9 Peaple Found Dead | റൈസ് പുള്ളര്‍ തട്ടിപ്പ്: ഒരു കുടുംബത്തിലെ 9 പേരെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു
Jun 21, 2022, 20:13 IST
മുംബൈ: (www.kvartha.com) റൈസ് പുള്ളര്‍ തട്ടിപ്പിനിരയായി ഒരു കുടുംബത്തിലെ ഒമ്പതു പേരെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലാണ് നടുക്കുന്ന സംഭവം റിപോര്‍ട് ചെയ്തത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.
മരിച്ച കുടുംബത്തിലെ ഗൃഹനാഥന്മാരായ രണ്ടുപേരും കടക്കെണിയിലാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. സാംഗ്ലി ജില്ലയിലെ മഹൈസല്‍ ഗ്രാമത്തില്‍ രണ്ട് വീടുകളില്‍ കഴിഞ്ഞിരുന്ന രണ്ട് സഹോദരന്മാരും അവരുടെ കുടുംബത്തിലെ ഒമ്പത് അംഗങ്ങളുമാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പോപട് വാന്‍മോര്‍ (54), ഡോ. മണിക് വാന്‍മോര്‍ (49), അവരുടെ അമ്മ അക്തായ് വാന്‍മോര്‍ (74), അര്‍ചന വാന്‍മോര്‍ (29), സംഗീത പോപട് വാന്‍മോര്‍ (46), ശുഭം പോപട് വാന്‍മോര്‍ (24), മണിക് വാന്‍മോര്‍ (43), പ്രതീക്ഷ മണിക് വാന്‍മോര്‍ (20), ആദിത്യ മണിക് വാന്‍മോര്‍ (16) ആയി രേഖ എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പോപറ്റ് വാന്‍മോര്‍ അധ്യാപകനായിരുന്നു, മണിക് വാന്‍മോര്‍ ഒരു വെറ്ററിനറി ഡോക്ടറായിരുന്നു.
മരണത്തെ കുറിച്ച് പൊലീസ് പറയുന്നത്:
സംഭവത്തില്‍ 25 പേര്‍ക്കെതിരെ കേസെടുത്തു. 13 പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്. അതിനിടെ മഹൈസല്‍ ഗ്രാമത്തിലെ നിവാസികള്‍, വാന്‍മോര്‍ സഹോദരന്മാര്‍ ചില റൈസ് പുള്ളറുടെ ഇടപാടിനെക്കുറിച്ച് സംസാരിക്കാറുണ്ടെന്ന് പറഞ്ഞു. രണ്ട് സഹോദരങ്ങളും ഏതോ വിദേശ കംപനിയില്‍ നിന്ന് 3000 കോടി രൂപ വാങ്ങാന്‍ പോവുകയാണെന്ന് കേട്ടിരുന്നു. എന്നാല്‍ ഇത് ആളുകള്‍ക്കിടയില്‍ നടക്കുന്ന ചര്‍ച മാത്രമാണെന്നും ഇപ്പോള്‍ ഇത് സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നും സാംഗ്ലി എസ്പി പറഞ്ഞു.
റൈസ് പുള്ളര്‍ ഇടപാടില്‍ സഹോദരന്മാര്‍ക്ക് പങ്കുണ്ടെന്ന് മഹൈസല്‍ ഗ്രാമത്തില്‍ ചര്‍ചയുണ്ട്. 'റൈസ് പുള്ളര്‍' എന്ന ലോഹം കണ്ടെത്തിയാല്‍ വന്‍ ലാഭമുണ്ടാക്കുമെന്ന് ഒരു സംഘം വാന്‍മോര്‍ സഹോദരങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു. രണ്ട് സഹോദരന്മാരും സംഘത്തിന്റെ പിടിയില്‍ അകപ്പെട്ട് ഇത്തരമൊരു ഇടപാടിനായി കടം വാങ്ങുകയായിരുന്നു എന്നാണ് ആരോപണം.
'റൈസ് പുള്ളര്‍' തട്ടിപ്പുകള്‍ മഹാരാഷ്ട്രയിലെ ഗ്രാമപ്രദേശങ്ങളില്‍ സാധാരണമാണ്. ചെമ്പിന്റെയും ഇറിഡിയത്തിന്റെയും അലോയ് ആയ മാജികല്‍ മെറ്റല്‍ റൈസ് പുള്ളറില്‍ നിക്ഷേപിക്കാന്‍ ആളുകളെ പ്രേരിപ്പിക്കാനാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്ന സംഘം ശ്രമിക്കുന്നത്. മിന്നലുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനാല്‍ റൈസ് പുള്ളറില്‍ അമാനുഷിക ശക്തി സൃഷ്ടിക്കപ്പെടുന്നുവെന്ന് അവകാശപ്പെടുന്നു.
