Languages | ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന രാജ്യം ഇന്ത്യയല്ല!
പുരാവസ്തു ശാസ്ത്രം അനുസരിച്ചുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ തമിഴ് ഭാഷയാണ് ഏറ്റവും പഴക്കമുള്ളത്
(KasargodVartha) ഇന്ന് ഏത് രാജ്യത്തെ ആളുകൾക്കും പരസ്പര ബന്ധത്തിന് ഭാഷാ പരിജ്ഞാനം ആവശ്യമാണ്. ഭാഷ കൈകാര്യം ചെയ്യാൻ പ്രാവീണ്യം ഉണ്ടെങ്കിൽ എവിടെയും പിടിച്ചു കയറാമെന്ന അവസ്ഥയായിരിക്കുന്നു. ലോകത്ത് ഒരുപാട് ഭാഷകൾ ഉണ്ട്. അവയൊന്നും പരസ്പരം അടുത്തും വ്യത്യാസപ്പെട്ടും നിൽക്കുന്നു.
ഈ കാലത്തിൽ ഭാഷാ പരിജ്ഞാനം എന്നത് അത്യാവശ്യ ഘടകം തന്നെ. ലോകത്ത് എത്ര ഭാഷകൾ ഉണ്ടെന്ന കാര്യത്തിൽ കൃത്യമായ ഒരു കണക്ക് ആരുടെയും കയ്യിൽ കാണാൻ ഇടയില്ല. എന്നാൽ ലോകത്ത് ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന രാജ്യമേതെന്ന് ചോദിച്ചാൽ ചിലർക്കെങ്കിലും കൃത്യമായ ഉത്തരമുണ്ടാകും. ലോകത്ത് ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന രാജ്യത്തെ പരിചയപ്പെടുത്തുന്നു ജസ്റ്റിൻ പെരേര തൻ്റെ കുറിപ്പിലൂടെ. അതിലെ ഭാഗങ്ങൾ ഇങ്ങനെ:
'ലോകത്തിൽ ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന രാജ്യം ഏതാണെന്ന് ചോദിച്ചാൽ പെട്ടെന്ന് നമ്മുടെ മനസിൽ വരിക 'ഇന്ത്യ' തന്നെ ആയിരിക്കും. 28 സംസ്ഥാനങ്ങളും, 142 കോടി ജനങ്ങളും, എണ്ണിയാലൊടുങ്ങാത്ത സംസ്കാരങ്ങളും, വൈവിധ്യങ്ങളും, വിശ്വാസങ്ങളും, ആചാരങ്ങളും ഒക്കെയുള്ള ഇന്ത്യ തന്നെ ആയിരിക്കും, അല്ലേ? പക്ഷേ അല്ല. പസഫിക് സമുദ്രത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത്, ഓസ്‌ട്രേലിയയുടെ വടക്ക് ഭാഗത്തും, ഇന്തോനേഷ്യയുടെ കിഴക്ക് ഭാഗത്തുമായി സ്ഥിതി ചെയ്യുന്ന, ഇന്ത്യയുടെ ഏഴിൽ ഒന്ന് മാത്രം വലിപ്പമുള്ള, ഒരു കോടി ജനങ്ങൾ മാത്രമുള്ള 'പാപ്പ്വ ന്യൂ ഗിനി' (Papua New Guinea) എന്ന ദ്വീപസമൂഹത്തിലാണ് ഏറ്റവും കൂടുതൽ ഭാഷകൾ കൈകാര്യം ചെയ്യുന്നത്, 840 ഭാഷകൾ!
ഇന്ത്യയിൽ തദ്ദേശീയ ഭാഷകൾ ഉൾപ്പെടെ 780 ഭാഷകളാണ് ഉള്ളത്. ഇംഗ്ലീഷ് ഉൾപ്പെടെ 23 ഭാഷകൾ ഔദ്യോഗിക ഭാഷകളാണ് ഇന്ത്യയിൽ. പാപ്പ്വ ന്യൂ ഗിനി-ക്ക് തൊട്ടു താഴെ 707 ഭാഷകളുമായി ഇന്തോനേഷ്യയും, 517 ഭാഷകളുമായി നൈജീരിയയുമുണ്ട്. നാലാം സ്ഥാനത്താണ് ഇന്ത്യ. പക്ഷെ, ഭാഷയുടെ കാര്യത്തിൽ ഇന്ത്യയ്ക്ക് അഭിമാനിക്കാൻ വേറൊരു കാര്യമുണ്ട്. ലോകത്തിലെ ഏറ്റവും പഴയ ഭാഷ ഇന്ത്യയുടേതാണ്, നമ്മുടെ 'തമിഴ് ഭാഷ'. ഏകദേശം 5000 വർഷങ്ങൾ പഴക്കമുണ്ട് തമിഴ് ഭാഷയ്ക്ക്. പുരാതന ഭാഷകളിൽ ഇന്നും ജനങ്ങൾ ഉപയോഗിക്കുന്ന ഭാഷയാണ് തമിഴ് ഭാഷ.
ഇന്ത്യയിൽ സംസ്കൃതമാണ് ഏറ്റവും പഴക്കമുള്ള ഭാഷയെന്ന് ചില വിഭാഗങ്ങൾ അവകാശം ഉന്നയിക്കുന്നുണ്ടെങ്കിലും പുരാവസ്തു ശാസ്ത്രം അനുസരിച്ചുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ തമിഴ് ഭാഷ തന്നെയാണ് ഏറ്റവും പഴക്കമുള്ളത്.
എന്തു കൊണ്ടായിരിക്കാം 'പാപ്പ്വ ന്യൂ ഗിനി'-യിൽ ഇത്രയധികം ഭാഷകൾ വന്നത്? ഒറ്റപ്പെട്ടു കിടക്കുന്ന 600-ൽപ്പരം ദ്വീപുകളാണ് പാപ്പ്വ ന്യൂ ഗിനി-യിൽ ഉള്ളത്. കൂടാതെ, വനങ്ങളാലും, പർവതങ്ങളാലും ഒരു ദ്വീപിൽ ഉള്ളവർ തന്നെ പരസ്പരം ഒറ്റപ്പെട്ട് ജീവിക്കുന്നുണ്ട്. അക്കാരണങ്ങൾ കൊണ്ട് തന്നെയാണ് 840 ഭാഷകൾ ഇവിടെ രൂപം കൊണ്ടത്. ഒരുപക്ഷെ, ഈ ഭാഷകൾക്കൊക്കെ ചെറിയ വ്യത്യാസങ്ങൾ മാത്രമേ കാണാൻ സാധ്യതയുള്ളൂ. എന്നാൽ ഏറ്റവും മനോഹരമായ ഭാഷ മലയാളം തന്നെയാണ്. ഇംഗ്ലീഷിൽ 'I apologize for not being able to hear you properly ' എന്ന് നീട്ടിപ്പറയുന്ന ഒരു വാചകത്തിന് മലയാളത്തിൽ ഇത്രേം പറഞ്ഞാൽ മതി, 'ങേ?'... ഇപ്പോൾ മനസ്സിലായില്ലെ ലോകത്തിലെ ഭാഷകളുടെ പ്രാധാന്യം. ഒപ്പം ഏറ്റവും സുന്ദരമായ മലയാളം തന്നെയാണെന്നും'.