തോമസിന് എഐസിസിയുടെ കാരണം കാണിക്കല്‍ നോടിസ്; ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ആവശ്യം; കെ വി കോണ്‍ഗ്രസ് പാര്‍ടിയെ ഒറ്റുകൊടുത്തുവെന്ന് കെ സുധാകരന്‍
Apr 11, 2022, 19:07 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com 11.02.2022) പാര്‍ടിയുടെ വിലക്ക് ലംഘിച്ച് സിപിഎം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് കണ്ണൂരില്‍ നടന്ന സെമിനാറില്‍ പങ്കെടുത്തെന്ന കാരണത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ വി തോമസിന് എഐസിസിയുടെ കാരണം കാണിക്കല്‍ നോടിസ്. ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് എ കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയുടെ നോടിസ്.
വിലക്ക് ലംഘിച്ച കെ വി തോമസിനെതിരായ നടപടി ചര്‍ചചെയ്യാന്‍ ഡെല്‍ഹിയില്‍ ചേര്‍ന്ന എഐസിസി അച്ചടക്കസമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്. കെ വി തോമസിന്റെ മറുപടി ലഭിച്ചശേഷം മറ്റു കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്ന് എ ഐ സി സി ജെനറല്‍ സെക്രടറി താരിഖ് അന്‍വര്‍ പറഞ്ഞു
കെ വി തോമസ് കോണ്‍ഗ്രസ് പാര്‍ടിയെ ഒറ്റുകൊടുത്തയാളാണെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു. ആത്മാര്‍ഥതയുള്ള കോണ്‍ഗ്രസുകാരനാണ് കെ വി തോമസ് എങ്കില്‍ പ്രവര്‍ത്തകരുടെ വികാരത്തെ ചവിട്ടിമെതിച്ചുകൊണ്ട് സിപിഎം വേദിയില്‍ പോയി പ്രസംഗിക്കാന്‍ അദ്ദേഹത്തിനാവില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തിയിരുന്നു.
സിപിഎമിന്റെ പരിപാടിയില്‍ പങ്കെടുത്തത് കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണെന്ന് കെ വി തോമസ് തെളിയിച്ചാല്‍ അദ്ദേഹത്തിനോട് ക്ഷമപറയാനും കുമ്പസരിക്കാനും ഞങ്ങള്‍ തയാറാണ്. പാര്‍ടിയോട് വിശ്വാസവഞ്ചന കാണിച്ച, പാര്‍ടിയെ ഒറ്റുകൊടുത്ത ഒരാളായി മാത്രമേ ഇപ്പോള്‍ ഞങ്ങള്‍ക്ക് കെ വി തോമസിനെ കാണാന്‍ കഴിയുകയുള്ളൂവെന്നും കെ സുധാകരന്‍ പറഞ്ഞു.
ശനിയാഴ്ച നടന്ന സിപിഎം പാര്‍ടി കോണ്‍ഗ്രസ് സെമിനാറില്‍ കെ വി തോമസ് പങ്കെടുത്തിരുന്നു. നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സിപിഎം പരിപാടിയില്‍ പങ്കെടുത്താല്‍ നടപടി ഉണ്ടാവുമെന്ന് കെപിസിസി നേതൃത്വം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കെ വി തോമസ് സെമിനാറില്‍ പങ്കെടുക്കുകയും മുഖ്യമന്ത്രിയേയും സര്‍കാരിനേയും പുകഴ്ത്തി പ്രസംഗിക്കുകയും ചെയ്തു. താനൊരു കോണ്‍ഗ്രസുകാരനാണെന്ന് അദ്ദേഹം പ്രസംഗത്തില്‍ ആവര്‍ത്തിക്കുകയും ചെയ്തു.
വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിനെതിരേ രൂക്ഷമായ വിമര്‍ശനങ്ങളാണ് സെമിനാറിന് പിന്നാലെ കെ സുധാകരന്‍ ഉന്നയിച്ചിരുന്നത്. കെ വി തോമസ് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത ശത്രുവാണ്. കെവി തോമസ് സിപിഎമുമായി രാഷ്ട്രീയ കച്ചവടം നടത്തിയെന്നും സുധാകരന്‍ ആരോപിച്ചിരുന്നു.
അതേസമയം സെമിനാറില്‍ പങ്കെടുക്കരുതെന്ന് പറഞ്ഞ് കെ സുധാകരന്‍ ഭീഷണിപ്പെടുത്തിയെന്നും അതുകൊണ്ടാണ് താന്‍ പോയതെന്നും കഴിഞ്ഞദിവസം മാധ്യമ പ്രവര്‍ത്തകരോട് കെ വി തോമസ് പറഞ്ഞിരുന്നു. കെ സുധാകരന്‍ ഇപ്പോഴാണ് കോണ്‍ഗ്രസുകാരനായതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Keywords: AICC serves show-cause notice to KV Thomas, Sudhakaran says he betrayed the party, New Delhi, News, Top-Headlines, Congress, CPM, National, Politics.