റൈസ് പുള്ളര്‍ (അത് ഒരു പാത്രം, ഗ്ലാസ് അല്ലെങ്കില്‍ പ്രതിമ എന്നിവയുടെ ആകൃതിയിലാകാം) കാന്തിക ശക്തി കാരണം വളരെ വിലമതിക്കുന്നുവെന്നും ഉപഗ്രഹങ്ങളിലും ബഹിരാകാശത്തും സൗരോര്‍ജം ഉത്പാദിപ്പിക്കാന്‍ നാസ പോലുള്ള ശാസ്ത്ര സ്ഥാപനങ്ങള്‍ ഉപയോഗിക്കാമെന്നും തട്ടിപ്പുകാര്‍ അവകാശപ്പെടുന്നു. കോടികള്‍ മുടക്കി പലരും ഇത് വാങ്ങുന്നു. എന്നാല്‍ ഇവരില്‍ നിന്ന് 'റൈസ് പുള്ളര്‍' വാങ്ങാന്‍ ഒരു സംഘടനയും വരുന്നില്ല എന്നത് ശ്രദ്ധേയമാണ്.
രണ്ട് സഹോദരന്മാരും പലരില്‍ നിന്നും പണം കടം വാങ്ങിയിട്ടുണ്ടെന്ന് കോലാപൂര്‍ റേഞ്ച് ഐജി മനോജ്കുമാര്‍ ലോഹ്യ പറഞ്ഞു. മൃതദേഹങ്ങള്‍ കണ്ടെത്തിയ വീടുകള്‍ക്കിടയില്‍ ഒന്നര കിലോമീറ്റര്‍ ദൂരമുണ്ട്. മണിക് വാന്‍മോറിന്റെ വീട്ടില്‍ അദ്ദേഹവും ഭാര്യ, അമ്മ, മകള്‍, മകന്‍, മരുമകന്‍ എന്നിവര്‍ ഉള്‍പെടെ ആറ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായും പോപറ്റ് വാന്‍മോറിന്റെയും ഭാര്യയുടെയും മകളുടെയും മൃതദേഹങ്ങള്‍ 1.5 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു വീട്ടിലുമാണ് കണ്ടെത്തിയത്.
മണിക് വാന്‍മോറിന്റെ വീട്ടില്‍ നിന്ന് പാല്‍ എടുക്കാന്‍ ആരും വരാത്തതിനാല്‍ ഗ്രാമത്തിലെ ഒരു പെണ്‍കുട്ടി അന്വേഷിക്കാനായി പോവുകയായിരുന്നു. എന്നാല്‍ അവിടുത്തെ കാഴ്ച കണ്ട പെണ്‍കുട്ടി ഗ്രാമത്തിലുള്ളവരോട് വിവരം പറഞ്ഞു. ഇക്കാര്യം പോപറ്റ് വാന്‍മോറിനെ അറിയിക്കാന്‍ വീട്ടിലെത്തിയപ്പോള്‍ അവിടെയും മൂന്ന് മൃതദേഹങ്ങള്‍ കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.
ജീവിതം അവസാനിപ്പിക്കാന്‍ എന്തെങ്കിലും വിഷ പദാര്‍ഥങ്ങള്‍ കഴിച്ചതാകാമെന്ന് സംശയിക്കുന്നു. സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ ആത്മഹത്യ കുറിപ്പിലെ പേരുകളുടെ അടിസ്ഥാനത്തില്‍ 25 പേര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്തു. 13 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അമിതമായി കടം വാങ്ങിയിരുന്നതായി കുറിപ്പില്‍ പറയുന്നു. മരിച്ചവരില്‍ ഒരാളായ പോപറ്റ് വാന്‍മോറിന് ചില ക്രെഡിറ്റ് സ്ഥാപനങ്ങളില്‍ നിന്ന് നോടിസുകളും ലഭിച്ചിരുന്നു.
രണ്ട് സഹോദരന്മാരും ചില ബിസിനസുകള്‍ക്കായി പണം കൈപറ്റിയതായി ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന് സാംഗ്ലി എസ് പി ദീക്ഷിത് ഗെദാമും പറഞ്ഞു. എന്നിരുന്നാലും, അവരുടെ ബിസിനസ് എന്തായിരുന്നു എന്ന കാര്യം പരിശോധിക്കും. എന്നാല്‍ വിശദമായ അന്വേഷണവും പോസ്റ്റ്‌മോര്‍ടം റിപോര്‍ടും ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ.
Keywords: Same family people committed suicide by falling in trap of rice puller deal in Maharashtra, Mumbai, News, Dead Body, Police, Probe, Top-Headlines, Family, Letter, National.