Obituary | ബിഹാര്‍ മുന്‍ ഉപ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദി അന്തരിച്ചു; വിലപ്പെട്ട സഹപ്രവര്‍ത്തകന്റെ വിയോഗത്തില്‍ ഞാന്‍ അതീവ ദുഃഖിതനാണെന്ന് അനുശോചിച്ച് പ്രധാനമന്ത്രി
*നിതീഷ് കുമാര്‍ സര്‍കാരിനൊപ്പം ദീര്‍ഘകാലം സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
*അടിയന്തരാവസ്ഥകാലത്തെ പൊതുപ്രവര്‍ത്തനത്തിന്റെ പേരില്‍ 19 മാസത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
*കോട്ടയം സ്വദേശിയായ ജെസ്സി ജോര്‍ജാണ് ഭാര്യ.
പട്‌ന: (KasargodVartha) ബിഹാര്‍ മുന്‍ ഉപ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ സുശീല്‍ കുമാര്‍ മോദി (72) അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ആറ് മാസമായി താന്‍ അര്‍ബുദവുമായി പോരാടുകയാണെന്ന് സുശീല്‍ മോദി നേരത്തെ വ്യക്തമാക്കിയിരുന്നു. ഭാര്യ കോട്ടയം സ്വദേശിയായ ജെസ്സി ജോര്‍ജ്. മക്കള്‍: ഉത്കര്‍ഷ്, അക്ഷയ്. സംസ്‌കാരം ചൊവ്വാഴ്ച (14.05.2024) നടക്കും.
ബിഹാറില്‍ ബി ജെ പിയുടെ മുന്‍നിര നേതാവായിരുന്നു. ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ താരപ്രചാരകരുടെ പട്ടികയില്‍ ഉള്‍പെടുത്തിയിരുന്നെങ്കിലും രോഗബാധിതനായതോടെ സജീവ പാര്‍ടി പ്രവര്‍ത്തനത്തില്‍നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.
രാജ്യസഭാ കാലാവധി അവസാനിച്ചതിനുശേഷം വീണ്ടും ടികറ്റ് നല്‍കിയിരുന്നില്ല. അതുകൊണ്ടുതന്നെ ലോക്‌സഭാ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നായിരുന്നു സൂചന. എന്നാല്‍, രോഗം മൂര്‍ഛിച്ചതോടെ വിട്ടുനിന്നു. നിതീഷ് കുമാര്‍ സര്‍കാരിനൊപ്പം ദീര്‍ഘകാലം സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാലു സഭകളിലും അംഗമെന്ന അപൂര്‍വ നേട്ടത്തിന് ഉടമയാണ് സുശീല്‍ മോദി. 2005-2013 കാലത്തും 2017-2020 കാലത്തും ബിഹാറിന്റെ ഉപമുഖ്യമന്ത്രിയായി.
വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് അദ്ദേഹം പൊതുപ്രവര്‍ത്തന രംഗത്ത് എത്തുന്നത്. പട്ന യൂണിവേഴ്സിറ്റിയിലെ മുന്‍ ജെനറല്‍ സെക്രടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എ ബി വി പിയുടേയും ബി ജെ പിയുടേയും സംഘടനാതലത്തിലെ ചില നിര്‍ണായക പദവികളും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥകാലത്തെ പൊതുപ്രവര്‍ത്തനത്തിന്റെ പേരില്‍ 19 മാസത്തോളം സുശീല്‍ കുമാര്‍ മോദി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
സൗമ്യനായ രാഷ്ട്രീയക്കാരന്‍ എന്ന നിലയ്ക്കാണ് സുശീല്‍ കുമാര്‍ മോദി അറിയപ്പെടുന്നത്. ജെ ഡി യു - ബി ജെ പി സഖ്യത്തെ ഉറപ്പിച്ചുനിര്‍ത്തുന്നതില്‍ സുശീല്‍ കുമാര്‍ മോദി നിര്‍ണായക പങ്കാണ് വഹിച്ചത്. നിതീഷ് കുമാറുമായി അടുത്ത ബന്ധമാണ് അദ്ദേഹം പുലര്‍ത്തിയിരുന്നത്.
സുശീല്‍ കുമാര്‍ മോദിയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി മോദി തന്റെ വേര്‍പിരിഞ്ഞ സഹപ്രവര്‍ത്തകര്‍ക്ക് അനുശോചനം അറിയിച്ചു. 'പാര്‍ടിയിലെ എന്റെ വിലപ്പെട്ട സഹപ്രവര്‍ത്തകനും പതിറ്റാണ്ടുകളായി എന്റെ സുഹൃത്തുമായിരുന്ന സുശീല്‍ മോദി ജിയുടെ ആകസ്മിക വിയോഗത്തില്‍ ഞാന്‍ അതീവ ദുഃഖിതനാണ്. ബിഹാറിലെ ബി ജെ പിയുടെ ഉയര്‍ച്ചയിലും വിജയത്തിലും അദ്ദേഹം നിസ്തുലമായ പങ്ക് വഹിച്ചു.'- പ്രധാനമന്ത്രി മോദി എക്സില്‍ കുറിച്ചു.
ബിഹാര്‍ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് തേജസ്വി യാദവ് എന്നിവരും അനുശോചനം അറിയിച്ചു. 'ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും മുന്‍ രാജ്യസഭാ എംപിയുമായ ശ്രീ സുശീല്‍ കുമാര്‍ മോദി ജിയുടെ വിയോഗത്തില്‍ ആദരാഞ്ജലികള്‍. ബീഹാര്‍ ബിജെപിക്ക് ഇത് നികത്താനാവാത്ത നഷ്ടമാണ്. ഓം ശാന്തി ശാന്തി,'- ചൗധരിയും എക്സില്‍ കുറിച്ചു.