city-gold-ad-for-blogger
Aster MIMS 10/10/2023

ശിവമോഗയിലെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊലപാതകം: 12 പേര്‍ കസ്റ്റഡിയില്‍; സമാധാനത്തിനും ശാന്തിക്കും വേണ്ടി അഭ്യര്‍ഥിച്ച് മന്ത്രി

ശിവമോഗ: (www.kasargodvartha.com 22.02.2022) കര്‍ണാടകയിലെ ശിവമോഗയില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനായ ഹര്‍ഷയെ കൊലപ്പെടുത്തിയെന്ന കേസില്‍ 12 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവര്‍ക്ക് സംഭവവുമായി ബന്ധമുണ്ടെങ്കില്‍ അവരെയും അറസ്റ്റ് ചെയ്യുമെന്നും ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ചൊവ്വാഴ്ച പറഞ്ഞു.
       
ശിവമോഗയിലെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊലപാതകം: 12 പേര്‍ കസ്റ്റഡിയില്‍; സമാധാനത്തിനും ശാന്തിക്കും വേണ്ടി അഭ്യര്‍ഥിച്ച് മന്ത്രി

ശിവമോഗ സ്വദേശികളായ ഖാസിഫ് (30), സയിദ് നദീം (20) എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പെടുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഞായറാഴ്ച രാത്രി നഗരത്തിലെ ഭാരതി നഗറില്‍ വച്ചാണ് ഹര്‍ഷയെ (28) കാറിലെത്തിയ ഒരു സംഘം മാരകായുധങ്ങളുമായി കുത്തിയത്.

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്.

ഹിജാബ് വിവാദം, മതസംഘടനകളുടെ പങ്ക്, ധനസഹായം, വാഹനം നല്‍കിയത് ആര് എന്നിങ്ങനെ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ജ്ഞാനേന്ദ്ര ബെന്‍ഗ്ലൂറില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സമാധാനത്തിനും ശാന്തതയ്ക്കും വേണ്ടി അഭ്യര്‍ഥിച്ച മന്ത്രി, സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

'പൊലീസ് അവരുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിച്ചു. സമാധാനം തകര്‍ക്കാന്‍ ഇട നല്‍കരുതെന്ന് ജനങ്ങളോട് അഭ്യര്‍ഥിക്കുന്നു. കുറ്റവാളികളെ സര്‍കാര്‍ തീര്‍ച്ചയായും അറസ്റ്റ് ചെയ്യുകയും ഉചിതമായ ശിക്ഷ നല്‍കുകയും ചെയ്യും എന്നും മന്ത്രി വ്യക്തമാക്കി.

മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ശിവമോഗയില്‍ ക്യാംപ് ചെയ്തിട്ടുണ്ടെന്നും അന്വേഷണ സംഘത്തിന് പ്രത്യേക മാര്‍ഗനിര്‍ദേശം നല്‍കുന്നുണ്ടെന്നും ജ്ഞാനേന്ദ്ര പറഞ്ഞു. കല്ലേറില്‍ ഉള്‍പെട്ടവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. തിങ്കളാഴ്ച നടന്ന ശവസംസ്‌കാര ചടങ്ങിനിടെ നഗരത്തില്‍ അക്രമം, തീവെപ്പ്, കല്ലേറ്, വസ്തുവകകള്‍ നശിപ്പിക്കല്‍ എന്നിവ അരങ്ങേറി. ഒരു ഫോടോ ജേണലിസ്റ്റും ഒരു പൊലീസുകാരിയും ഉള്‍പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നിരവധി ഇരുചക്രവാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും കത്തിക്കുകയും ചെയ്തു.

ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്ത് വെടിയുതിര്‍ത്തും ലാത്തി ചാര്‍ജ് നടത്തിയും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിച്ചു. ശവസംസ്‌കാര ഘോഷയാത്രയ്ക്കും അന്തിമ ചടങ്ങുകള്‍ക്കും വഴിയൊരുക്കി.

