ശ്രീരാമനില്ലാത്ത അയോധ്യ ഒന്നുമല്ല: പ്രസിഡൻ്റ് രാം നാഥ് കൊവിന്ദ്
ലക്നൗ: (www.kasargodvartha.com 29.08.2021) ശ്രീരാമനില്ലാതെ അയോധ്യ ശൂന്യമാണെന്ന് പ്രസിഡൻ്റ് രാം നാഥ് കൊവിന്ദ്. ലക് അയോധ്യയിൽ ഒരു രാമായണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രസിഡൻ്റ്. രാമനില്ലാത്ത അയോധ്യ അയോധ്യയല്ല. രാമനുണ്ടെങ്കിലെ അയോധ്യയ്ക്ക് നിലനില്പുള്ളു. രാമൻ അയോധ്യയിലായിരുന്നു സ്ഥിരമായി താമസിച്ചിരുന്നത്. എല്ലാ അർഥത്തിലും ഇത് അയോധ്യ തന്നെയാണ് എന്നായിരുന്നു രാം നാഥ് കൊവിന്ദ് പറഞ്ഞത്.
നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന രാമക്ഷേത്രവും പ്രസിഡൻ്റ് സന്ദർശിച്ചു. 2019ലെ സുപ്രീം കോടതി വിധിയെ തുടർന്നാണ് അയോധ്യയിൽ രാമക്ഷേത്ര നിർമാണം ആരംഭിച്ചത്. തൻ്റെ പേരിലുള്ള രാം പോലും തനിക്ക് കുടുംബത്തിൽ ബഹുമാനം നേടിത്തരുന്നതായും രാം നാഥ് പറഞ്ഞു. രാമനോടുള്ള ബഹുമാനവും സ്നേഹവും കൊണ്ടാണ് തൻ്റെ മാതാപിതാക്കൾ തനിക്ക് രാം എന്ന പേര് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധം അസാധ്യമാണ് എന്നാണ് അയോധ്യ എന്ന പേര് അർഥമാക്കുന്നത്. രഘുവംശി രാജാക്കന്മാരായ രഘു, ദിലീപ്, അജ്, ദശരഥൻ, രാമൻ എന്നിവരുടെ ധൈര്യവും ശക്തിയും നിമിത്തം അവരുടെ രാജ്യം അജയ്യമായി കണക്കാക്കപ്പെട്ടു. അങ്ങനെയാണ് ഈ നഗരത്തിന്റെ പേര് 'അയോധ്യ' എന്നായി മാറുന്നത്- രാം നാഥ് കൊവിന്ദ് പറഞ്ഞു.
വനവാസകാലത്ത് അയോധ്യയിലേയും മിഥിലയിലേയും സൈന്യത്തെ രാമൻ യുദ്ധത്തിന് വിളിച്ചില്ല. അദ്ദേഹം കോൾ, ഭീൽ, വാണർ എന്നിവരെ ഉപയോഗിച്ച് സൈന്യത്തെ രൂപീകരിച്ചു. സേനയിൽ അദ്ദേഹം ജടായുവിനേയും ഉൾപ്പെടുത്തി. ഗോത്രങ്ങളുമായുള്ള സൗഹൃദവും സ്നേഹവും അദ്ദേഹം കൂടുതൽ ദൃഢപ്പെടുത്തിയെന്നും രാം നാഥ് കൊവിന്ദ് പറഞ്ഞു.
രാമായണ പരിപാടിയുടെ പോസ്റ്റൽ കവർ പ്രകാശിപ്പിച്ചതിന് ശേഷമാണ് പ്രസിഡൻ്റ് മടങ്ങിയത്.
SUMMARY: Highlighting the love of Lord Ram towards tribals, he said, During his days of exile, Lord Ram did not call armies of Ayodhya and Mithila to fight the war.