Elections Results | മധ്യപ്രദേശിലും രാജസ്താനിലും ബിജെപി മുന്നേറ്റം, പാര്‍ടി ഓഫീസുകളില്‍ ആഹ്ലാദ പ്രകടനങ്ങള്‍ ആരംഭിച്ചു; ഛത്തീസ് ഗഡിലും തെലങ്കാനയിലും കോണ്‍ഗ്രസ് ആധിപത്യം
Dec 3, 2023, 11:04 IST
ന്യൂഡെല്‍ഹി: (KasargodVARTHA) നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ മധ്യപ്രദേശിലും രാജസ്താനിലും വ്യക്തമായ ലീഡ് നേടി ബിജെപി മുന്നേറ്റം തുടരുന്നു. രാജസ്താന്‍, തെലങ്കാന, ഛത്തീസ് ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ വോടെണ്ണല്‍ ഞായറാഴ്ച രാവിലെ എട്ടുമണിയോടെയാണ് ആരംഭിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള സെമി ഫൈനല്‍ എന്നാണ് അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലത്തെ വിശേഷിപ്പിക്കുന്നത്. ആദ്യം പോസ്റ്റല്‍ വോടുകളാണ് എണ്ണുന്നത്. വോടെണ്ണല്‍ കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. മധ്യപ്രദേശില്‍ 230, ഛത്തീസ്ഗഡില്‍ 90, തെലങ്കാന 119, രാജസ്താന്‍ 199 സീറ്റുകളിലേക്കാണ് ജനവിധി.
അതേസമയം, ഛത്തീസ്ഗഡിലും തെലങ്കാനയിലും കോണ്‍ഗ്രസ് ആധിപത്യമാണ്. ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് അറുപതോളം സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ ബിജെപി നാല്‍പ്പതിലധികം സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു. തെലങ്കാനയില്‍ കോണ്‍ഗ്രസ് വ്യക്തമായ മുന്നേറ്റമാണ് നടത്തുന്നത്. എഴുപതോളം സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. ഭരണ കക്ഷിയായ ബിആര്‍എസ് മുപ്പതോളം സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
എക്‌സിറ്റ് പോളുകള്‍ ഛത്തീസ്ഗഡിലും തെലങ്കാനയിലും കോണ്‍ഗ്രസിന്റെയും രാജസ്താനില്‍ ബിജെപിയുടെയും മുന്നേറ്റമാണ് പ്രവചിക്കുന്നത്. മധ്യപ്രദേശില്‍ നാലു വീതം എക്‌സിറ്റ് പോളുകള്‍ ബിജെപിക്കും കോണ്‍ഗ്രസിനും മുന്‍തൂക്കം നല്‍കുന്നു. രാജസ്താനും ഛത്തീസ് ഗഡും കോണ്‍ഗ്രസും മധ്യപ്രദേശ് ബിജെപിയുമാണു ഭരിക്കുന്നത്. തെലങ്കാനയില്‍ ബിആര്‍എസും മിസോറമില്‍ മിസോ നാഷനല്‍ ഫ്രണ്ടുമാണ് അധികാരത്തില്‍.
Keywords: Assembly Elections 2023: Tight contest in Chhattisgarh; BJP ahead in Madhya Pradesh, Rajasthan while Congress leads in Telangana, New Delhi, News, Assembly Elections, Politics, Congress, BJP, Lok Sabha Election, Exit Pole, National News.