മലിനീകരണ പരിധി കടന്നാൽ ഇരുചക്ര വാഹനങ്ങളുടെ വേഗത കുറയും; പുതിയ സംവിധാനവുമായി കേന്ദ്രസർക്കാർ
● ബിഎസ്6 രണ്ടാം ഘട്ട മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളുടെ ഭാഗമായാണ് ഈ നടപടി
● മലിനീകരണം കൂടിയാൽ വാഹനം വർക്ക്ഷോപ്പിൽ എത്തിക്കാൻ ഉടമകൾ നിർബന്ധിതരാകും
● ഒബിഡി സംവിധാനം വഴിയായിരിക്കും മലിനീകരണത്തിലെ തകരാറുകൾ കണ്ടെത്തുക
ന്യൂഡൽഹി: (KasargodVartha) ഇരുചക്ര വാഹനങ്ങളിലെ മലിനീകരണം നിയന്ത്രിക്കുന്നതിനായി പുതിയ സംവിധാനം നടപ്പാക്കാനൊരുങ്ങി കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം. പുതിയ സംവിധാനം പ്രാബല്യത്തിൽ വരുന്നതോടെ മലിനീകരണത്തിൻ്റെ പരിധി കടന്നാൽ ഇരുചക്ര വാഹനത്തിൻ്റെ കരുത്തോ വേഗതയോ പരിമിതപ്പെടും. ഇതോടെ റൈഡർക്ക് വാഹനം സാധാരണ രീതിയിൽ ഉപയോഗിക്കാൻ കഴിയാതെ വരികയും വാഹനം ഒരു വർക്ക്ഷോപ്പിൽ എത്തിക്കാൻ നിർബന്ധിതനാകുകയും ചെയ്യും.
ഭാരത് സ്റ്റേജ്-VI (ബിഎസ്6) മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളുടെ 2-ാം ഘട്ടത്തിൽ നിശ്ചയിച്ചിട്ടുള്ള പരിധിക്കപ്പുറം മലിനീകരണം വർധിച്ചാൽ വാഹനം 'ലിംപ്-ഹോം മോഡിലേക്ക്' മാറ്റുന്ന സംവിധാനമാണ് കേന്ദ്രം പരിഗണിക്കുന്നത്. ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് മന്ത്രാലയം ഇരുചക്ര വാഹന നിർമാതാക്കൾ അടക്കമുള്ളവരുമായി ചർച്ചകൾ നടത്തിവരികയാണ്.
ഒബിഡി സംവിധാനവും നിർമാതാക്കളുടെ നിലപാടും
വാഹനത്തിൽ ഘടിപ്പിക്കുന്ന ഓൺ-ബോർഡ് ഡയഗ്‌നോസ്റ്റിക്സ് സംവിധാനമായിരിക്കും മലിനീകരണ നിയന്ത്രണ ഘടകങ്ങളിലെ തകരാറുകൾ കണ്ടെത്തുക. മലിനീകരണ തോത് അനുവദനീയമായ പരിധി കവിഞ്ഞാൽ റൈഡർക്ക് മുന്നറിയിപ്പ് നൽകുകയും തുടർന്ന് വേഗതയടക്കം നിയന്ത്രിക്കുകയും ചെയ്യും. എന്നാൽ ബിഎസ്7 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരുമ്പോൾ മാത്രം 'ഫോഴ്‌സ് റിപ്പയർ' സംവിധാനം നടപ്പാക്കിയാൽ മതിയെന്നാണ് വാഹന നിർമാതാക്കളുടെ സംഘടനയായ സിയാം അഭിപ്രായപ്പെട്ടത്.

പുതിയ സംവിധാനം നടപ്പാക്കാൻ വൻതോതിലുള്ള നവീകരണ പ്രവർത്തനങ്ങൾ ആവശ്യമാണെന്നും അവർ വ്യക്തമാക്കുന്നു. എന്നാൽ ഈ ആവശ്യം MoRTH തള്ളിയിരിക്കുകയാണ്. ഈ വ്യവസ്ഥ ബിഎസ്6 ഒബിഡി-2 ചട്ടക്കൂടിൻ്റെ ഭാഗമാണെന്നും അടുത്ത ഘട്ടത്തിലേക്ക് നീട്ടിവെക്കാനാകില്ലെന്നുമാണ് മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്.
വരാനിരിക്കുന്ന മാറ്റങ്ങൾ
നിലവിൽ രാജ്യത്ത് ബിഎസ്6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളാണ് നിലവിലുള്ളത്. 2027-ഓടെ രാജ്യം ബിഎസ്7 മാനദണ്ഡങ്ങളിലേക്ക് മാറിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ കൂടുതൽ കർശനമായ മലിനീകരണ നിയന്ത്രണങ്ങളും തത്സമയ നിരീക്ഷണ സംവിധാനങ്ങളും നിലവിൽ വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രകൃതി സംരക്ഷണത്തിനും അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുുമുള്ള സുപ്രധാന ചുവടുവെപ്പായാണ് പുതിയ പദ്ധതി വിലയിരുത്തുന്നത്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: The Ministry of Road Transport and Highways (MoRTH) is planning to implement a 'limp-home mode' for two-wheelers under BS-6 phase 2 standards, which will restrict vehicle speed and power if pollution emission limits are exceeded, rejecting automobile manufacturers' request to delay it to BS-7.
#KasargodVartha #MoRTH #TwoWheeler #EmissionNorms #BS6Phase2 #VehiclePollution #IndiaNews #MalayalamNews #TransportNews #AparnaNews






