Election Agenda | ഹരിയാന തിരഞ്ഞെടുപ്പ്; സ്ത്രീകള്‍ക്ക് പ്രതിമാസം 2000 രൂപ, 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടറുകള്‍, ജാതി സര്‍വേയും ഉള്‍പ്പെടെ 7 ഗ്യാരണ്ടികളുമായി കോണ്‍ഗ്രസിന്റെ പ്രകടന പത്രിക
● പാവപ്പെട്ടവര്‍ക്ക് 3.5 ലക്ഷം രൂപ വിലയുള്ള 2 മുറികളുള്ള വീട്
● വികലാംഗ പെന്‍ഷനും വിധവാ പെന്‍ഷനും 600 വീതം
● വയോജനങ്ങള്‍ക്കും വിധവകള്‍ക്കും പ്രതിമാസം 6,000 രൂപ പെന്‍ഷന്‍
ന്യൂഡെല്‍ഹി: (KasargodVartha) ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജാതി സര്‍വേയും വിളകളുടെ താങ്ങുവിലയും ഉള്‍പ്പെടെ ഏഴ് ഗ്യാരണ്ടികളുമായി കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കി. പ്രകടന പത്രികയിലെ ഈ ഉറപ്പുകള്‍ തങ്ങള്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപനങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, മുന്‍ ഹരിയാന മഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ, ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉദയ് ബന്‍ എന്നിവരും ഖാര്‍ഗെയ്‌ക്കൊപ്പം ഡെല്‍ഹിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ആസ്ഥാനത്ത് സന്നിഹിതരായിരുന്നു.
സ്ത്രീ ശാക്തീകരണം, സാമൂഹിക സുരക്ഷ, യുവാക്കളുടെ സുരക്ഷിതഭാവി, കുടുംബക്ഷേമം തുടങ്ങി സാധാരണക്കാര്‍ക്കുള്ള വീടുവരെ കോണ്‍ഗ്രസ് വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടുന്നു. പാവപ്പെട്ടവര്‍ക്ക് വീട്. 3.5 ലക്ഷം രൂപ വിലയുള്ള 2 മുറികളുള്ള വീട് ഉറപ്പാക്കുമെന്നാണ് വാഗ് ദാനം.
18 മുതല്‍ 60 വയസ്സിനിടയിലുള്ള എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 2000 രൂപ നല്‍കും. വികലാംഗ പെന്‍ഷനും വിധവാ പെന്‍ഷനും 600 വീതം നല്‍കും. ഗ്യാസ് സിലിണ്ടറുകള്‍ 500 രൂപയ്ക്ക് ലഭ്യമാക്കുമെന്നും പ്രകടന പത്രിക വ്യക്തമാക്കുന്നു.
സാമൂഹികസുരക്ഷ ഉറപ്പുവരുത്തുന്നതിന് വയോജനങ്ങള്‍ക്കും വിധവകള്‍ക്കും പ്രതിമാസം 6,000 രൂപ പെന്‍ഷന്‍ നല്‍കും. കൂടാതെ, പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു. പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള അവകാശങ്ങള്‍ ഉറപ്പാക്കും. ഇതിനായി ജാതി സെന്‍സസ് നടത്തും. യുവാക്കളുടെ സുരക്ഷിതഭാവിക്കായി രണ്ടു ലക്ഷം ഒഴിവുള്ള തസ്തികകളിലേക്ക് നിയമനം നടത്തും. ലഹരി വിമുക്ത ഹരിയാന ഉറപ്പാക്കുമെന്നും കോണ്‍ഗ്രസ് പ്രകടന പത്രിക വ്യക്തമാക്കുന്നു.
300 യൂണിറ്റ് സൗജന്യ വൈദ്യുതിയും 25 ലക്ഷം രൂപ വരെ സൗജന്യ ചികിത്സയും പാര്‍ട്ടി വാഗ്ദാനം ചെയ്യുന്നു. കര്‍ഷക ക്ഷേമത്തിനായി താങ്ങുവിലയുടെ കാര്യത്തില്‍ നിയമപരമായ ഉറപ്പ് നല്‍കും. ക്രീമിലെയര്‍ പരിധി ആറ് ലക്ഷത്തില്‍ നിന്ന് പത്ത് ലക്ഷമായി ഉയര്‍ത്തുമെന്നും കോണ്‍ഗ്രസ് ഉറപ്പുനല്‍കുന്നു.
90 നിയമസഭാ സീറ്റുകളുള്ള ഹരിയാനയില്‍ ഒക്ടോബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്. ഫലം ഒക്ടോബര്‍ എട്ടിന് പ്രഖ്യാപിക്കും.
#HaryanaElections, #CongressManifesto, #WomenEmpowerment, #MSP, #OldPensionScheme, #FreeElectricity