ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസ് പ്രാബല്യത്തില്‍; എക്‌സൈസ് തീരുവ കുറച്ചതിനാല്‍ ഇന്ധന വില വര്‍ധിക്കില്ല
ന്യൂഡെല്‍ഹി: (www.kasargodvartha.com 02.02.2021) കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച ഇന്ധന സെസ് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. എക്‌സൈസ് തീരുവ കുറച്ചതിനാല്‍ ഇന്ധന വില തല്‍ക്കാലം വര്‍ധിക്കില്ല. അതേസമയം ഇറക്കുമതി തീരുവ കുറച്ചതിനാല്‍ സ്വര്‍ണത്തിനും വെള്ളിക്കും വിലകുറയും. എന്നാല്‍ ഇന്ധന സെസ് ഏര്‍പ്പെടുത്തിയത് കേന്ദ്രത്തിന്റെ പ്രതികാര നടപടിയാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. കാര്‍ഷിക അടിസ്ഥാന വികസന സെസ് എന്ന പേരിലാണ് ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ധനത്തിന് പുതിയ സെസ് ഏര്‍പ്പെടുത്തിയത്.
കാര്‍ഷിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടിയാണ് പ്രത്യേക സെസ്. പെട്രോള്‍ ലിറ്ററിന് രണ്ടര രൂപയും ഡീസലിന് നാലു രൂപയുമാണ് വര്‍ധിക്കുക. ചൊവ്വാഴ്ച മുതല്‍ സെസ് നിലവില്‍ വരും. എന്നാല്‍ സെസ് ഏര്‍പ്പെടുത്തിയത് കേന്ദ്രത്തിന്റെ പ്രതികാര നടപടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം വിമര്‍ശിച്ചു. ചരിത്രത്തില്‍ ആദ്യമായി ട്രാക്ടര്‍ റാലി നടത്തിയ ആയിരത്തിലധികം കര്‍ഷകരോട് കേന്ദ്രം പ്രതികാരം തീര്‍ക്കുകയാണ്. ഫെഡറലിസത്തിനെതിരായ കടന്നുകയറ്റമാണ് നടക്കുന്നത്. സെസ് ഏര്‍പ്പെടുത്തിയതിലൂടെ സംസ്ഥാനങ്ങള്‍ക്ക് ഒന്നും ലഭിക്കുന്നില്ലെന്നും ചിദംബരം പറഞ്ഞു.
എന്നാല്‍ എക്‌സൈസ് തീരുവ ഒഴിവാക്കിയത് വഴി ഇന്ധന വില താത്ക്കാലികമായി വര്‍ധിക്കില്ല. പുതിയ കസ്റ്റംസ് തീരുവയിലും കേന്ദ്രം മാറ്റം വരുത്തി. ഒക്ടോബര്‍ ഒന്ന് മുതലാണ് ഇത് നിലവില്‍ വരിക. ലെതര്‍ ഉത്പന്നങ്ങള്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ഇറക്കുമതി ചെയ്യുന്ന ഓട്ടോമൊബൈല്‍ ഭാഗങ്ങള്‍ സോളാര്‍ സെല്‍ എന്നിവക്കാണ് വില കൂടുന്നത്. ആഭ്യന്തര ഉത്പാദനത്തിന് മാറ്റം വരുത്തുന്നതിന് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായാണ് കസ്റ്റംസ് തീരുവയില്‍ മാറ്റം വരുത്തിയത്. ഇതോടെ സ്വര്‍ണം, വെള്ളി, വൈദ്യുതി, ചെരുപ്പ്, ഇരുമ്പ്, സ്റ്റീല്‍ ചെമ്പ് എന്നിവക്ക് വില കുറയുകയും ചെയ്യും.
Keywords: New Delhi, news, National, Budget, UnionBudget2021, Business, Top-Headlines, In effect of the fuel cess announced in the budget; Fuel prices will not increase as excise duty is reduced