Remembrance | രാജേന്ദ്ര പ്രസാദ് വിടവാങ്ങിയിട്ട് 62 വർഷം; ജനമനസ്സുകളിലെ ബീഹാർ ഗാന്ധി

● ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതിയായ വ്യക്തിയും തുടർച്ചയായ രണ്ടുതവണ രാഷ്ട്രപതിയായ ഏക വ്യക്തിയുമാണ് ഡോ. രാജേന്ദ്രപ്രസാദ്.
● ബീഹാറിലെ ചമ്പാരനിലെ നീലം കർഷകരുടെ സമരത്തിൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരം പ്രവർത്തിച്ചതിനെ തുടർന്നാണ് ബീഹാർ ഗാന്ധി എന്ന പേര് ലഭിച്ചത്.
● നിസ്സഹകരണസമരം പ്രഖ്യാപിച്ചപ്പോൾ ഔദ്യോഗിക ജീവിതം ഉപേക്ഷിച്ച് മുഴുവൻ സമയ സ്വാതന്ത്ര്യ സമര പോരാളിയായി.
● 1962-ൽ അദ്ദേഹത്തിന് ഭാരതരത്ന പുരസ്കാരം ലഭിച്ചു.
(KasargodVartha) സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതിയും സ്വാതന്ത്ര്യ സമര പോരാളിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷനുമായിരുന്ന ഡോ. രാജേന്ദ്രപ്രസാദ് വിടവാങ്ങിയിട്ട് 62 വർഷം. ഇന്ത്യയുടെ ഭരണഘടന നിർമ്മാണ സമിതിയുടെ പ്രസിഡണ്ട് ആയിരുന്ന ഇദ്ദേഹത്തിന്റെ ജന്മദിനം അഡ്വക്കേറ്റ് ദിനം ആയിട്ടാണ് ഇന്ത്യയിൽ ആചരിക്കുന്നത്. ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതിയായിരുന്നയാളാണ് ഇദ്ദേഹം. തുടർച്ചയായ രണ്ടുതവണ രാഷ്ട്രപതിയായ ഏക വ്യക്തി കൂടിയാണ്.
കേന്ദ്രത്തിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു മന്ത്രിസഭയിൽ കൃഷി, ഭക്ഷ്യവകുപ്പുമന്ത്രിയായശേഷം രാഷ്ട്രപതിയായ വ്യക്തിയാണിദ്ദേഹം. രാഷ്ട്രീയ പ്രവർത്തകനായും അഭിഭാഷകനായും സ്വാതന്ത്ര്യ സമര സേനാനിയായും ഇന്ത്യൻ പൊതുസമൂഹത്തിൽ സജീവ സാന്നിദ്ധ്യമായിരുന്ന ഇദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെയാണ് രാഷ്ട്രീയ രംഗത്ത് എത്തുന്നത്. ബീഹാർ ഗാന്ധി എന്ന അപരനാമധേയത്തിൽ അറിയപ്പെടുന്നു. 1962-ൽ അദ്ദേഹത്തിന് ഭാരതരത്ന പുരസ്കാരം ലഭിച്ചു.
ബീഹാറിലെ സീവാൻ ജില്ലയിലെ സെരാദെയ് എന്ന സ്ഥലത്ത് 1884 ഡിസംബർ 3-നാണ് രാജേന്ദ്രപ്രസാദ് ജനിച്ചത്. പഠനസമയത്ത് 1906ൽ കൽക്കട്ടയിൽ നടന്ന കോൺഗ്രസ് സമ്മേളന സമയത്ത് വളണ്ടിയറായി പ്രവർത്തിച്ചു കൊണ്ടാണ് ഇന്ത്യൻ സ്വാതന്ത്ര സമരത്തിലേക്ക് അദ്ദേഹം ചുവട് വെച്ചത്. 1911 ലാണ് അദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗമാകുന്നത്. 1916ലാണ് ഇദേഹം മഹാത്മാഗാന്ധിയെ കണ്ടുമുട്ടുന്നത്.
ബീഹാറിലെ ചമ്പാരനിൻ നീലം കർഷകരുടെ സമരത്തിൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരം അദേഹം പ്രവർത്തിച്ചു. ഇതിന് തുടർന്നാണ് ബീഹാർ ഗാന്ധി എന്ന പേര് അദ്ദേഹത്തിന് വരുന്നത്. പിന്നീട് നിസ്സഹകരണസമരം 1920ൽ പ്രഖ്യാപിച്ചപ്പോൾ ഔദ്യോഗിക ജീവിതം ഉപേക്ഷിച്ച് മുഴുവൻ സമയ സ്വാതന്ത്ര്യ സമര പോരാളിയായി.
