Emergency Landing | വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്‍ഡ്യ വിമാനം നിമിഷങ്ങള്‍ക്കകം തിരിച്ചിറക്കി; കാരണം ഇത്
May 20, 2022, 16:33 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com) വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്‍ഡ്യ വിമാനം നിമിഷങ്ങള്‍ക്കകം തിരിച്ചിറക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്‍ഡ്യയുടെ എയര്‍ബസ് 320 നിയോയാണ് തിരിച്ചിറക്കിയത്. മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ബെംഗ്‌ളൂറിലേക്ക് പുറപ്പെട്ട വിമാനത്തിനാണ് തകരാറുണ്ടായത്.
മുംബൈ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന വിമാനം, 27 മിനുടുകള്‍ക്ക് ശേഷമാണ് തിരിച്ചിറക്കിയത്. വെള്ളിയാഴ്ച രാവിലെ 9.43ന് പറന്നുയര്‍ന്ന് അല്‍പസമയത്തിനുശേഷം പൈലറ്റിന് സാങ്കേതിക തകരാറിനെ കുറിച്ച് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് 10.10 ഓടെയാണ് വിമാനം താഴെയിറക്കിയത്.
വിമാനത്തിന്റെ രണ്ട് എന്‍ജിനുകളില്‍ ഒന്നിനുണ്ടായ സാങ്കേതിക തകരാറാണ് വിമാനം തിരിച്ചിറക്കുന്നത് കാരണമെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ബെംഗ്‌ളൂറിലേക്ക് അയച്ചതായും സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം ആരംഭിച്ചതായും എയര്‍ ഇന്‍ഡ്യ വക്താവ് അറിയിച്ചു.