എല്ലാ പഞ്ചാബികളുടെയും ആവശ്യം അംഗീകരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി: അമരിന്ദര്‍ സിങ്
ന്യൂഡെല്‍ഹി: (www.kasargodvartha.com 19.11.2021) വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍കാര്‍ തീരുമാനിച്ചെന്ന പ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരിന്ദര്‍ സിങ്. 'വലിയ വാര്‍ത്ത. എല്ലാ പഞ്ചാബികളുടെയും ആവശ്യം അംഗീകരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി. കേന്ദ്രസര്‍കാര്‍ കര്‍ഷകരുടെ ഉന്നമനത്തിനായി ഇനിയും മുന്നോട്ടുപോകുമെന്ന് എനിക്ക് ഉറപ്പുണ്ട്' കര്‍ഷകരില്ലെങ്കില്‍ ഭക്ഷണമില്ല എന്ന ഹാഷ്ടാഗിനൊപ്പം അമരിന്ദര്‍ സിങ് ട്വിറ്ററില്‍ കുറിച്ചു.
കൃഷി നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരത്തെ ആദ്യം ശക്തമായി പിന്തുണച്ച് രംഗത്തുവന്ന നേതാവായിരുന്നു അമരിന്ദര്‍ സിങ്. പഞ്ചാബ് മുഖ്യമന്ത്രിയായിരിക്കെ നിയമം പിന്‍വലിക്കണമെന്ന് അദ്ദേഹം പല തവണ കേന്ദ്രസര്‍കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഗുരുനാനാക്ക് ദിനത്തിലാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍കാര്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി പറഞ്ഞത്. എതിര്‍പുയര്‍ന്ന 3 നിയമങ്ങളും പിന്‍വലിക്കുമെന്നും നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിന്‍വലിക്കാന്‍ തീരുമാനമെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗുരുനാനാക്ക് ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കര്‍ഷകരുടെ പ്രതിസന്ധി തനിക്ക് മനസിലാക്കാനായെന്നും കര്‍ഷകരുടെ അഭിവൃദ്ധിക്കാണ് പ്രധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യത്തിലാണ് തീരുമാനമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Keywords: New Delhi, News, National, Top-Headlines, Prime Minister, Narendra-Modi, Farmer, Amarinder Singh welcomes Centre’s decision to repeal farm laws