ഇന്റേണല്‍ മാര്‍ക് നല്‍കി സിബിഎസ്ഇ 12-ാം ക്‌ളാസ് പരീക്ഷ ഒഴിവാക്കാന്‍ ആലോചന
ന്യൂഡെല്‍ഹി: (www.kasargodvartha.com 30.05.2021) മൂന്നു വര്‍ഷത്തെ മാര്‍ക് കണക്കിലെടുത്ത് സി ബി എസ് ഇ പന്ത്രണ്ടാം ക്‌ളാസിലെ കുട്ടികള്‍ക്ക് ഇന്റേണല്‍ മാര്‍ക് നല്കുന്ന കാര്യം ആലോചനയില്‍. പരീക്ഷ നടത്തേണ്ട എന്നാണ് തീരുമാനമെങ്കില്‍ 9, 10,11 ക്ലാസുകളിലെ മാര്‍ക് പരിഗണിച്ച ശേഷം ഇന്റേണല്‍ മാര്‍ക് നല്‍കുക എന്ന ആലോചനയാണ് ഇപ്പോള്‍ നടക്കുന്നത്.
രണ്ട് നിര്‍ദേശങ്ങളാണ് സി ബി എസ് ഇയും കേന്ദ്രസര്‍കാരും മുന്നോട്ട് വച്ചിരുന്നത്. ഒന്നാമത്തേത് 19 വിഷയങ്ങളില്‍ പരീക്ഷ നടത്തുക എന്നതായിരുന്നു. ഓഗസ്റ്റില്‍ പരീക്ഷ നടത്താം. ഒരു വിദ്യാര്‍ഥിക്ക് 4 പരീക്ഷ വരെ എഴുതിയാല്‍ മതി. രണ്ടാമത്തേത് പരീക്ഷയുടെ സമയദൈര്‍ഘ്യം കുറയ്ക്കുക എന്നതാണ്. മൂന്നു മണിക്കൂറിനു പകരം ഒന്നര മണിക്കൂര്‍ അവരവരുടെ സ്‌കൂളുകളില്‍ തന്നെ പരീക്ഷയെഴുതുക. അത് ജൂലൈയിലും ഓഗസ്റ്റിലുമായി രണ്ട് ഘട്ടങ്ങളായി നടത്തുക. ഇതെല്ലാം തന്നെ ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലാണ്. തിങ്കളാഴ്ചയാണ് പരീക്ഷ സംബന്ധിച്ച അന്തിമതീരുമാനം ഉണ്ടാകുക.
ഇതു സംബന്ധിച്ച് വിശദമായ ഒരു യോഗം നേരത്തെ തന്നെ കേന്ദ്രസര്‍കാര്‍ വിളിച്ചുകൂട്ടിയിരുന്നു. സംസ്ഥാനങ്ങളുടെ നിലപാട് കേട്ടശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാം എന്നതായിരുന്നു കേന്ദ്രസര്‍കാരിന്റെ തീരുമാനം. വിഷയത്തില്‍ സംസ്ഥാനങ്ങളുടെ രണ്ട് യോഗങ്ങള്‍ ഇതിനകം നടന്നുകഴിഞ്ഞു. ഇക്കാര്യത്തിലുള്ള നിലപാട് എഴുതി അറിയിക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പല സംസ്ഥാനങ്ങളും അവരുടെ നിലപാട് രേഖാമൂലം നല്‍കിക്കഴിഞ്ഞു.
Keywords: News, National, India, New Delhi, Top-Headlines, Education, Students, Examination, CBSE Board Exam 2021: Decision to avoid Class XII examination by giving internal marks is under discussion