി ആവശ്യമില്ല- ഡോക്ടര്‍മാരുടെ സംഘം ചൂണ്ടിക്കാട്ടി.
'ഇന്ത്യയെ സംബന്ധിച്ച് വലിയൊരു വിഭാഗം കോവിഡ്-19നെതിരെ ഇമ്മ്യൂണിറ്റി ആര്‍ജ്ജിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാകുന്നത്. കോവിഡ് കേസുകളുടെ എണ്ണം കുറയുന്നത് ഇതിനുദാഹരണമാണ്. മഹാരാഷ്ട്രയിലെ ധാരാവി തന്നെ ഇതിന് തെളിവായെടുക്കാം..'- എയിംസില്‍ നിന്നുള്ള ഡോ. സഞ്ജയ് റായ് പറഞ്ഞു.
'ഇപ്പോള്‍ കണ്ടെത്തപ്പെട്ടിട്ടുള്ള യുകെ വൈറസ് രോഗം തീവ്രമാക്കാന്‍ കഴിവുള്ള രോഗകാരിയല്ല. അങ്ങനെ തെളിയിക്കുന്ന ഒരു വിവരങ്ങളും പുറത്തുവന്നിട്ടില്ല. അതിനാല്‍ തന്നെ വലിയ ആശങ്ക വേണ്ടതില്ല. ഇതിനെതിരെ വാക്സിന് ഫലപ്രദമായിരിക്കില്ല എന്ന പ്രചാരണങ്ങളും വിശ്വസിക്കരുത്. അങ്ങനെയൊരു മുന്‍വിധിയിലേക്ക് നാമിപ്പോള്‍ എത്തേണ്ടതില്ല. അതേസമയം കോവിഡ് മാനദണ്ഡങ്ങള്‍ ഇനിയും കൃത്യമായി പാലിക്കേണ്ടതുണ്ട്. അക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നത് ഗുണകരമല്ല..'- ഫോര്‍ടിസ് ആശുപത്രിയില്‍ നിന്നുള്ള ഡോ. ജെ സി സൂരി പറഞ്ഞു.
Keywords: News, National, India, New Delhi, Health, COVID-19, Top-Headlines, India moving towards herd immunity as Covid-19 cases declining, no need to panic over UK virus strain: Health experts