Rumors | താന്‍ ഡെല്‍ഹിയിലെത്തിയത് വ്യക്തിപരമായ കാര്യങ്ങള്‍ക്കാണെന്ന് ചംപായി സോറന്‍; മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി; കാത്തിരുന്ന് കാണാം!
ന്യൂഡെല്‍ഹി: (KasargodVartha) ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ജെഎംഎം നേതാവുമായ ചംപായി സോറന്‍ ഡെല്‍ഹിയിലെത്തി. ചില നേതാക്കള്‍ക്കൊപ്പം ആറു ജെഎംഎം എംഎല്‍എമാരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നതായുള്ള റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്.
എന്നാല്‍ ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയ ചംപായി സോറന്‍, താന്‍ ഡെല്‍ഹിയില്‍ എത്തിയിരിക്കുന്നത് വ്യക്തിപരമായ കാര്യങ്ങള്‍ക്കാണെന്നാണ് അറിയിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയില്‍ കൊല്‍ക്കത്തയില്‍ വെച്ച് ബിജെപി നേതാവ് സുവേന്ദു അധികാരിയുമായി ചംപായി സോറന്‍ ചര്‍ച്ച നടത്തിയതായി അദ്ദേഹവുമായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഡെല്‍ഹിയില്‍ എത്തിയത്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഹേമന്ത് സോറനെ ഇഡി അറസ്റ്റുചെയ്തതിനെ തുടര്‍ന്നാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ചംപയ് സോറന്‍ അധികാരത്തിലേറിയത്. ഹേമന്ദ് സോറന്‍ ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെ ചംപായി സോറന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞിരുന്നു.
ഹേമന്ദ് സോറന്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്തു. എന്നാല്‍ ഇത് ചംപായി സോറനെ അസ്വസ്ഥനാക്കിയിരുന്നുവെന്നുള്ള റിപോര്‍ടുകള്‍ പുറത്തുവന്നിരുന്നു. പിന്നാലെയാണ് ബിജെപിയിലേക്ക് ചേക്കേറുന്നതായുള്ള അഭ്യൂഹങ്ങളും ശക്തമായിരിക്കുന്നത്.
അതിനിടെയാണ് ഡെല്‍ഹിയില്‍ എത്തുന്നത്. സോറന്‍, മുതിര്‍ന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന സൂചനകളും പുറത്തുവന്നിരുന്നു. എന്നാല്‍ താന്‍ വന്നത് വ്യക്തിപരമായ കാര്യങ്ങള്‍ക്കാണെന്നാണ് ചംപായി സോറന്‍ പറയുന്നത്. എന്തായാലും മുമ്പോട്ടുള്ള നീക്കം കാത്തിരുന്ന് കാണാം.
#ChampaiSoren #BJP #DelhiVisit #Jharkhand #PoliticalNews #India