city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Voter Id linking | ആധാര്‍ വോടര്‍ പട്ടികയുമായി ബന്ധിപ്പിച്ചോ? ആശങ്ക വേണ്ട! എളുപ്പത്തിൽ ഇങ്ങനെ ചെയ്യാം

കാസർകോട്: (www.kasargodvartha.com) വോട്ടര്‍ പട്ടിക ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നു. കളക്ടറേറ്റിലെ തിരഞ്ഞെടുപ്പ് വിഭാഗത്തിന് കീഴില്‍ വിവിധ മേഖലകളിലാണ് ബോധവത്കരണം. സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (എസ്വിഇഇപി) സംവിധാനം വഴിയാണ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. ഇലക്ടറല്‍ ലിറ്ററസി ക്ലബുകളുടെ ആഭിമുഖത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്ന പ്രവര്‍ത്തനം ജില്ലയില്‍ തുടരുകയാണ്.
  
Voter Id linking | ആധാര്‍ വോടര്‍ പട്ടികയുമായി ബന്ധിപ്പിച്ചോ? ആശങ്ക വേണ്ട! എളുപ്പത്തിൽ ഇങ്ങനെ ചെയ്യാം

ഇതു വഴി 18 വയസ്സ് തികയുമ്പോള്‍ത്തന്നെ വോട്ടര്‍ പട്ടികയില്‍ ഇവര്‍ക്ക് സ്വന്തം പേര് ചേര്‍ക്കാനാകും. പിന്നീടുള്ള തെറ്റുതിരുത്തല്‍, വിവരങ്ങള്‍ ബന്ധിപ്പിക്കല്‍ മുതലായവ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി സ്വയം ചെയ്യാനും വിദ്യാര്‍ഥികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. അതോടൊപ്പം വിദ്യാര്‍ഥികള്‍ തങ്ങളുടെ കുടുംബാംഗങ്ങളുടെ ആധാറും വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കുന്നതിനുമുള്ള പരിശീലനവും നല്‍കുന്നു. ഇത്തരത്തില്‍ വളരെ വേഗത്തില്‍ ജില്ലയില്‍ മുഴുവന്‍ ഈ പദ്ധതി വ്യാപിപ്പിക്കാനാകുമെന്നാണ് വിലയിരുത്തല്‍.

നിലവില്‍ ജില്ലയിലെ 20.34 ശതമാനം വോട്ടര്‍മാര്‍ മാത്രമാണ് ഈ യജ്ഞത്തില്‍ പങ്കാളികളായിരിക്കുന്നത്. കാസര്‍കോട് ഗവണ്‍മെന്റ് കോളജിലെ ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബ് വിദ്യാര്‍ഥികള്‍ക്കാണ് നിലവില്‍ പരിശീലനം നല്‍കിയത്. ജില്ലയിലെ മറ്റു കോളജുകളിലും പരിശീലന പരിപാടികള്‍ നടത്തും. കൂടാതെ ജില്ലയിലെ പ്രധാന ടൗണുകള്‍ കേന്ദ്രീകരിച്ച് മൈക്ക് അനൗണ്‍സ്മെന്റ്, പോസ്റ്റര്‍, ലഘുലേഖ എന്നിവ വഴിയും സാമൂഹ്യമാധ്യമങ്ങളിലൂടെയും പ്രചരണം നടക്കുന്നു.

കളക്ടറേറ്റ് , താലൂക്കുകള്‍, വില്ലേജുകള്‍ എന്നിവിടങ്ങളില്‍ ഹെല്‍പ് ഡെസ്‌കുകളും പ്രവര്‍ത്തിച്ചുവരുന്നു. വോട്ടര്‍ ഐഡി കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ബിഎല്‍ഒമാരും സദാസമയവും സന്നദ്ധരായി രംഗത്തുണ്ട്. ജില്ലയിലെ മത, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുകയും പ്രചരണപ്രവര്‍ത്തനത്തില്‍ പങ്കാളികളാകുകയും ചെയ്തിട്ടുണ്ട്. എം.എല്‍.എമാരായ എന്‍.എ.നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ് എന്നിവര്‍ ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിച്ചു.

ആഗസ്റ്റ് ഒന്നിന് നിലവില്‍വന്ന ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ രാജ്യമെമ്പാടും ഈ പ്രചാരണപരിപാടി നടത്തുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ WWW(dot)NSVP(dot)IN എന്ന വെബ്സൈറ്റ് വഴിയും 'വോട്ടര്‍ ഹെല്‍പ് ലൈന്‍' എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ബി.എല്‍.ഓമാര്‍ വഴിയും നിലവില്‍ ഈ സേവനങ്ങള്‍ ലഭ്യമാണ്.


