Women Cops | ആണ്‍ വേട്ടക്കാരനെ തളക്കാന്‍ പെണ്‍പുലികള്‍; പ്രജ്വല്‍ രേവണ്ണയെ വലയിലാക്കിയത് വനിതാ പൊലീസ് സംഘം
ഐപിഎസുകാരികളായ ബെംഗ്‌ളൂറു വെസ്റ്റ് ട്രാഫിക് ഡെപ്യൂടി പൊലീസ് കമീഷണര്‍ സുമന്‍ ഡി പെന്നെക്കര്‍, മൈസൂറു ജില്ല പൊലീസ് സൂപ്രണ്ട് സീമ ലഡ്കര്‍ എന്നിവര്‍.
മുന്നിലും പിന്നിലും നിയമപാലന അധികാര നക്ഷത്ര മുദ്രയുള്ള നാരികള്‍.
ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് അതിജീവിതകളുടെ കണ്ണീര്‍ പ്രവാഹമായിരുന്നു.
ബെംഗ്‌ളൂറു: (KasargodVartha) നൂറുക്കണക്കിന് അതിജീവിതകളെ കണ്ണീര് കുടിപ്പിച്ച ജനപ്രതിനിധിയെ ബെംഗ്‌ളൂറു വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തത് മുതലുള്ള കര്‍ണാടക പൊലീസിന്റെ ഓരോ ചുവടും കാവ്യാത്മകം. വെള്ളിയാഴ്ചയുടെ പുലരിയില്‍ ഇരുട്ടിനെ തുളച്ച് ചീറിപ്പാഞ്ഞ പൊലീസ് വാഹനത്തില്‍ പ്രജ്വല്‍ രേവണ്ണ എംപിയുടെ ഇടവും വലവും പിന്നിലും ഇരുന്ന പൊലീസ് ഓഫീസര്‍മാരെ മിന്നായം പോലെ ആള്‍കൂട്ടം കണ്ടു. ഐപിഎസുകാരികളായ ബെംഗ്‌ളൂറു വെസ്റ്റ് ട്രാഫിക് ഡെപ്യൂടി പൊലീസ് കമീഷണര്‍ സുമന്‍ ഡി പെന്നെക്കര്‍, മൈസൂറു ജില്ല പൊലീസ് സൂപ്രണ്ട് സീമ ലഡ്കര്‍ എന്നിവരായിരുന്നു അവര്‍. ഇരുടെ നേതൃത്വത്തില്‍ വനിതാ പൊലീസ് സംഘവും.
വൈദ്യപരിശോധനക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴും ബെംഗ്‌ളൂറു അഡി. മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ (42) ഹാജരാക്കി എസ് ഐ ടി കസ്റ്റഡിയില്‍ വാങ്ങിയ വേളയിലും നിയമപാലന അധികാര നക്ഷത്ര മുദ്രയുള്ള നാരികള്‍ തന്നെയായിരുന്നു മുന്നിലും പിന്നിലും.
ചികമംഗ്‌ളൂറു, ഹാസന്‍ ജില്ലകളില്‍ വ്യാപിച്ച് കിടക്കുന്ന ഹാസന്‍ ലോകസഭ മണ്ഡലത്തില്‍ നിന്ന് 2019ല്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ ജെ ഡി എസ് എംപിയാവുമ്പോള്‍ പ്രജ്വല്‍ രേവണ്ണക്ക് 28 ആണ് പ്രായം. പിന്നിട്ട അഞ്ചുവര്‍ഷങ്ങളില്‍ അദ്ദേഹം നോവിച്ച അതിജീവിതകളുടെ കണ്ണീരാണ് പെന്‍ഡ്രൈവിലൂടെ പുറത്തു വന്ന അശ്ലീല ദൃശ്യങ്ങള്‍. തനിക്ക് നേരെ നടത്തി വന്ന ലൈംഗികാതിക്രമ കൈകള്‍ ഇളം പ്രായക്കാരിയായ മകളിലേക്കും നീളുന്നത് സഹിക്കാനാവാതെ, ഭാണ്ഡം മുറുക്കിയ വേലക്കാരി നല്‍കിയ പരാതിയാണ് പ്രജ്വല്‍ രേവണ്ണക്കും പിതാവ് എച് ഡി രേവണ്ണ എംഎല്‍എക്കുമെതിരെ നിലവിലുള്ളത്.
സ്വന്തം പാര്‍ടിക്കാരി, ജില്ലാ പഞ്ചായതംഗം എന്ന നിലയില്‍ പൊതുകാര്യത്തിന് പ്രജ്വലിന്റെ സഹായം തേടി ചെന്നപ്പോള്‍ സംഭവിച്ചത് ദീര്‍ഘ കുറിപ്പായി മറ്റൊരു യുവതി നല്‍കിയ പരാതിയുമുണ്ട്. മറ്റ് സന്ദര്‍ശകര്‍ പോവുംവരെ കാത്തിരുത്തിയശേഷം എംപി ഓഫീസ് കെട്ടിടത്തിലെ മുറി അകത്തുനിന്ന് കുറ്റിയിട്ട്, ലോക്‌സഭാംഗം നടത്തിയ അതിക്രൂര ലൈംഗികാതിക്രമങ്ങളാണ് പരാതിയില്‍ വിവരിച്ചത്.
പീഡന പരാതി അറിയിക്കാന്‍ എസ്‌ഐടി തുറന്ന ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് അതിജീവിതകളുടെ കണ്ണീര്‍ പ്രവാഹം തന്നെയുണ്ടായി. എന്നാല്‍ രേഖാമൂലം പരാതി നല്‍കാനുള്ള ധൈര്യം അവര്‍ക്കില്ലെന്നത് അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നു. അതിജീവിതകളല്ല അധികാരമുള്ള വിഭാഗമാണ് സ്ത്രീകള്‍ എന്ന സന്ദേശം നല്‍കുക കൂടിയാണ് വനിതകളെ മുന്നില്‍ നിറുത്താന്‍ കാരണമെന്ന് ആഭ്യന്തര മന്ത്രി ഡോ. ജി പരമേശ്വര പറഞ്ഞു.