Tragedy | കടുത്ത ചൂടില്‍ തളര്‍ന്നുവീണു; ചെന്നൈയില്‍ വ്യോമസേനയുടെ എയര്‍ ഷോ കാണാനെത്തിയ 4 പേര്‍ക്ക് ദാരുണാന്ത്യം
● നൂറോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍.
● പങ്കെടുത്തത് 13 ലക്ഷത്തിലേറെപ്പേര്‍.
● ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംനേടി.
ചെന്നൈ: (KasargodVartha) ഇന്ത്യന്‍ വ്യോമസേനയുടെ (Indian Air Force -IAF)) വാര്‍ഷികത്തിന്റെ ഭാഗമായി മറീന ബീച്ചില്‍ (Marina Beach) സംഘടിപ്പിച്ച എയര്‍ ഷോ കാണാനെത്തിയ നാലുപേര്‍ കടുത്ത ചൂടില്‍ തളര്‍ന്നു വീണു മരിച്ചു. സ്ഥലത്തെത്തിയ 20 ലധികം പേര്‍ ബോധരഹിതരാകുകയും ചെയ്തതായി വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വെയിലില്‍ തളര്‍ന്നുവീണ 60 വയസ്സുകാരനാണ് ആദ്യം മരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നുപേര്‍ കൂടി പിന്നാലെ മരിച്ചു. നൂറോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണെന്ന് ദ ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്തു.
എയര്‍ ഷോ കാണാനായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍, മന്ത്രി ദുരൈമുരുകന്‍ എന്നിവരും എത്തിയിരുന്നു. 13 ലക്ഷത്തിലധികം കാണികളാണ് എയര്‍ ഷോ കാണാന്‍ മറീനയിലേക്ക് ഒഴുകിയെത്തിയത്. പൊതുഅവധി ദിവസം കൂടിയായിരുന്നതിനാല്‍ മറീനയിലേക്ക് ജനം എത്തി. എന്നാല്‍, പരിപാടിക്ക് പിന്നാലെ ആളുകള്‍ സ്ഥലം വിടാന്‍ ശ്രമിച്ചതോടെ ട്രാഫിക് ഉദ്യോഗസ്ഥര്‍ തിരക്ക് നിയന്ത്രിക്കാന്‍ വളരെ കഷ്ടപ്പെട്ടു
ഏറ്റവും കൂടുതല്‍ പേര്‍ കണ്ട വ്യോമാഭ്യാസ പ്രകടനം എന്ന റെക്കോര്‍ഡോടെയാണ് വ്യോമസേനാ വാര്‍ഷികത്തിന്റെ ഭാഗമായ എയര്‍ ഷോ അവസാനിച്ചത്. എക്കാലത്തെയും വലിയ എയര്‍ ഷോ ജനക്കൂട്ടമായി മാറിയതോടെ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംനേടിയെന്നും അധികൃതര്‍ അറിയിച്ചു.
#ChennaiAirShow #Tragedy #India #AirForce #Stampede #RIP