Childrens Killed | 'ഭർത്താവുമായി വഴക്കിട്ട് യുവതി 6 കുട്ടികളെ കിണറ്റിലേക്ക് എറിഞ്ഞു കൊലപ്പെടുത്തി'; കുട്ടികളെ കാണാനില്ലെന്ന് പരാതി നൽകാൻ പിന്നീട് പൊലീസ് സ്‌റ്റേഷനിലെത്തി!
മുംബൈ: (www.kasargodvartha.com) ഭാര്യാഭർത്താക്കന്മാർ വഴക്കിടുന്നത് പതിവാണ്. എന്നാൽ ചിലപ്പോൾ ഈ ചെറിയ വഴക്ക് വളരെ ഗുരുതരമായിരിക്കും. മഹാരാഷ്ട്രയിലെ റായ്ഗഡിൽ നിന്നാണ് ഇത്തരമൊരു സംഭവം പുറത്തുവന്നിരിക്കുന്നത്. മഹദ് താലൂകിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു സ്ത്രീ തന്റെ ആറ് മക്കളെ കിണറ്റിലേക്ക് എറിഞ്ഞു കൊലപ്പെടുത്തിയതായി മുംബൈ പൊലീസ് പറഞ്ഞു. മുങ്ങിമരിച്ച കുട്ടികൾ 18 മാസത്തിനും 10 വയസിനും ഇടയിൽ പ്രായമുള്ളവരാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു
പിന്നീട് കുട്ടികളെ കാണാനില്ലെന്ന് പരാതി നൽകാൻ യുവതി പൊലീസ് സ്‌റ്റേഷനിലെത്തിയെങ്കിലും അന്വേഷണത്തിൽ അവരെ കൊലപ്പെടുത്തിയതാണെന്ന് മനസിലായതായി പൊലീസ് അറിയിച്ചു. ഉത്തർപ്രദേശ് സ്വദേശിനിയായ റൂണ സഹാനി എന്ന യുവതിയാണ് കടുംകൈ ചെയ്തതെന്നും കൊലപാതക കുറ്റത്തിന് ഇവരെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
നാട്ടുകാരുടെ സഹായത്തോടെ പൊലീസ് എല്ലാ കുട്ടികളുടെയും മൃതദേഹങ്ങൾ പുറത്തെടുത്തു. സ്ഥലം എംഎൽഎ ഭരത് ഗോഗവാലെ സംഭവസ്ഥലം സന്ദർശിച്ച് ഇക്കാര്യത്തിൽ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകി. വൈകുന്നേരം കളിക്കാൻ പോയ കുട്ടികൾ പിന്നീട് മടങ്ങിയെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു.
ഉത്തർപ്രദേശിൽ നിന്നുള്ള കുടുംബം ജോലിയുമായി ബന്ധപ്പെട്ടാണ് മഹദിൽ സ്ഥിരതാമസമാക്കിയത്. യുവതി ഭർത്താവുമായി വഴക്കുണ്ടാക്കിയെന്നും ദേഷ്യം കൊണ്ടാണ് അവർ അങ്ങനെ ചെയ്തതെന്നും നാട്ടുകാർ പറഞ്ഞു. എന്നാൽ, ഇവരുടെ വഴക്കിന് പിന്നിലെ കാരണം കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.