Delay | മംഗ്ളൂറിൽ നിന്ന് അബുദബിയിലേക്കുള്ള എയർ ഇൻഡ്യ വിമാനം വൈകിയത് 12 മണിക്കൂറിലധികം! യാത്രക്കാർ നേരിട്ടത് വലിയ ദുരിതം
വിമാന കംപനികള്‍ ടികറ്റ് നിരക്ക് ഉയര്‍ത്തി യാത്രക്കാരെ ചൂഷണം ചെയ്യുന്നതായുള്ള പരാതികൾ നിലനിൽക്കെ തന്നെയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതും
കാസർകോട്: (KasargodVartha) മംഗ്ളുറു വിമാനത്താവളത്തിൽ നിന്ന് അബുദബിയിലേക്കുള്ള എയർ ഇൻഡ്യ എക്സ്പ്രസ് വിമാനം വൈകിയത് 12 മണിക്കൂറിലധികം. ബുധനാഴ്ച (ഓഗസ്റ്റ് 14) രാത്രി 8.15ന് പുറപ്പെടേണ്ട വിമാനം വ്യാഴാഴ്ച (ഓഗസ്റ്റ് 15) രാവിലെ ഒമ്പത് മണിക്ക് മാത്രമാണ് പറന്നുയർന്നത്. കാസർകോട്ട് നിന്നടക്കം നിരവധി യാത്രക്കാരാണ് ഉണ്ടായിരുന്നത്.
വിമാനം വൈകിയതിനെ തുടർന്ന് വിമാനത്താവളത്തിൽ തന്നെ കഴിയേണ്ടിവന്ന യാത്രക്കാർ വലിയ ദുരിതമാണ് നേരിട്ടതെന്ന് ഈ വിമാനത്തിൽ യാത്രക്കാരിയായിരുന്ന എരിയാലിലെ മറിയം കാസർകോട് വാർത്തയോട് പറഞ്ഞു. ഭക്ഷണം ലഭിക്കാത്തതും യാത്രക്കാരെ വലിയ പ്രയാസത്തിലാക്കി. കുട്ടികളും വയോധികരും ഉൾപ്പെടെയുള്ളവർ ദുരിതം അനുഭവിച്ചു.
വിമാനം ഒരു രാത്രി മുഴുവൻ വൈകിയിട്ടും താമസ സൗകര്യം ലഭ്യമായില്ലെന്നും പരാതിയുണ്ട്. പലർക്കും വിമാനത്താവളത്തിൽ തറയിൽ തന്നെ കിടന്നുറങ്ങേണ്ടി വന്നു. എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ഉള്ളതിനാൽ ഭൂരിഭാഗം ആളുകളും ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെ തന്നെ വിമാനത്താവളത്തിന് അകത്ത് പ്രവേശിച്ചിരുന്നു. ഇതും കൂടി കണക്കിലെടുത്താൽ 15 മണിക്കൂറോളമാണ് വിമാനത്താവളത്തിനുള്ളിൽ ഇവർക്ക് ചിലവഴിക്കേണ്ടി വന്നത്.
പ്രവർത്തനപരമായ പ്രശ്നങ്ങൾ കാരണമാണ് വിമാനം വൈകുന്നതെന്ന് മാത്രമാണ് അധികൃതർ യാത്രക്കാരെ അറിയിച്ചത്. ഓരോ മണിക്കൂറിന് ശേഷവും വിമാനം ഉടൻ പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും ഒന്നും നടന്നില്ലെന്ന് യാത്രക്കാർ പറയുന്നു. പലഘട്ടങ്ങളിലും യാത്രക്കാർ ബഹളം വെക്കുന്ന സ്ഥിതിവരെയുണ്ടായി. ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെ വിമാനത്താവളത്തിലെത്തിയ താൻ പിറ്റേദിവസം യുഎഇ സമയം 11.30 മണിയോടെയാണ് അബുദബിയിൽ വിമാനമിറങ്ങിയതെന്ന് മറിയം ദയനീയമായി വിവരിച്ചു.
വിമാന കംപനികള്‍ ടികറ്റ് നിരക്ക് ഉയര്‍ത്തി യാത്രക്കാരെ ചൂഷണം ചെയ്യുന്നതായുള്ള പരാതികൾ നിലനിൽക്കെ തന്നെയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതും. ഉയർന്ന ടികറ്റ് നിരക്ക് നൽകിയും അനുബന്ധ കാര്യങ്ങൾക്ക് വലിയ തുക ചിലവഴിച്ചും യാത്ര ചെയ്യുമ്പോൾ തന്നെ തികഞ്ഞ അനാസ്ഥയാണ് വിമാന കംപനികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നാണ് ആക്ഷേപം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ ഉണ്ടാകണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.