Independence Day | ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ കുറിച്ചുള്ള 6 വസ്തുതകള്‍ അറിയാം
ന്യൂഡെല്‍ഹി: (KasargodVartha) രാജ്യം 77 ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ പോവുകയാണ്. അതിനുള്ള തയാറെടുപ്പുകളെല്ലാം തലസ്ഥാന നഗരിയില്‍ നടത്തിക്കഴിഞ്ഞു. 200 വര്‍ഷത്തിലേറെ നീണ്ട ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തില്‍ നിന്ന് 1947 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യം നേടി. സ്വാതന്ത്ര്യ സമര സേനാനികളുടെ അപാരമായ ധൈര്യവും ത്യാഗവും കൊണ്ടാണ് നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം നേടാനായത്. ഒരുപാട് പേര്‍ക്ക് സ്വാതന്ത്ര്യം നേടാനുള്ള പോരാട്ടത്തിനിടെ ജീവന്‍ നഷ്ടമായിട്ടുണ്ട്.
ബ്രിട്ടീഷുകാരെ പൂര്‍ണമായും തുടച്ചുനീക്കാനുള്ള യുദ്ധത്തില്‍ സമൂഹത്തിന്റെ താഴേക്കിടയിലുള്ളവര്‍ മുതല്‍ വലിയ നേതാക്കളും ഉണ്ടായിരുന്നു. ബ്രിട്ടീഷുകാരുടെ ആധിപത്യത്തിന് തുടക്കം കുറിച്ച 1757 ലെ പ്ലാസി യുദ്ധം മുതല്‍ ആരംഭിച്ച് 1857ലെ ശിപായി ലഹളയും 1947 ലെ ഐതിഹാസികമായ സ്വാതന്ത്ര്യ പ്രഖ്യാപനവും എല്ലാം ഓരോ ഭാരതീയന്റെയും രാജ്യത്തോട് ചേര്‍ത്തു നിര്‍ത്തുന്ന ഓര്‍മകളാണ്. മറ്റൊരു സ്വാതന്ത്ര്യ ദിനം കൂടി അടുത്തെത്തി നില്‍ക്കുമ്പോള്‍ സ്വാതന്ത്ര്യ ദിനത്തെക്കുറിച്ചും അതിന്റെ പ്രത്യേകതകളെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കേണ്ടതാണ്.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം ചരിത്ര പുസ്തകങ്ങളില്‍ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും, ഈ മഹത്തായ സ്വാതന്ത്ര്യം നേടിയെടുക്കാന്‍ എടുത്ത ത്യാഗവും പ്രയത്നവും ഓര്‍ക്കാന്‍ ഇന്നത്തെ തലമുറ സമയം കണ്ടെത്താറില്ല. എന്നാല്‍ നമ്മുടെ മാതൃരാജ്യത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട ഈ ആറ് വസ്തുതകള്‍ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.
1. ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന മറ്റ് അഞ്ച് രാജ്യങ്ങള്‍ കൂടി ഉണ്ട്. ബഹ്റൈന്‍, ഉത്തര കൊറിയ, ദക്ഷിണ കൊറിയ, കോംഗോ, ലിച്ചെന്‍സ്‌റ്റൈന്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് ആഗസ്റ്റ് 15 ന് ഇന്ത്യയും സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. വ്യത്യസ്ത വര്‍ഷങ്ങളിലാണ് മറ്റു രാജ്യങ്ങള്‍ സ്വതന്ത്രമായത് എന്ന് മാത്രം. പാകിസ്താന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത് ഓഗസ്റ്റ് 14 ന് ആണ്.
2. ഇന്ത്യയുടെ ആദ്യകാല അനൗദ്യോഗിക പതാകകളിലൊന്നാണ് കൊല്‍ക്കത്ത പതാക. ബംഗാള്‍ വിഭജനത്തിനെതിരെ 1906 ആഗസ്ത് 7 ന് കൊല്‍ക്കത്തയിലെ പാഴ്സി ബഗാന്‍ ചത്വരത്തില്‍ നടന്ന പ്രതിഷേധപ്രകടനത്തില്‍ സചിന്ദ്രപ്രസാദ് ബോസാണ് ഈ ത്രിവര്‍ണ്ണ പതാക ആദ്യമായി നിവര്‍ത്തിയത്.
3. 1947 ജൂലൈ 22-ന് കൂടിയ ഭരണഘടനാ സമിതിയുടെ പ്രത്യേക സമ്മേളനമാണ് ഇന്ത്യയുടെ ദേശീയ പതാക ഇന്നത്തെ രൂപത്തില്‍ അംഗീകരിച്ചത്. സ്വയംഭരണ ഇന്ത്യയുടെ ദേശീയപതാകയായി 1947 ഓഗസ്റ്റ് 15 മുതല്‍ 1950 ജനുവരി 26 വരേയും, അതിനുശേഷം സ്വതന്ത്ര ഇന്ത്യയുടേയും ദേശീയ പതാകയായി ഇത് മാറി. ഈ പതാകയില്‍ തിരശ്ചീനമായി മുകളില്‍ കേസരി (കുങ്കുമ നിറം), നടുക്ക് വെള്ളയും, താഴെ പച്ചയും നിറങ്ങളാണ് ഉള്ളത്. മദ്ധ്യത്തിലായി നാവികനീല നിറമുള്ള 24 ആരങ്ങള്‍ ഉള്ള അശോക ചക്രവും ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.
4. 1857ല്‍ മംഗള്‍ പാണ്ഡെയുടെ നേതൃത്വത്തില്‍ നടന്ന ശിപായി ലഹളയോടെയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം ആരംഭിച്ചത്. ഝാന്‍സിയിലെ റാണി ലക്ഷ്മി ബായി, താന്ത്യ തോപ്പെ, ബഹദൂര്‍ ഷാ സഫര്‍, നാനാ സാഹിബ് എന്നിവര്‍ ബ്രിട്ടീഷ് സൈന്യത്തിനെതിരെ നടത്തിയ 1857 ലെ കലാപത്തിന് നേതൃത്വം നല്‍കി.
5.1900കളുടെ തുടക്കത്തില്‍, ജെആര്‍ഡി ടാറ്റയ്‌ക്കൊപ്പം ബാലഗംഗാധര തിലകും, സ്വദേശി ഉല്‍പ്പന്നങ്ങള്‍ക്ക് അനുകൂലമായും വിദേശ വസ്തുക്കള്‍ ബഹിഷ്‌കരിച്ചും ബോംബെ സ്വദേശി കോ-ഓപ് സ്റ്റോഴ്‌സ് കമ്പനി ലിമിറ്റഡ് രൂപീകരിച്ചു. ഇന്ന് ബോംബെ സ്റ്റോര്‍ എന്നാണ് ഈ കട അറിയപ്പെടുന്നത്.
6. ബ്രിട്ടീഷ് അഭിഭാഷകനും ലോ ലോര്‍ഡുമായ സിറില്‍ ജോണ്‍ റാഡ് ക്ലിഫാണ് ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള അതിര്‍ത്തി വരച്ചത്. സിന്ധു നദിയില്‍ നിന്നാണ് ഇന്ത്യ എന്ന പേര് ഉരുത്തിരിഞ്ഞത്, നദിയുടെ പോഷകനദികള്‍ക്കിടയില്‍ തഴച്ചുവളര്‍ന്ന മഹത്തായ സിന്ധുനദീതട സംസ്‌കാരത്തിന്റെ സാക്ഷ്യം വഹിക്കുന്നു.