Accident | പുണെയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് പൈലറ്റടക്കം 3 പേര്‍ക്ക് ദാരുണാന്ത്യം
● ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തിനശിച്ചു.
● അപകടത്തെക്കുറിച്ച് ഡിജിസിഎ അന്വേഷണം.
● കനത്ത മൂടല്‍മഞ്ഞ് ഉണ്ടായിരുന്നതായി വിവരം.
മുംബൈ: (KasargodVartha) മഹാരാഷ്ട്രയിലെ പുണെയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് (Helicopter Crashes) മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. രാവിലെ 6.45നാണ് സംഭവം. പുണെയിലെ ബവ്ധാന്‍ (Bavdhan) ബുദ്രുക്ക് പ്രദേശത്താണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. അപകടത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പറന്നുയര്‍ന്ന ഉടന്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീഴുകയായിരുന്നു.
അപകടത്തില്‍ മൂന്നുപേര്‍ മരിച്ചതായി പിംപ്രി ചിഞ്ച്വാഡ് പോലീസ് കമ്മീഷണര്‍ വിനോയ്കുമാര്‍ ചൗബെയാണ് സ്ഥിരീകരിച്ചത്. മരിച്ചവരില്‍ ഒരാള്‍ പൈലറ്റാണ്. ഗിരീഷ് കുമാര്‍ പിള്ള, പ്രീതംചന്ദ് ഭരദ്വാജ്, പരംജീത് എന്നിവരാണ് മരിച്ചത്. ഓക്സ്ഫോര്‍ഡ് ഗോള്‍ഫ് കോഴ്സ് റിസോര്‍ട്ടില്‍ നിന്ന് ജുഹുവിലേക്കുള്ള യാത്രയിലായിരുന്നു ഹെലികോപ്റ്ററെന്ന് അദ്ദേഹം പറഞ്ഞു.
ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തിനശിച്ചു. ഹെറിറ്റേജ് ഏവിയേഷന്‍ എന്ന കമ്പനിയുടെ കീഴിലുള്ള ഹെലികോപ്ടര്‍ ആണ് അപകടത്തില്‍പ്പെട്ടത്. സംഭവ സമയത്ത് കനത്ത മൂടല്‍മഞ്ഞ് ഉണ്ടായിരുന്നതായി പ്രദേശവാസികളില്‍നിന്നും വിവരം ലഭിച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അപകടത്തെക്കുറിച്ച് ഡിജിസിഎ അന്വേഷണം ആരംഭിക്കുമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വിശാല്‍ ഗെയ്ക്വാദ് പറഞ്ഞു.
ഓഗസ്റ്റ് 24 നും സമാന അപകടം നടന്നിരുന്നു. മുംബൈയിലെ ജുഹുവില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട സ്വകാര്യ ഹെലികോപ്റ്റര്‍ പോഡിലെ ഒരു ഗ്രാമത്തിന് സമീപം തകര്‍ന്നുവീണിരുന്നു. അപകടത്തില്‍ പൈലറ്റ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടിരുന്നു.
#PuneHelicopterCrash #IndiaNews #AviationAccident #RIP #Tragedy