ഭേദഗതി എന്തിന്?

പുതിയ ഭേദഗതിയനുസരിച്ച് പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള യോഗ്യതാ തിയതി വര്‍ഷത്തില്‍ നാലു തവണയാക്കി. ജനുവരി ഒന്ന്, ഏപ്രില്‍ ഒന്ന്, ജൂലായ് ഒന്ന്, ഒക്ടോബര്‍ ഒന്ന് എന്നീ തീയതികള്‍ക്കു മുന്‍പ് 18 വയസ് തികയുന്നവര്‍ക്ക് ഇനിമുതല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. സെക്ഷന്‍ 20 (6) അനുസരിച്ച് സര്‍വീസ് വോട്ടര്‍മാര്‍ അപേക്ഷിക്കുമ്പോള്‍ ഭാര്യ എന്നതിനു പകരം 'പങ്കാളി' എന്നു മാറ്റി.

ആധാറുമായി ബന്ധിപ്പിക്കുന്നതുവഴി വോട്ടര്‍ പട്ടിക ശുദ്ധീകരണം, ഇരട്ടിപ്പ് ഒഴിവാക്കല്‍, വോട്ടറുടെ ഐഡന്റിറ്റി ഉറപ്പാക്കല്‍ തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്.


ആശങ്ക വേണ്ടാ

ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കുന്നതുവഴി സ്വകാര്യവിവരങ്ങളുടെ സുരക്ഷയില്‍ ആശങ്ക വേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. യുഐഡിഎഐ സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരമാണ് ആധാര്‍ വിവരങ്ങള്‍ സൂക്ഷിക്കുന്നത്.


എങ്ങനെ ബന്ധിപ്പിക്കാം

വോട്ടര്‍ ഹെല്‍പ് ലൈന്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ആധാര്‍ ബന്ധിപ്പിക്കുന്നവിധം

1. പ്ലേ സ്റ്റോറില്‍നിന്ന് 'voter helpline' എന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക.

2.ആപ്പ് തുറന്ന് ' വോട്ടര്‍ രജിസ്ട്രേഷന്‍' എന്നതില്‍ ക്ലിക്ക് ചെയ്യുക.

3. 'ഇലക്ടറല്‍ ഓതന്റിഫിക്കേഷന്‍ ഫോം' (ഫോം 6ബി) സെലക്ട് ചെയ്ത് 'lets start' എന്നതില്‍ ക്ലിക്ക് ചെയ്യുക.

4. അപേക്ഷകന്‍ മൊബൈല്‍ നമ്പര്‍ അടിച്ചുകൊടുത്തശേഷം 'send otp' കൊടുക്കുക.

5. ഒ.ടി.പി. കൊടുത്ത ശേഷം 'verify' ചെയ്യുക

6.'yes i have voter id number ' ക്ലിക്ക് ചെയ്തശേഷം 'next' കൊടുക്കുക.

7. ബന്ധിപ്പിക്കേണ്ട തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ നല്‍കിയശേഷം 'state' തിരഞ്ഞെടുത്ത് 'fetch details' ക്ലിക്ക് ചെയ്ത് 'proceed' കൊടുക്കുക.

8. വിവരങ്ങള്‍ ശ്രദ്ധാപൂര്‍വം വായിച്ച് 'next' കൊടുക്കുക

9. തുടര്‍ന്ന് വരുന്ന പേജില്‍ ആധാര്‍ കാര്‍ഡ് നമ്പര്‍, മൊബൈല്‍ നമ്പര്‍, സ്ഥലം എന്നിവ കൊടുത്തശേഷം 'done' ക്ലിക്ക് ചെയ്യുക.

10. ഫോം 6(ബി)യിലെ വിവരങ്ങള്‍ ശ്രദ്ധാപൂര്‍വം വായിച്ച് 'confirm' കൊടുക്കുക.

11. തുടര്‍ന്ന് 'ok' കൊടുക്കുക.

12. നേരത്തെ നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് 'reference id' സന്ദേശമായി ലഭിക്കും.

Keywords:  Kasaragod, Kerala, News, National, Vote, Voters list, College, Students, Government, Information, Top-Headlines, Latest-News,  How to link voter ID with Aadhaar card.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia