സ്വാതന്ത്ര്യ ദിന തലേന്ന് ടോകിയോ ഒളിംപിക്സില്‍ കരുത്തുറ്റ പോരാട്ടം നടത്തി മടങ്ങിയ ഇന്‍ഡ്യന്‍ സംഘത്തിന് രാഷ്ട്രപതിയുടെ വിരുന്ന്
ന്യൂഡെല്‍ഹി: (www.kasargodvartha.com 11.08.2021) ടോകിയോ ഒളിംപിക്സില്‍ കരുത്തുറ്റ പോരാട്ടം നടത്തി മടങ്ങിയ ഇന്‍ഡ്യന്‍ സംഘത്തിന് രാഷ്ട്രപതി വിരുന്നൊരുക്കും. രാഷ്ട്രപതി ഭവനിലെ സാംസ്‌ക്കാരിക കേന്ദ്രത്തില്‍ സ്വാതന്ത്ര്യദിന തലേന്നാണ് ചായസല്‍ക്കാരം തീരുമാനിച്ചിരിക്കുന്നത്.
ഒളിംപിക്സില്‍ പങ്കെടുത്ത 127 അംഗ സംഘത്തിലെ എല്ലാവര്‍ക്കും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഔദ്യോഗിക വസതിയിലാണ് ചായ സല്‍ക്കാരം നല്‍കുന്നത്. മെഡല്‍ ജേതാക്കളടക്കം എല്ലാവരുമായും രാഷ്ട്രപതി സംവദിക്കുമെന്നും രാഷ്ട്രപതി ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു.
75-ാം സ്വാതന്ത്ര്യ ദിനത്തില്‍ ഒളിംപിക്സില്‍ പങ്കെടുത്ത മുഴുവന്‍ താരങ്ങളും പരിശീലകരും വിശിഷ്ടാതിഥികളാണെന്ന് പ്രധാനമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഡെല്‍ഹിയിലെത്തുന്ന എല്ലാ താരങ്ങളും അതിനാല്‍ തന്നെ തലേന്ന് രാഷ്ട്രപതിയെയാണ് ആദ്യം കാണുക.
ടോകിയോ ഒളിംപിക്സില്‍ ഇന്‍ഡ്യ സര്‍വകാല നേട്ടമാണ് ഇത്തവണ കൊയ്തത്. ഒരു സ്വര്‍ണവും രണ്ടു വെള്ളിയും മൂന്ന് വെങ്കലവും നേടിയാണ് ടീം അവിസ്മരണീയ പ്രകടനം നടത്തിയത്. ഒരോ മത്സരത്തിനൊടുവിലും പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ താരങ്ങളെയും പ്രോത്സാഹിക്കിപ്പിച്ചതും ആശ്വസിപ്പിച്ചതും കായിക ഇന്‍ഡ്യക്ക് കിട്ടിയ ഊര്‍ജ്ജം തന്നെയാണ്.
ഇതില്‍ നീരജ് ചോപ്ര നേടിയ ജാവലിനിലെ സ്വര്‍ണമെഡല്‍ നേട്ടം യൂറോപ്യന്‍ കുത്തകതന്നെ അവസാനിപ്പിച്ചുകൊണ്ടായിരുന്നു. 41 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പുരുഷ ഹോകി ടീം മെഡല്‍ നേടിയതും രാജ്യത്തിന് അഭിമാനമായി. ഭാരോദ്വഹനത്തില്‍ മെഡല്‍ നേടിക്കൊണ്ട് മീരാഭായി ചാനുവാണ് ഇന്‍ഡ്യക്ക് ആദ്യ മെഡല്‍ സമ്മാനിച്ചത്. തുടര്‍ച്ചയായ രണ്ടാം ഒളിംപിക്സിലും മെഡല്‍ നേടി പി വി സിന്ധുവും താരമായി. ഗുസ്തിയില്‍ വെള്ളി നേടിയ രവികുമാര്‍ ദഹിയയും വെങ്കലം സ്വന്തമാക്കിയ ബജരംഗ് പുനിയയും അഭിമാനമായി. ബോക്സിംഗ് റിംഗ് മേരികോമിന് ശേഷം ഒഴിയില്ലെന്ന സന്ദേശം നല്‍കി വെങ്കലം നേടിയ ലവ്ലീന ബോര്‍ഗോഹൈനും ഇന്‍ഡ്യന്‍ മുന്നേറ്റത്തില്‍ കരുത്തായി.
മെഡല്‍ നേടിയില്ലെങ്കിലും പുരുഷ അത്ലറ്റിക്സ് ടീം ഏഷ്യന്‍ റെകോഡ് കുറിച്ചതും ഗോള്‍ഫില്‍ അദിതി അശോകും ഡിസ്‌കസ് ത്രോയില്‍ കമല്‍പ്രീത് കൗറിന്റെ പ്രകടനവും എക്കാലവും ഓര്‍ക്കുന്നതായി മാറി.
Keywords: News, National, India, New Delhi, Independence-Day-2021, Olympics-Games-2021, Games, Celebration, President, Top-Headlines, Athletes participating in Tokyo Olympics received invitation to tea party from Rashtrapati Bhavan