വിദേശവിദ്യാഭ്യാസം ബഹിഷ്ക്കരിക്കാൻ ഗാന്ധിജി ആവശ്യപ്പെട്ട സമയത്ത് വിദേശത്ത് പഠിക്കുകയായിരുന്ന മകൻ മൃത്യുജ്ഞയ പ്രസാദിനെ തിരിച്ചുവിളിച്ച് അദ്ദേഹം ബീഹാർ വിദ്യാപീഠത്തിൽ ചേർക്കുകയും ഉണ്ടായി. ദുരിതമനുഭവിക്കുന്ന ജനങ്ങളോട് അങ്ങേയറ്റം അനുകമ്പ പുലർത്തിയിരുന്ന പ്രതിബദ്ധത കാട്ടിയിരുന്ന രാജേന്ദ്രപ്രസാദ്.
1914ലെ ബീഹാർ- ബംഗാൾ വെള്ളപ്പൊക്കത്തിലും മുപ്പത്തിനാലിൽ ബീഹാറിലുണ്ടാ ഭൂകമ്പ സമയത്തും 1935ൽ ക്വെറ്റയിൽ ഭൂകമ്പമുണ്ടായപ്പോഴും നേരിട്ടും സന്നദ്ധ സംഘടനകൾ വഴിയും ദുരിതനുഭവിച്ചവരെ സഹായിക്കാനായി നിരവധി പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്.
1934ലെ ബോംബെ സമ്മേളനത്തിലാണ് അദേഹത്തെ ഇന്ത്യൻ നാഷനൽ കോൺഗ്രസിൻ്റെ അധ്യക്ഷനായി തെരഞ്ഞെടുത്തു. 1939 ൽ സുഭാഷ് ചന്ദ്രബോസ് രാജിവച്ചപ്പോഴും അദേഹം കോൺഗ്രസ് അധ്യക്ഷനായി തുടർന്നു. 1947 നവംബറിൽ ജെ.ബി കൃപലാനി രാജിവച്ചപ്പോൾ രാജേന്ദ്രപ്രസാദ് വീണ്ടും കോൺഗ്രസ് അധ്യക്ഷനായി.
ക്വിറ്റ് ഇന്ത്യ സമരത്തെ തുടർന്ന് അറസ്റ്റ് ചെയ്ത് ബങ്കിപ്പൂർ സെൻറട്രൽ ജയിലിലടച്ചു. ഏകദേശം മൂന്ന് വർഷത്തോളമുള്ള ജയിൽ ശിക്ഷക്ക് ശേഷം 1945 ജൂണിൽ അദേഹം മോചിതനായി. 1946ൽ ജവഹർലാൽ നെഹ്റുവിൻ്റെ നേതൃത്വത്തിൽ വന്ന ഇടക്കാല സർക്കാറിൽ രാജേന്ദ്രപ്രസാദുമുണ്ടായിരുന്നു. കോൺസ്റ്റിറ്റ്യൂഷൻ അസംബ്ലിയിയുടെ അധ്യക്ഷനായും അദേഹത്തെ തെരഞ്ഞെടുത്തു. ഈ അസംബ്ലിയാണ് പിന്നീട് ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത്.
1951ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം ഇദേഹത്തെ ഇലക്ട്രൽ കോളേജ് ചേർന്ന് പ്രസിഡൻറായി തെരഞ്ഞെടുത്തു. 1957ൽ അദ്ദേഹത്തെ വീണ്ടും രാഷ്ട്രപതിയായി തെരഞ്ഞെടുത്തു. രണ്ട് തവണ ഇന്ത്യൻ രാഷ്ട്രപതിയാകുന്ന ഏക വ്യക്തിയും ഡോ. രാജേന്ദ്ര പ്രസാദാണ്. 1962 മെയ് പതിനാലിന് രാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞ് അദ്ദേഹം പാട്നയിലേക്ക് മടങ്ങി. നിരവധി ആധികാരിക പഠന ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള ഡോക്ടർ രാജേന്ദ്രപ്രസാദ് 1963 ഫെബ്രുവരി 28ന് 79 വയസ്സിൽ പാറ്റ്നയിൽ വെച്ച് അന്തരിച്ചു.
ഈ വാർത്ത എല്ലാവരുമായി പങ്കുവെക്കുക. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
62nd death anniversary of Dr. Rajendra Prasad, India's first President and freedom fighter. Known as 'Bihar Gandhi', he played a key role in the independence movement and constitution making.
#RajendraPrasad, #India, #FreedomFighter, #President, #BiharGandhi, #DeathAnniversary