Automobile | ഇലക്ട്രിക് വാഹനങ്ങൾക്ക് ജി എസ് ടിയിൽ ഇളവ് വേണം; ബജറ്റിൽ വാഹന വ്യവസായത്തിന്റെ പ്രതീക്ഷകൾ
Jan 27, 2023, 15:12 IST
ന്യൂഡെൽഹി: (www.kasargodvartha.com) കേന്ദ്ര ബജറ്റിൽ രാജ്യത്തെ വാഹന മേഖലയും വലിയ പ്രതീക്ഷയിലാണ്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ 2023-2024 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് പാർലമെന്റിൽ അവതരിപ്പിക്കും. കോവിഡ് പ്രതിസന്ധിക്ക് ശേഷം റെക്കോർഡ് വിൽപ്പനയിലൂടെ വാഹന വ്യവസായം മികച്ച തിരിച്ചുവരവ് നടത്തുന്നുണ്ട്.
ഇന്ത്യയുടെ ജിഡിപിയിൽ വാഹനമേഖലയുടെ സംഭാവന ആറ് ശതമാനമാണ്. പ്രത്യക്ഷവും പരോക്ഷവുമായി ഈ മേഖലയിൽ 34-37 ദശലക്ഷം പേർ ജോലി ചെയ്യുന്നുണ്ട്. പൊതുബജറ്റിൽ വാഹനമേഖലയെ സംബന്ധിച്ച് പ്രഖ്യാപിക്കുന്ന കാര്യങ്ങളിൽ ഏവരുടെയും കണ്ണ് കേന്ദ്രീകരിക്കാനുള്ള കാരണം ഇതാണ്. ജിഎസ്ടിയിൽ (ഇലക്‌ട്രിക് വാഹനങ്ങളിൽ) സർക്കാരിൽ നിന്ന് ചില ഇളവുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വാഹനമേഖല.
വാഹന വ്യവസായത്തിന് ജിഎസ്ടി നിരക്ക് പുതുതായി നിശ്ചയിക്കണമെന്നും താഴ്ന്ന നികുതി പരിധിയിൽ കൊണ്ടുവരണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. ഉയർന്ന പ്രാരംഭ ചെലവ്, ബാറ്ററി മാറ്റിസ്ഥാപിക്കാനുള്ള ചിലവ്, കുറഞ്ഞ പുനർവിൽപ്പന മൂല്യം എന്നിവ കാരണം ഇലക്‌ട്രിക് വാഹനങ്ങളുടെ നിരക്ക് അൽപം കൂടുതൽ തന്നെയാണ്. അനുകൂലമായ നികുതി ആനുകൂല്യങ്ങൾ ദീർഘകാലത്തേക്ക് വ്യവസായത്തെ സഹായിക്കും.
ഇലക്ട്രിക് വാഹനങ്ങൾക്ക് നിലവിൽ 5% ജിഎസ്ടിയുണ്ട്, എന്നാൽ അനുബന്ധ ഭാഗങ്ങൾക്ക് ജിഎസ്ടി 18% അല്ലെങ്കിൽ 28% ആണ്. ഘടകഭാഗങ്ങൾക്കുള്ള ജിഎസ്ടി കുറച്ച് വർഷത്തേക്ക് കുറയ്ക്കുന്നത് വിൽപ്പന വർദ്ധിപ്പിക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. കൂടാതെ ഉപയോക്താവിന് മൊത്തത്തിലുള്ള ചിലവുകളും കുറയ്ക്കും. നിലവിൽ വ്യവസായത്തിന്റെ ഏറ്റവും വലിയ കേന്ദ്രബിന്ദു ഇലക്ട്രിക് വാഹനമാണ്.
Keywords: Budget-Expectations-Key-Announcement,news,National,India,New Delhi,Top-Headlines,Latest-News,Vehicles,Budget, Budget 2023: Automobile Sector Expectations