Alliance | ഹരിയാന തിരഞ്ഞെടുപ്പ്; സിപിഎമ്മുമായുള്ള സഖ്യം കോണ്‍ഗ്രസിന് ഗുണം ചെയ്യുമോ?
● കര്‍ഷക പ്രക്ഷോഭം, അഗ്‌നിവീര്‍ പ്രതിഷേധം, ഗുസ്തിക്കാരുടെ രോഷം തുടങ്ങിയവയെല്ലാം ബിജെപിക്ക് വിനയായി
● ലോക് സഭ തിരഞ്ഞെടുപ്പില്‍ കണ്ടത് ജെജെപിയും ഐഎന്‍എല്‍ഡിയും തകര്‍ന്നടിഞ്ഞ കാഴ്ച
ന്യൂഡെല്‍ഹി: (KasargodVartha) 90 നിയമസഭാ സീറ്റുകളുള്ള ഹരിയാനയില്‍ ഒക്ടോബര്‍ അഞ്ചിനാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇത്തവണ സംസ്ഥാനത്ത് കോണ്‍ഗ്രസിനാണ് മുന്‍തൂക്കം കല്‍പ്പിക്കുന്നത്. രാഷ്ട്രീയ നിരീക്ഷകരെല്ലാം ഇതേ അഭിപ്രായം തന്നെയാണ് നടത്തുന്നത്.
10 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഹരിയാനയില്‍ ഭരണത്തിലെത്താനുള്ള സാഹചര്യമാണ് കോണ്‍ഗ്രസിനു തുറന്നുകിട്ടിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും സമാസമം സീറ്റ് സ്വന്തമാക്കിയ (55) ഹരിയാനയിലെ 90 നിയമസഭാ മണ്ഡലങ്ങളില്‍ 46 എണ്ണത്തില്‍ കോണ്‍ഗ്രസാണ് മുന്നില്‍ നില്‍ക്കുന്നത്. 44 സീറ്റുകളില്‍ ബിജെപിയും.
നിലവില്‍ ബിജെപിക്ക് 41 സീറ്റും കോണ്‍ഗ്രസിന് 29 സീറ്റുമാണ് ഹരിയാന നിയമസഭയിലുള്ളത്. മറ്റ് പാര്‍ട്ടികള്‍: ജെജെപി (10), ഐഎന്‍എല്‍ഡി (1), എച്ച് എല്‍ പി (1), സ്വതന്ത്രര്‍ (6). മോദിയെ മുന്‍നിര്‍ത്തിയുള്ള ലോക് സഭാ തിരഞ്ഞെടുപ്പില്‍ പോലും കോണ്‍ഗ്രസിന് മുന്‍തൂക്കം ലഭിക്കാനായതിനാല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചുവരവ് നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ഭൂപീന്ദര്‍ സിങ് ഹൂഡയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്.
കര്‍ഷക പ്രക്ഷോഭം, അഗ്‌നിവീര്‍ പ്രതിഷേധം, ഗുസ്തിക്കാരുടെ രോഷം തുടങ്ങിയവയെല്ലാം ഹരിയാന ബിജെപിയുടെ ജനകീയ അടിത്തറയ്ക്കു വിള്ളല്‍ വീഴ്ത്തി. ഹരിയാനയുടെ ഗ്രാമമേഖലകളില്‍, വിശേഷിച്ചും ജാട്ട് വിഭാഗക്കാര്‍ക്കും കര്‍ഷകര്‍ക്കുമിടയില്‍ സ്വാധീനമുള്ള 'ചൗട്ടാല പാര്‍ട്ടി'കളായ ജെജെപിയും ഐഎന്‍എല്‍ഡിയും തകര്‍ന്നടിഞ്ഞ കാഴ്ചയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കണ്ടത്.
ഇവര്‍ക്ക് കെട്ടിവച്ച കാശുപോലും നഷ്ടമായി. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 14.8% വോട്ട് നേടി ബിജെപിക്കൊപ്പം ഭരണം പങ്കിട്ട ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിക്ക് ഇത്തവണ കിട്ടിയത് 0.87% മാത്രം. മുത്തച്ഛന്‍ ഓം പ്രകാശ് ചൗട്ടാലയുടെ ഐഎന്‍എല്‍ഡിക്ക് കിട്ടിയത് വെറും 1.74%.
ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ സഖ്യത്തില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസും സി പി എമ്മും ധാരണയായിട്ടുണ്ട്. ഒരു സീറ്റിലാണ് സി പി എം മത്സരിക്കുന്നത്. ബാക്കി 89 സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കും. പാര്‍ട്ടിയുടെ ശക്തി കേന്ദ്രം കൂടിയായ ഭിവാനി മണ്ഡലമാണ് സി പി എമ്മിന് നല്‍കിയത്. മുതിര്‍ന്ന നേതാവ് ഓംപ്രകാശാണ് മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നത്. ഭിവാനി ജില്ലാ സെക്രട്ടറി കൂടിയാണ് ഓംപ്രകാശ്.
