Accidental Death | ഛത്തീസ്ഗഡില്‍ കംപനി ജീവനക്കാരുമായി പോയ ബസ് മണ്ണ് ഖനന കുഴിയില്‍വീണ് 3 സ്ത്രീകളടക്കം 12 പേര്‍ക്ക് ദാരുണാന്ത്യം; നിരവധിപേര്‍ക്ക് പരുക്ക്
*വാഹനത്തിലുണ്ടായിരുന്നത് 40 യാത്രക്കാര്‍.
*50 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു.
*രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചിച്ചു.
ദുര്‍ഗ്: (KasargodVartha) ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ ബസ് മണ്ണ് ഖനന കുഴിയിലേക്ക് മറിഞ്ഞ് 12 പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 14 പേര്‍ക്ക് പരുക്കേറ്റു. 40 യാത്രക്കാരുമായി സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് 50 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികളാണ് ബസിലുണ്ടായിരുന്നത്.
സ്വകാര്യ കംപനി ജീവനക്കാരാണ് അപകടത്തില്‍പെട്ടത്. മരിച്ചവരില്‍ മൂന്ന് സ്ത്രീകളുമുണ്ട്. ഖനിയില്‍ നിന്നുള്ള പാറപ്പൊടിക്ക് സമാനമായ നിര്‍മാണ സാമഗ്രഹി ശേഖരിച്ചതിന് ശേഷം ബാക്കിയാവുന്ന 40 അടിയിലേറെ ആഴമുള്ള കുഴിയിലേക്കാണ് ബസ് നിയന്ത്രണം വിട്ട് തെറിച്ചത്.
രാത്രി 8.30ഓടെ ഖുംഹാരി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഖാപ്രി ഗ്രാമത്തിലാണ് അപകടമുണ്ടായത്. സംസ്ഥാന ദുരന്ത നിവാരണ സേനയും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്. പരുക്കേറ്റവരില്‍ 12 പേരെ റായ്പൂരിലെ എയിംസിലേക്കാണ് മാറ്റിയിരിക്കുന്നത്. സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം നടക്കുമെന്ന് കലക്ടര്‍ വിശദമാക്കി. അപകടത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചിച്ചു.