Landslide | അങ്കോലയില്‍ അപകടം ഉണ്ടായ സ്ഥലത്തേക്ക് പോകുന്ന വഴിയില്‍ വീണ്ടും മണ്ണിടിച്ചില്‍; പ്രദേശത്ത് ശക്തമായ കാറ്റുംമഴയും
ഗംഗാവലി പുഴയില്‍ കുത്തൊഴുക്ക് ശക്തമായതിനാല്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് നദിയില്‍ ഇറങ്ങാന്‍ കഴിഞ്ഞിരുന്നില്ല
അര്‍ജുന്‍ ലോറിയില്‍ ഉണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്
തെര്‍മല്‍ ഇമേജിങ് പരിശോധനയും നടത്തിയിരുന്നു
ഷിരൂര്‍: (KasargodVartha) അങ്കോലയില്‍ (Angola) അപകടം ഉണ്ടായ സ്ഥലത്തേക്ക് പോകുന്ന വഴിയില്‍ വീണ്ടും മണ്ണിടിച്ചില്‍ (Landslides) . അര്‍ജുനടക്കം അപകടത്തില്‍പ്പെട്ട (Accident) പ്രദേശത്തിന് തൊട്ടടുത്തായാണ് ഇപ്പോള്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. ഇത് അങ്ങോട്ടുള്ള യാത്രയെ തടസപ്പെടുത്തുന്നുണ്ട്. ദേശീയപാതയിലേക്ക് വീണ മണ്ണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് അപ്പോള്‍ തന്നെ നീക്കം ചെയ്തു. പ്രദേശത്ത് ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഒപ്പം അര്‍ജുന് (Arjun) വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നുണ്ട്.
തിരച്ചിലിന്റെ പതിനൊന്നാം ദിവസം ലോറിയില്‍ അര്‍ജുന്‍ ഉണ്ടോയെന്ന കാര്യമാണ് പ്രധാനമായും പരിശോധിക്കുക. മഴയായതിനാല്‍ കഴിഞ്ഞദിവസം രാത്രിയില്‍ ഡ്രോണ്‍ പരിശോധന നടത്താന്‍ സൈന്യത്തിന് സാധിച്ചിരുന്നില്ല. ഗംഗാവലി പുഴയില്‍ കുത്തൊഴുക്ക് ശക്തമായതിനാല്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് നദിയില്‍ ഇറങ്ങാന്‍ കഴിയുന്നില്ലെന്ന് സൈന്യം അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം തെര്‍മല്‍ ഇമേജിങ് പരിശോധനയും നടത്തിയിരുന്നു. പരിശോധനയില്‍ പുഴയ്ക്കടിയിലുള്ള ലോറിക്കുള്ളില്‍ മനുഷ്യ ശരീരത്തിന്റെ സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ലോറിയുടെ ഡ്രൈവര്‍ കാബിന്‍ തകര്‍ന്നിട്ടില്ലെന്ന് ഡ്രോണ്‍ പരിശോധനയില്‍ വ്യക്തമായതായുള്ള റിപോര്‍ടുകളും പുറത്തുവന്നിരുന്നു. ലോറിയുടെ കാബിനും പിന്‍വശവും വേര്‍പെട്ടിട്ടുണ്ടെങ്കില്‍ അതേകുറിച്ചുള്ള വിവരങ്ങളും ലഭിക്കേണ്ടതുണ്ട്.
അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ബെന്‍സ് ലോറിയാണ് അര്‍ജുന്‍ ഓടിച്ചിരുന്നതെന്നും അതുകൊണ്ടുതന്നെ കാബിന്‍ എന്ത് സംഭവിച്ചാലും തകരില്ലെന്നുള്ള വിശ്വാസം ലോറി ഉടമകള്‍ ആവര്‍ത്തിക്കുന്നു. അപകടം സംഭവിച്ചപ്പോള്‍ അര്‍ജുന്‍ അകത്തായിരുന്നോ അതോ പുറത്തായിരുന്നോ എന്ന കാര്യത്തിലും വ്യക്തതയില്ല. ലോറിയുടെ ജിപിഎസ് പ്രകാരം മണ്ണിടിച്ചില്‍ ഉണ്ടായ സമയത്ത് എന്‍ജിന്‍ ഓണായിരുന്നു. അര്‍ജുന്‍ അകത്ത് ഉണ്ടായിരുന്നുവെങ്കില്‍ കാബിന്‍ ലോക്കായിട്ടുണ്ടാകും.
അങ്ങനെയെങ്കില്‍ അകത്ത് കുടുങ്ങിപ്പോയിട്ടുണ്ടാകും. ഇനി മറിച്ചാണെങ്കില്‍ അര്‍ജുന്‍ ഒഴുക്കില്‍പ്പെട്ട് പോകാനുള്ള സാധ്യതയും ദൗത്യ സംഘം തള്ളിക്കളയുന്നില്ല. അര്‍ജുന്‍ ലോറിയുടെ ക്യാബിനകത്ത് ഉണ്ടെന്ന് ഉറപ്പില്ലെന്ന് രക്ഷദൗത്യത്തിന് നേതൃത്വം നല്‍കുന്ന മുന്‍ മേജര്‍ ജെനറല്‍ ഇന്ദ്രബാലന്‍ നമ്പ്യാര്‍ പറഞ്ഞിരുന്നു. ക്യാബിന്‍ വേര്‍പെട്ട് പോകാന്‍ സാധ്യത ഇല്ലെന്ന മെഴ്‌സിഡസിലെ വിദഗ്ധരുടെ വാദം സാധ്യതമാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
റോഡില്‍ നിന്നും 60 മീറ്റര്‍ ദൂരത്ത് പുഴയിലാണ് നിലവില്‍ ലോറി ഉള്ളത്. പുഴയിലേക്ക് അഞ്ചു മീറ്റര്‍ താഴ്ചയിലാണ് ഇത്. ബെലഗാവിയില്‍ നിന്നും തടിയുമായി വരുമ്പോഴാണ് അര്‍ജുന്റെ ലോറി അപകടത്തില്‍ പെടുന്നത്. ലോറിയിലെ തടി സമീപപ്രദേശത്ത് നിന്നൊന്നും കാണാതിരുന്നതിനാലാണ് ലോറി കരയിലായിരിക്കാം എന്ന സംശയം തുടക്കം മുതല്‍ തന്നെ ഉയര്‍ന്നത്.
ബന്ധുക്കളും കേരളത്തില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരും ലോറി ഉടമയുമൊക്കെ ഈ വാദം ശരിവച്ചു. അതുകൊണ്ടുതന്നെ തുടക്കത്തില്‍ അന്വേഷണം കര കേന്ദ്രീകരിച്ചായിരുന്നു. പിന്നീടാണ് അന്വേഷണം നദിയിലേക്ക് മാറ്റിയത്. എന്നാല്‍ മരത്തടികള്‍ കുറേയേറെ കരയ്ക്കടിഞ്ഞിട്ടുണ്ടെന്ന് മേജര്‍ ഇന്ദ്രബാലന്‍ പറഞ്ഞു.