ഓംപ്രകാശിലൂടെ ഭിവാനി മണ്ഡലത്തില്‍ വിജയ പ്രതീക്ഷയിലാണ് സി പി എം. കര്‍ഷക സമരം അടക്കം കൊടുമ്പിരി കൊണ്ടുനിന്നിരുന്ന സംസ്ഥാനത്ത് മുന്നേറ്റം ഉണ്ടാക്കാനാകുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. ഓംപ്രകാശിന് മണ്ഡലത്തില്‍ മികച്ച പിന്തുണയുണ്ടെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ബാങ്ക് ജീവനക്കാരനായിരുന്ന പ്രകാശ് 2014- യുസിഒ ബാങ്കിന്റെ ചീഫ് മാനേജരായിരിക്കെ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ ജോലിയില്‍ നിന്നും സ്വയം വിരമിക്കുകയായിരുന്നു. രാഷ്ട്രീയേതര സംഘടനയായ ജന്‍ സംഘര്‍ഷ് സമിതിയുടെ നേതാവ് കൂടിയായ ഓംപ്രകാശിന് സമൂഹത്തില്‍ വലിയ പിന്തുണയുണ്ട്. 2018 ല്‍ കര്‍ഷക സമരത്തിനിടെ ഓംപ്രകാശ് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇതൊക്കെ അനുകൂല ഘടകമായി പാര്‍ട്ടി കാണുന്നു.
ഹരിയാനയില്‍ 35 വര്‍ഷം മുന്‍പാണ് ആദ്യമായും അവസാനമായും സി പി എം വിജയിച്ചത്. ടോഹാന മണ്ഡലത്തില്‍ നിന്നും 1987 ല്‍ ഹര്‍പാല്‍ സിങ് ആയിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് ജനപ്രീതിയുടെ കൊടുമുടിയില്‍ നിന്നിരുന്ന ദേവിലാല്‍ രൂപീകരിച്ച ലോക് ദള്‍ (ബി) യുമായി സഖ്യത്തിലാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ മത്സരിച്ചിരുന്നത്. സി പി എമ്മിനും സി പി ഐക്കും ഓരോ സീറ്റാണ് ലഭിച്ചത്. സി പി ഐയും അന്ന് ആദ്യമായി വിജയിച്ചു. ഷഹബാദ് മണ്ഡലമാണ് സി പി ഐക്ക് നല്‍കിയത്. അവിടെ നിന്നും ഹര്‍ണം സിങ് ആയിരുന്നു ജയിച്ചത്.
സി പി ഐയുമായി കോണ്‍ഗ്രസിന് സഖ്യമില്ല. സി പി ഐയുമായും പാര്‍ട്ടി ചര്‍ച്ച നടത്തിയിരുന്നു. സോഹ്ന സീറ്റ് സി പി ഐക്ക് വാഗ്ദാനം ചെയ്‌തെങ്കിലും അത് അംഗീകരിക്കാന്‍ നേതൃത്വം തയാറായില്ല. ഇതോടെ ചര്‍ച്ചകള്‍ അവസാനിക്കുകയായിരുന്നു.
1991 ല്‍ ഹരിയാന വികാസ് പാര്‍ട്ടിയുമായുള്ള സഖ്യത്തില്‍ നാല് സീറ്റുകളില്‍ സി പി എം മത്സരിച്ചിരുന്നുവെങ്കിലും ഒരിടത്ത് പോലും വിജയിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ഇടതുപാര്‍ട്ടികള്‍ തനിച്ച് മത്സരിച്ചെങ്കിലും വിജയിച്ചില്ല.
ആം ആദ്മി പാര്‍ട്ടിയുമായുള്ള കോണ്‍ഗ്രസിന്റെ സഖ്യചര്‍ച്ചകളും നേരത്തേ അവസാനിച്ചിരുന്നു. ആം ആദ്മിയുമായി സഖ്യം വേണമെന്ന നിലപാടിലായിരുന്നു തുടക്കം മുതല്‍ ദേശീയ നേതൃത്വം. എന്നാല്‍ സീറ്റ് വിഭജനം കല്ലുകടിയാവുകയായിരുന്നു. 20 സീറ്റുകളോളമായിരുന്നു ആം ആദ്മി ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കാന്‍ പാര്‍ട്ടി തയാറായിരുന്നില്ല. ആറു സീറ്റുകള്‍ വരെ നല്‍കാം എന്നായിരുന്നു കോണ്‍ഗ്രസിന്റെ വാഗ് ദാനം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ആം ആദ്മി തയാറായില്ല. എന്നിരുന്നാലും തിരഞ്ഞെടുപ്പിന് ശേഷം ഇരുപാര്‍ട്ടികളും സഖ്യമുണ്ടാക്കുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ഒക്ടോബര്‍ എട്ടിനാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത്. അന്ന് അറിയാം ആരാണ് കൂടുതല്‍ കേമന്‍മാരെന്ന്.
#HaryanaElection2024 #CongressAlliance #BJP #CPM #FarmersProtest #IndianPolitics