Farmer Protest | രാജ്യം വീണ്ടും കർഷക പ്രക്ഷോഭത്തിലേക്ക്; കണ്ണടച്ച് കേന്ദ്രസർക്കാർ
● സമരത്തെ നേരിടാൻ വലിയ സന്നാഹങ്ങളാണ് ഹരിയാന സർക്കാർ ഒരുക്കിയിരിക്കുന്നത്.
● കർഷക നേതാവ് ജഗജിത് സിംഗ് കഴിഞ്ഞ ഒരുമാസമായി പഞ്ചാബ് അതിർത്തിയിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തിവരുന്നുണ്ട്.
● വിഷയം ഗുരുതരമാണെന്ന് കണ്ട് കർഷകരോട് സുപ്രീംകോടതിയെ സമീപിക്കാൻ കോടതി തന്നെ നിർദ്ദേശിച്ചിട്ടുണ്ട്.
എംഎ മൂസ
ന്യൂഡൽഹി: (KasargodVartha) രണ്ടാം മോഡി സർക്കാറിന്റെ കാലത്ത് കേന്ദ്രസർക്കാരിനെ പിടിച്ചു കുലുക്കിയ കർഷക സമരം വീണ്ടും ശക്തിയാർജിച്ച് തിരിച്ചെത്തുന്നുവെന്നാണ് പഞ്ചാബിൽ നിന്നും, ഹരിയാനയിൽ നിന്നും വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.
കേന്ദ്രസർക്കാരും, കർഷകരും നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ മൂന്നാം മോഡി സർക്കാറും അവഗണിക്കുകയാണെന്ന ആരോപണവുമായാണ് കർഷകർ വീണ്ടും തെരുവിലിറങ്ങുന്നത്. ഒരു ഭാഗത്ത് കർഷക സമര നേതാക്കളുടെ നിരാഹാര സമരം, മറുഭാഗത്ത് പഞ്ചാബിൽ ട്രെയിൻ തടയൽ സമരം, അതിനിടയിൽ ഡൽഹി ചലോ മാർച്ച്. ഇതൊക്കെ വരാനിരിക്കുന്ന വലിയ സമരങ്ങളുടെ സൂചനയായി കർഷകർ കേന്ദ്രസർക്കാറിന് മുന്നറിയിപ്പ് നൽകി കഴിഞ്ഞു.
സമരത്തെ നേരിടാൻ വലിയ സന്നാഹങ്ങളാണ് ഹരിയാന സർക്കാർ ഒരുക്കിയിരിക്കുന്നത്. ഹരിയാന-ഡൽഹി അതിർത്തിയിൽ കർഷകരെ തടഞ്ഞു വെച്ചിരിക്കുകയാണ് ഹരിയാന പൊലീസ്.
എന്നാൽ കർഷക സമരത്തെ കേന്ദ്രസർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. ഹരിയാന നിയമസഭയിൽ ബിജെപിക്കുണ്ടായ തിളക്കമാർന്ന ജയം കർഷക സമരത്തെ അവഗണിക്കുന്നതിന് കാരണമായിട്ടുണ്ട്. ബിജെപിയെ തോൽപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയ കോൺഗ്രസിന്റെ സ്ഥാനാർത്ഥിനിർണയത്തിൽ ഉണ്ടായ പാളിച്ചകളും, ആത്മവിശ്വാസവും ബിജെപിയുടെ വിജയത്തിന് കാരണമായെന്ന് കർഷകർ തന്നെ കുറ്റപ്പെടുത്തുന്നുമുണ്ട്. അതുകൊണ്ടുതന്നെ കർഷകസമരത്തിനുള്ള കോൺഗ്രസിന്റെ പിന്തുണ അവർ ഗൗരവമായി ഉൾക്കൊള്ളുന്നുമില്ല.
കർഷകരുമായി കേന്ദ്രസർക്കാർ നേരത്തെ സമരം അവസാനിപ്പിക്കാൻ ഉണ്ടാക്കിയ കരാർ പ്രകാരം കാർഷിക വിളകൾക്ക് താങ്ങുവില ഉറപ്പാക്കി നിയമം പാസാക്കണമെന്നായിരുന്നു. എന്നാൽ ഈ വാഗ്ദാനം കേന്ദ്രസർക്കാർ അവഗണിച്ചു. ഈ ആവശ്യം മുൻനിർത്തിയാണ് ഇപ്പോൾ കർഷകർ സമരരംഗത്ത് ഇറങ്ങിയിരിക്കുന്നത്.
കർഷക നേതാവ് ജഗജിത് സിംഗ് കഴിഞ്ഞ ഒരുമാസമായി പഞ്ചാബ് അതിർത്തിയിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തിവരുന്നുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനെ തുടർന്നാണ് പഞ്ചാബിൽ കർഷകർ ട്രെയിൻ തടയൽ സമരം നടത്തിയത്. അതിനിടെ ഡൽഹി ചലോ മാർച്ചിന് നേരെ ഹരിയാന പൊലീസ് വെടിയുതിർത്തു, നിരവധി കർഷകർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇതോടെയാണ് സമരത്തിന്റെ സ്വഭാവം കർഷകർ മാറ്റാൻ ഒരുങ്ങുന്നത്. രാജ്യം വീണ്ടുമൊരു കർഷക സമരത്തിലേക്കാണ് നീങ്ങുന്നത്.
വിഷയം ഗുരുതരമാണെന്ന് കണ്ട് കർഷകരോട് സുപ്രീംകോടതിയെ സമീപിക്കാൻ കോടതി തന്നെ നിർദ്ദേശിച്ചിട്ടുണ്ട്. നേരത്തെ കർഷക സമരവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ പ്രവർത്തനം നിഷ്ക്രിയമാണെന്ന് കർഷക നേതാക്കൾ ആരോപിച്ചിരുന്നു. ഇതേ തുടർന്ന് കമ്മിറ്റി വിളിച്ചു ചേർത്ത യോഗം കർഷകർ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.
#FarmerProtest #ModiGovernment #HaryanaProtest #PunjabFarmers #AgricultureRights #NationalProtest