Arrest | കോളജ് അധ്യാപികയെ അഭിസാരികയെന്ന് മുദ്രകുത്തി പോസ്റ്ററുകൾ പതിച്ചെന്ന കേസിൽ സഹപ്രവർത്തകർ അറസ്റ്റിൽ
മംഗളൂരു:(www.kasargodvartha.com 21.04.2022) കോളജ് അധ്യാപികയെ അഭിസാരികയെന്ന് മുദ്രകുത്തി അവരുടെ പടവും മൊബൈല്‍ നമ്പറും ഇ മെയിൽ ഐഡിയും സഹിതം പോസ്റ്ററുകള്‍ പൊതുയിടങ്ങളിൽ പതിച്ചു എന്ന് പരാതി. സംഭവത്തിൽ മംഗളൂറിൽ ഇതേ കോളജിലെ മൂന്ന് അധ്യാപകരെ പൊലീസ് അറസ്റ്റ് ചെയ്തു.
ബെല്‍തങ്ങാടി സ്വദേശി പ്രകാശ് ഷേണായി (44), സിദ്ധക്കാട്ടെ പ്രദീപ് പൂജാരി (36), ഉഡുപ്പി സ്വദേശി താരാനാഥ് ഷെട്ടി (32) എന്നിവരാണ് അറസ്റ്റിലായത്. കോളജിലെ നിയമനങ്ങളെച്ചൊല്ലി കോളജ് അഡ്മിനിസ്ട്രേഷനും അദ്ധ്യാപകരും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നതായി മംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍. ശശികുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടാണ് അറസ്റ്റിലായവർ സഹപ്രവർത്തകയെ വേശ്യയായി വിശേഷിപ്പിച്ച് തയ്യാറാക്കിയ പോസ്റ്ററുകൾ ബസ് സ്റ്റാൻഡുകൾ, പൊതു ശൗചാലയങ്ങൾ, കോളജ് പരിസരം തുടങ്ങിയ സ്ഥലങ്ങളിൽ പതിച്ചത്. ബന്ധപ്പെടേണ്ടത് എന്ന നിലയിൽ അധ്യാപികയുടെ ഫോണ്‍ നമ്പറും ഇമെയില്‍ ഐഡിയും അടക്കം അതില്‍ ചേര്‍ക്കുകയും ചെയ്തു. അധ്യാപിക വേശ്യയാണെന്നാരോപിച്ച് പ്രതികള്‍ മംഗളൂരു സര്‍വകലാശാലയുടെ കീഴിലുള്ള എല്ലാ കോളജുകള്‍ക്കും പ്രിന്സിപല്മാര്ക്കും അധ്യാപകര്‍ക്കും അധിക്ഷേപകരമായ കാര്യങ്ങൾ ഉൾപ്പെടുത്തി കത്തുകളും അയച്ചു. ഇതിന് ശേഷമാണ് ഫോടോയും ബന്ധപ്പെടാനുള്ള വിവരങ്ങളും അടങ്ങുന്ന പോസ്റ്ററുകൾ സുള്ള്യ, സമ്പാജെ, സുബ്രഹ്മണ്യ, ചികമംഗളൂരു, മുഡിഗെരെ, മടിക്കേരി, മൈസൂരു, ബാലെഹോന്നൂര്‍, ശിവമോഗ തുടങ്ങി നിരവധി സ്ഥലങ്ങളിലെ ബസ് സ്റ്റാൻഡുകളിലും പൊതുശൗചാലയങ്ങളിലും പതിച്ചത്.
ആവശ്യക്കാർ എന്ന നിലയിൽ ആവർത്തിച്ചുള്ള ഫോൺവിളികൾ, മോശം സന്ദേശങ്ങൾ, അധിക്ഷേപ പരാമർശങ്ങളോടെ ഇമെയിലുകൾ ലഭിച്ചു. ഈ അവസ്ഥയിൽ കടുത്ത മാനസിക സമ്മർദത്തിലായ അധ്യാപിക പരാതി നൽകുകയായിരുന്നു.
Keywords: News, National, Karnataka, Top-Headlines, Arrest, Teacher, Police, College, Colleagues arrested for posting posters against college teacher.