Protest | കരിങ്കൊടികളുമായി വിദ്യാര്‍ഥികളുടെ പ്രതിഷേധം; ഡെല്‍ഹി യൂനിവേഴ് സിറ്റിയിലെ യോഗദിന പരിപാടി ഉപേക്ഷിച്ച് വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍
ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ അര്‍ഹമായി വിജയിച്ചിരിക്കെ അവരുടെ ഭാവി അപകടത്തിലാക്കി നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന നിലപാടെടുത്തു
ദേശീയ പരീക്ഷാ ഏജന്‍സിയുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ സമിതി രൂപവത്കരിക്കുമെന്നും പറഞ്ഞു
ന്യൂഡെല്‍ഹി: (KasargodVartha) വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഡെല്‍ഹി യൂനിവേഴ് സിറ്റിയിലെ യോഗദിന പരിപാടി ഉപേക്ഷിച്ച് വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. പ്രധാന്‍ പരിപാടിക്ക് എത്തിയെങ്കിലും കരിങ്കൊടികളുമായി വിദ്യാര്‍ഥികള്‍ പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു. ഇതോടെയാണ് അദ്ദേഹം മടങ്ങിയത്. നീറ്റ്-യുജിസി നെറ്റ് അഴിമതികളുമായി ബന്ധപ്പെട്ടാണ് പ്രധാനെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധം ഉയര്‍ത്തിയത്.
നീറ്റ്, നെറ്റ് പരീക്ഷകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തിലൂടെ വിദ്യാഭ്യാസമന്ത്രി മറുപടി നല്‍കിയിരുന്നു. ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ അര്‍ഹമായി വിജയിച്ചിരിക്കെ അവരുടെ ഭാവി അപകടത്തിലാക്കി നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. ദേശീയ പരീക്ഷാ ഏജന്‍സി (എന്‍ടിഎ)യുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ സമിതി രൂപവത്കരിക്കുമെന്നും എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വിദ്യാര്‍ഥികളെ ബാധിക്കുന്നതിനാല്‍ വിഷയം രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രതിപക്ഷത്തോട് മന്ത്രി ആവശ്യപ്പെടുകയും ചെയ്തിരുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എന്‍ടിഎ പ്രവര്‍ത്തനം പരിഷ്‌കരിക്കാനും പുനഃപരിശോധിക്കാനുമുള്ള ഉന്നതതല സമിതിയെ ഉടന്‍ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍, വിഷയത്തില്‍ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകള്‍ മുന്നോട്ട് പോവുകയാണ്.