SpiceJet | സ്‌പൈസ്‌ജെറ്റിന്റെ പകുതി സര്‍വീസിന് 8 ആഴ്ചത്തേക്ക് വിലക്ക്; നടപടി കൂടെക്കൂടെ സാങ്കേതികത്തകരാറുകളും സുരക്ഷാപ്രശ്‌നങ്ങളും കണ്ടെത്തിയ സാഹചര്യത്തില്‍
Jul 28, 2022, 12:23 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com) സ്‌പൈസ്‌ജെറ്റ് വിമാനക്കംപനിയുടെ പകുതി സര്‍വീസിന് വിലക്ക് ഏര്‍പെടുത്തി. എട്ട് ആഴ്ചത്തേക്കാണ് വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (ഡിജിസിഎ) വിലക്കിയത്. അടിക്കടിയുള്ള സാങ്കേതികത്തകരാറുകളും സുരക്ഷാപ്രശ്‌നങ്ങളും കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
വേനല്‍ക്കാല ഷെഡ്യൂള്‍ അനുസരിച്ചുള്ള അനുവദനീയമായ സര്‍വീസുകളുടെ (ഡിപാര്‍ചര്‍) എണ്ണമാണ് പകുതിയാക്കാന്‍ നിര്‍ദേശിച്ചത്. ഏപ്രില്‍ ഒന്ന് മുതല്‍ ജൂലൈ അഞ്ച് വരെ എട്ട് സാങ്കേതികത്തകരാറുകള്‍ റിപോര്‍ട് ചെയ്തതിനെത്തുടര്‍ന്ന് വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (ഡിജിസിഎ) കംപനിക്ക് കാരണം കാണിക്കല്‍ നോടീസ് നല്‍കിയിരുന്നു. ഇതിന്റെ മറുപടി ലഭിച്ച ശേഷമാണ് തീരുമാനം.
സാമ്പത്തികമായും സ്‌പൈസ്‌ജെറ്റ് പ്രതിസന്ധി നേരിടുന്നുവെന്ന് 2021ലെ സാമ്പത്തിക വിലയിരുത്തല്‍ പഠനം വ്യക്തമാക്കുന്നതായി ഡിജിസിഎ ചൂണ്ടിക്കാട്ടിയിരുന്നു. 1937ലെ എയര്‍ക്രാഫ്റ്റ് ചട്ടങ്ങളിലെ 134ാം ചട്ടം അനുസരിച്ചുള്ള കാര്യക്ഷമവും സുരക്ഷിതവുമായ സര്‍വീസ് നടത്തുന്നതില്‍ സ്‌പൈസ്‌ജെറ്റ് പരാജയപ്പെട്ടതായി ഡിജിസിഎ കുറ്റപ്പെടുത്തി.