കര്‍ണാടക മന്ത്രി കെ എസ് ഈശ്വരപ്പയും കേന്ദ്ര സഹമന്ത്രി ശോഭ കരന്ദ്‌ലാജെയും ഉള്‍പെടെയുള്ള ഏതാനും ബി ജെ പി നേതാക്കള്‍ ഹര്‍ഷയുടെ കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് അവകാശപ്പെടുകയും എന്‍ ഐ എ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം ശിവമോഗയില്‍ ഹര്‍ഷ കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ കുടിപ്പകയെന്ന് ശിവമോഗ ജില്ലാ പൊലീസ് സൂപ്രണ്ട് ബി എം ലക്ഷ്മിപ്രസാദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംഭവത്തില്‍ ശിവമോഗ ബുദ്ധ നഗര്‍ സ്വദേശി ഖസിഫ്(30), ജെ പി നഗറിലെ സെയ്ദ് നദീം (20)എന്നിവരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം പറഞ്ഞു.

ഇവരില്‍ ഒരാളും ഹര്‍ഷയും തമ്മില്‍ ആറു മാസം മുമ്പ് വാക്കേറ്റവും കൈയാങ്കളിയുമുണ്ടായിരുന്നുവെന്നും ഇതിന്റെ പകവീട്ടിയതാണ് എന്നുമാണ് അറസ്റ്റിലായവരില്‍ നിന്ന് ലഭിക്കുന്ന സൂചനയെന്നും അദ്ദേഹം അറിയിച്ചു. അഞ്ചുപേരുടെ സംഘമാണ് കൃത്യം ചെയ്തതെന്നാണ് പ്രാഥമിക വിവരം. മൂന്നുപേര്‍ പൊലീസ് വലയിലാണ്. പ്രതികള്‍ക്ക് ഏതെങ്കിലും സംഘടനയുമായി ബന്ധമുള്ളതായി ഇതുവരെ വിവരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൊലപാതകത്തിനു ശേഷം തളഗുപ്പ-ബെന്‍ഗ്ലൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ ബെന്‍ഗ്ലൂറിലേക്കാണ് അറസ്റ്റിലായ പ്രതികള്‍ പോയതെന്നും എസ് പി പറഞ്ഞു. സംഭവത്തിന് പിന്നില്‍ മയക്കുമരുന്നിന്റെ സ്വാധീനം പൊലീസ് തള്ളിക്കളയുന്നില്ല. ആ ദിശയിലേക്കും അന്വേഷണം വ്യാപിപ്പിക്കും. കൃത്യം ചെയ്തപ്പോള്‍ പ്രതികള്‍ ലഹരിയിലായിരുന്നു എന്നും ചോദ്യം ചെയ്യലില്‍ പറഞ്ഞതായും എസ് പി പറഞ്ഞു.

എന്നാല്‍ മെഡികല്‍ പരിശോധനാ ഫലം ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൃത്യത ഉണ്ടാവുകയുള്ളൂ. കൊല്ലപ്പെട്ട ഹര്‍ഷ കാലിക്കടത്ത് തടയുന്ന ഗോസുരക്ഷാ സേനയിലെ സജീവ അംഗമായിരുന്നു എന്നും എസ് പി പറഞ്ഞു.

കൊലപാതകം ഹിജാബ് പ്രശ്‌നവുമായി ബന്ധിപ്പിക്കാനും പിന്നില്‍ എസ് ഡി പി ഐയാണെന്ന് സ്ഥാപിക്കാനും ബി ജെ പിയിലെ ഒരു വിഭാഗം നടത്തുന്ന ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിരിക്കയാണ് പൊലീസിന്റെ കണ്ടെത്തല്‍.

Keywords:  28 year-old Bajrang Dal activist's murder: 12 detained so far in Shivamogga, Karnataka, Politics, Religion, Police, Top-Headlines, National, News.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL